പുണെ വീണ്ടും തോറ്റു

പുണെ: ഐ.പി.എല്ലിലെ പുതുമുഖക്കാരായ പുണെ സൂപ്പര്‍ ജയന്‍റ്സിന് തുടര്‍ച്ചയായ നാലാം തോല്‍വി. അവസാന ഓവര്‍ വരെ ആവേശം മാറിമറിഞ്ഞ മത്സരത്തില്‍ രണ്ടു വിക്കറ്റ് ജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോയന്‍റ് പട്ടികയില്‍ ഒന്നാമതത്തെി.
ആദ്യ ബാറ്റുചെയ്ത പുണെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ രണ്ടു വിക്കറ്റ് ബാക്കിനില്‍ക്കെ കൊല്‍ക്കത്ത വിജയം കണ്ടു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട പുണെക്ക് ഓപണര്‍ ഫാഫ് ഡുപ്ളെസിസിനെ (4) നാലാം ഓവറില്‍തന്നെ നഷ്ടമായിരുന്നു. രണ്ടാം വിക്കറ്റില്‍ അജിന്‍ക്യ രഹാനെയും (52 പന്തില്‍ 67) സ്റ്റീവന്‍ സ്മിത്തും (28 പന്തില്‍ 31) ചേര്‍ന്നാണ് ധോണിപ്പടയെ കരകയറ്റിയത്. രണ്ടാം വിക്കറ്റിലെ കൂട്ടുകെട്ട് 80 റണ്‍സില്‍ വഴിപിരിഞ്ഞെങ്കിലും പിടിച്ചുനിന്ന രഹാനെ സ്കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. തിസാര പെരേരയും (12) ആല്‍ബി മോര്‍ക്കലും (16) എം.എസ്. ധോണിയും (23 നേട്ടൗട്ട്) നടത്തിയ പോരാട്ടത്തിലൂടെയാണ് സ്കോര്‍ 160ലത്തെിയത്.
മറുപടിയില്‍ കൊല്‍ക്കത്തയും തകര്‍ച്ചയോടെയാണ് തുടങ്ങിയത്. റോബിന്‍ ഉത്തപ്പ (0) ആദ്യ പന്തില്‍ മടങ്ങി. തൊട്ടുപിന്നാലെ ഗൗതം ഗംഭീറും (11), ഷാകിബുല്‍ ഹസനും (3) മടങ്ങി. എന്നാല്‍, വിക്കറ്റുകള്‍ വീഴുമ്പോഴും പൊരുതിയ സൂര്യകുമാര്‍ യാദവിന് (60), യൂസുഫ് പത്താന്‍ (36) പിന്തുണയുമായി പിടിച്ചുനിന്നു. ആന്ദ്രെ റസല്‍ (17), ആര്‍. സതീഷ് (10) എന്നിവര്‍ എളുപ്പം മടങ്ങിയപ്പോള്‍ കൊല്‍ക്കത്തക്കാര്‍ പ്രതിരോധത്തിലായി. അവസാന ഓവറില്‍ കളികൈവിടുമെന്ന ഘട്ടത്തില്‍ സിക്സര്‍ പറത്തി ഉമേഷ് യാദവാണ് (രണ്ടുപന്തില്‍ 7) വിജയം സമ്മാനിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.