കൊല്‍ക്കത്തക്കെതിരെ മുംബൈക്ക് ആറു വിക്കറ്റ് ജയം

മുംബൈ: കീറണ്‍ പൊള്ളാര്‍ഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും കലിയിളകിയപ്പോള്‍ ഐ.പി. എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് മിന്നുന്ന ജയം. സ്കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ചുവിക്കറ്റിന് 174. മുംബൈ 18 ഓവറില്‍ നാലിന് 178. ജയത്തോടെ പോയന്‍റ് പട്ടികയില്‍ മുംബൈ മൂന്നാമതത്തെി.
വെറും 17 പന്തില്‍ പുറത്താകാതെ 51 റണ്‍സെടുത്ത കീറണ്‍ പൊള്ളാര്‍ഡിന്‍െറ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈ ജയം അനായാസമാക്കിയത്. ആറു പടുകൂറ്റന്‍ സിക്സറുകളും രണ്ടു ഫോറുമാണ് പൊള്ളാര്‍ഡിന്‍െറ ബാറ്റില്‍നിന്ന് അതിര്‍ത്തി ലക്ഷ്യമാക്കി പാഞ്ഞത്. 49 പന്തില്‍ 68 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പുറത്താകാതെ നിന്നു. അമ്പാട്ടി റായിഡു 32 റണ്‍സെടുത്തു പുറത്തായി.
ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്‍െറ അര്‍ധസെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് കൊല്‍ക്കത്ത അഞ്ചു വിക്കറ്റ് നഷ്ടത്തില്‍174 റണ്‍സെടുത്തത്. 45 പന്തില്‍ ആറു ഫോറും ഒരു സിക്സും സഹിതം 59 റണ്‍സെടുത്ത ഗംഭീര്‍ ഒന്നാം വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയുമൊത്ത് (20 പന്തില്‍ 36) 7.4 ഓവറില്‍ 69 റണ്‍സ് ചേര്‍ത്തു.
ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വാംഖഡെയില്‍ രണ്ടാമത് ബാറ്റു ചെയ്യുന്നവര്‍ക്കൊപ്പമാണ് വിജയമെന്ന വിശ്വാസത്തെ കൂട്ടുപിടിച്ചു. എന്നാല്‍, മുംബൈ ബൗളിങ് നിരയെ കടന്നാക്രമിച്ച ഗംഭീര്‍-ഉത്തപ്പ സഖ്യം റണ്‍നിരക്ക് അതിവേഗം ഉയര്‍ത്തി. മുബൈയുടെ മുന്‍നിര ബൗളര്‍മാരെല്ലാം തല്ലുവാങ്ങി.
ഹര്‍ഭജന്‍െറ ഓവറില്‍ സ്റ്റംപിങ്ങില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഉത്തപ്പ ഒടുവില്‍ ഹര്‍ഭജനുതന്നെ കീഴടങ്ങിയതോടെയാണ് മുംബൈ ക്യാമ്പില്‍ ശ്വാസം നേരെവീണത്. ഹര്‍ഭജനെ സിക്സറിനു പറത്താനുള്ള ഉത്തപ്പയുടെ ശ്രമം ലോങ് ഓണില്‍ കീറണ്‍ പൊള്ളാര്‍ഡിന്‍െറ കൈകളില്‍ അവസാനിച്ചു. മൂന്നാമനായി ക്രീസിലത്തെിയ ഷാക്കിബ് അല്‍ ഹസന്‍ (6) വന്നപോലെ മടങ്ങി. 14ാമത്തെ ഓവറില്‍ സ്കോര്‍ ബോര്‍ഡ് 121ല്‍ നില്‍ക്കെ ഗംഭീറിനെ മക്ളെനാഗന്‍ മടക്കി. പിന്നീട് സൂര്യകുമാര്‍ യാദവ് (21), ആന്ദ്രെ റസ്സല്‍ (22) എന്നിവര്‍ കാര്യമായ സംഭാവനനല്‍കി.
പുറത്താകാതെ എട്ടു പന്തില്‍നിന്ന് 19 റണ്‍സെടുത്ത യൂസുഫ് പത്താനാണ് കൊല്‍ക്കത്തയുടെ സ്കോറുയര്‍ത്തിയത്. ക്രിസ് ലിന്‍ 10 റണ്‍സെടുത്തു. മുംബൈ ബൗളിങ് നിരയില്‍ ടിം സൗതി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ മക്ളെനാഗന്‍, ഹര്‍ഭജന്‍ സിങ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.