വമ്പന്‍ ജയത്തിനൊപ്പം ഇംഗ്ളണ്ടിന് പരമ്പര നേട്ടം

നോട്ടിങ്ഹാം: പാകിസ്താന് മുന്നില്‍ റണ്‍സ്ഗോപുരം തീര്‍ത്ത ഇംഗ്ളണ്ടിന് 169 റണ്‍സിന്‍െറ വമ്പന്‍ ജയത്തിനൊപ്പം പരമ്പര നേട്ടവും. ഏകദിന പരമ്പരയിലെ മൂന്നാമങ്കത്തിലാണ് ഇംഗ്ളണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ ടീം ടോട്ടലായ 444 റണ്‍സ് എന്ന മാന്ത്രികസംഖ്യയിലത്തെിയത്. 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു ആതിഥേയരുടെ വമ്പനടി. 122 പന്തില്‍ 22 ഫോറും നാല് സിക്സുമടക്കം 171 റണ്‍സ് അടിച്ചെടുത്ത ഓപണര്‍ അലക്സ് ഹെയ്ല്‍സാണ് പാക് ബൗളര്‍മാരുടെ നട്ടെല്ളൊടിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോസ് ബട്ലറും (90 നോട്ടൗട്ട്) മൂന്നാമനായി ഇറങ്ങിയ ജോ റൂട്ടും (85) ക്യാപ്റ്റന്‍  ഓയിന്‍ മോര്‍ഗനും (57 നോട്ടൗട്ട്) പാക് വധത്തിന് മികച്ച സംഭാവനയേകി. പത്തോവറില്‍ വിക്കറ്റ് നേടാതെ 110 റണ്‍സ് വഴങ്ങിയ വഹാബ് റിയാസായിരുന്നു ഇംഗ്ളീഷ് ബാറ്റ്സ്മാന്മാരുടെ പ്രധാന ഇര. ഹെയ്ല്‍സാണ് കളിയിലെ കേമന്‍. നെതര്‍ലന്‍ഡ്സിനെതിരെ ശ്രീലങ്ക നേടിയ 443 റണ്‍സ് മറികടന്നാണ് ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ഇംഗ്ളണ്ട് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 42.4 ഓവറില്‍ 275 റണ്‍സിന് എല്ലാവരും പുറത്തായി. ഷര്‍ജീല്‍ ഖാനും പതിനൊന്നാമനായി ഇറങ്ങിയ മുഹമ്മദ് ആമിറും 58 വീതം റണ്‍സെടുത്തു.  സര്‍ഫറാസ് അഹ്മദും (38) മുഹമ്മദ് നവാസും (34) ഒഴികെയുള്ളവര്‍ക്ക് കാര്യമായി തിളങ്ങാനായില്ല. പത്താം വിക്കറ്റില്‍ ആമിറും യാസിര്‍ ഷായും (26 നോട്ടൗട്ട്) 76 റണ്‍സ് കൂട്ടിച്ചേര്‍ത്തില്ലായിരുന്നെങ്കില്‍ പാക് സ്കോര്‍ ദയനീയമാകുമായിരുന്നു. ക്രിസ് വോക്സ് നാല് വിക്കറ്റ് വീഴ്ത്തി. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ളണ്ട് 3-0ന് സ്വന്തമാക്കി. നാലാം ഏകദിനം ഇന്ന് ലീഡ്സില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.