??? ????

ബംഗളൂരു: ഐ.പി.എൽ താരലേലത്തിൽ ഞെട്ടിക്കുന്ന വില ലഭിച്ച് പവൻ നേഗി. 8.5 കോടി രൂപക്കാണ് നേഗിയെ ഡൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കിയത്. ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ച ഷെയ്ൻ വാട്സൻെറ തൊട്ടുതാഴെയാണ് നേഗിയുടെ സ്ഥാനം. ഈ ലേലത്തിൽ ഒരു ഇന്ത്യൻ കളിക്കാരന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. 30 ലക്ഷമായിരുന്നു നേഗിയുടെ അടിസ്ഥാനവില. ഇതിൽ നിന്ന് വിളിച്ചുതുടങ്ങിയാണ് 8.5 കോടിക്ക് നേഗിയെ ഡൽഹി സ്വന്തമാക്കിയത്. വരുന്ന ട്വൻറി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചിട്ടുണ്ട് ഈ ഡൽഹിക്കാരൻ.

നേരത്തെ മലയാളി താരം സഞ്ജു വി. സാംസണെ ഡൽഹി ഡെയർ ഡെവിൾസ് സ്വന്തമാക്കി. 4.20 കോടി രൂപയാണ് സഞ്ജുവിന് ലഭിച്ചത്. രണ്ട് കോടിയായിരുന്നു സഞ്ജുവിൻെറ അടിസ്ഥാന വില. കഴിഞ്ഞ സീസണുകളിൽ രാജസ്ഥാൻ റോയൽസിനുവേണ്ടിയായിരുന്നു സഞ്ജു കളിച്ചത്.  രാജസ്ഥാനെ ഐ.പി.എല്ലിൻ നിന്ന് വിലക്കിയതിനെ തുടർന്നാണ് സഞ്ജുവിന് ക്ലബ് മാറേണ്ടിവന്നത്. ഡൽഹിക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന് സഞ്ജു പ്രതികരിച്ചു. കൂടുതൽ മലയാളി താരങ്ങൾ ഐ.പി.എല്ലിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു സഞ്ജു പറഞ്ഞു.

ഷെയ്ൻ വാട്സൺ
 

ഇതുവരെ ലേലം വിളിച്ചവരിൽ ആസ്ട്രേലിയയുടെ ഷെയ്ൻ വാട്സനാണ് ഏറ്റവും കൂടിയ വില. 9.5 കോടി രൂപക്കാണ് വാട്സണെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കിയത്. യുവരാജ് സിങ്ങിനെ ഏഴു കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദാണ് വിളിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസിനെ മുംബൈ ഇന്ത്യൻസ് ഏഴ് കോടി രൂപക്ക് സ്വന്തമാക്കി. മുൻ ചെന്നൈ താരം മോഹിത് ശർമയെ കിങ്സ് ഇലവൻ പഞ്ചാബ് 6.5 കോടി രൂപക്ക് ലേലത്തിൽ പിടിച്ചു.

ഇന്ത്യയുടെ മുതിർന്ന ബൗളർആശിഷ് നെഹ്റയെ 5.5 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. കഴിഞ്ഞതവണ ചെന്നൈ സൂപ്പർ കിങ്സിലായിരുന്നു നെഹ്റ കളിച്ചത്. കഴിഞ്ഞ സീസണിൽ മികച്ച ഫോമിലായിരുന്നു നെഹ്റ. ചെന്നൈ സൂപ്പർ കിങ്സ് ടീം ഇപ്പോൾ സസ്പെൻഷനിലാണ്.

യുവരാജ് സിങ്
 

ഇംഗ്ലീഷ് ബാറ്റ്സ്മാൻ കെവിൻ പീറ്റേഴ്സണെ 3.5 കോടി രൂപക്ക് ഐ.പി.എൽ തുടക്കക്കാരായ പൂണെ സൂപ്പർ ജയൻറ്സ് സ്വന്തമാക്കി. എം.സ് ധോണിയാണ് ടീമിൻെറ ക്യാപ്റ്റൻ. ഇന്ത്യൻ താരം ഇഷാന്ത് ശർമയെ പൂണെ വിളിച്ചെടുത്തു. 3.8 കോടി രൂപയാണ് ഇഷാന്തിന് ലഭിച്ചത്.

ആശിഷ് നെഹ്റ
 

വിൻഡീസിൻെറ ഓൾറൗണ്ടർ ഡ്വൻ സ്മിത്തിനെ ഐ.പി.എല്ലിലെ മറ്റൊരു തുടക്കക്കാരായ ഗുജറാത്ത് ലയൺസ് സ്വന്തമാക്കി. വില 2.3 കോടി രൂപ. സുരേഷ് റെയ്നയാണ് ടീമിൻെറ ക്യാപ്റ്റൻ. ഓൾറൗണ്ടർമാർക്കാണ് ഐ.പി.എൽ രണ്ടാം ഘട്ട ലേലത്തിൽ കൂടുതൽ ആവശ്യക്കാരുള്ളത്. അതിനാലാണ് ഷെൻയ്ൻ വാട്സണും യുവരാജ് സിങ്ങിനും മികച്ച വില ലഭിച്ചതും.

ഒരു ടീമിൽ 16 മുതൽ 27 വരെ താരങ്ങളെ ഉൾപ്പെടുത്താം. പരമാവധി ഒമ്പത് വിദേശതാരങ്ങളെ മാത്രമെ അനുവദിക്കൂ. ഒരു ടീമിന് പരമാവധി 66 കോടി രൂപ കളിക്കാർക്കുവേണ്ടി ചെലവഴിക്കാം.
 

ലേലത്തിൽ വിറ്റുപോയ മറ്റ് താരങ്ങൾ

ഇംഗ്ലണ്ടിൻെറ ജോസ് ബട് ലർ -മുംബൈ ഇന്ത്യൻസ് (3.8 കോടി)

ഇർഫാൻ പത്താൻ -പൂണെ (ഒരു കോടി)

ദിനേശ് കാർത്തിക് -ഗുജറാത്ത് ലയൺസ് (2.3 കോടി)

ന്യൂസിലൻഡിൻെറ കോളിൻ മൻറോ -കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (70 ലക്ഷം)

ആസ്ട്രേലിയയുടെ മിച്ച് റോസ് മാർഷ് -പൂണെ (4.8 കോടി)

ധവൽ കുൽക്കർണി -ഗുജറാത്ത് (2 കോടി)

ആസ്ട്രേലിയയുടെ ജോൺ ഹേസ്റ്റിങ്സ് -കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (1.3 കോടി)

ന്യൂസിലൻഡിൻെറ ടിം സൗത്തീ -മുംബൈ ഇന്ത്യൻസ് (2.5 കോടി)

സ്റ്റുവർട്ട് ബിന്നി -ബാംഗ്ലൂർ - (2 കോടി).

ദക്ഷിണാഫ്രിക്കയുടെ കെയ് ൽ ആബട്ട് -കിങ്സ് ഇലവൻ പഞ്ചാബ് (2.1 കോടി രൂപ)

ജയദേവ് ഉനട്കട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (1.6 കോടി)

ബംഗ്ലാദേശിൻെറ മുസ്തഫിസുർറഹ്മാൻ സൺറൈസേഴ്സ് (1.4 കോടി)

ആസ്ട്രേലിയയുടെ മാർകസ് സ്റ്റോയിൻസിസ് കിങ്സ് ഇലവൻ പഞ്ചാബ് -55 ലക്ഷം

വിൻഡീസിൻെറ കാർലസ് ബ്രാത്ത് വെയ്റ്റ് ഡൽഹി (4.2 കോടി)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.