ന്യൂഡല്‍ഹി: വാതുവെപ്പും കോഴയും വിടാതെ പിന്തുടരുന്ന ഇന്ത്യന്‍ ക്രിക്കറ്റിനെ ഉലച്ച് വീണ്ടും ഒത്തുകളി വിവാദം. 2014ല്‍ ഇംഗ്ളണ്ട് പര്യടനത്തില്‍ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി വാതുവെപ്പിന് കൂട്ടുനിന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. അന്ന് ഇന്ത്യന്‍ ടീമിന്‍െറ മാനേജറും ഇപ്പോള്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ സുനില്‍ ദേവാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ‘സണ്‍ സ്റ്റാര്‍’ എന്ന ഹിന്ദി പത്രം നടത്തിയ ഒളികാമറ ഓപറേഷനിലാണ് സുനിലിന്‍െറ വെളിപ്പെടുത്തല്‍.
മഴപെയ്ത് നനഞ്ഞ പിച്ചില്‍ ടോസ് കിട്ടിയാല്‍ ആദ്യം ബൗള്‍ ചെയ്യാനായിരുന്നു ടീം മീറ്റിങ്ങില്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍, എല്ലാവരെയും അമ്പരപ്പിച്ച് ധോണി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സുനില്‍ വെളിപ്പെടുത്തുന്നത്. ആ തീരുമാനം ഒത്തുകളിയുടെ ഭാഗമായിരുന്നുവെന്ന് തനിക്ക് നൂറുശതമാനം ഉറപ്പുണ്ടെന്നും ഇംഗ്ളീഷ് ക്യാപ്റ്റന്‍ ജെഫ്രി ബോയ്കോട്ടുപോലും ധോണിയുടെ തീരുമാനത്തില്‍ അതിശയിച്ചുപോയെന്നും സംഭാഷണ ശകലത്തില്‍ പറയുന്നു. മത്സരത്തില്‍ ഇന്ത്യ ഇന്നിങ്സിനും 54 റണ്‍സിനുമാണ് തോറ്റത്. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 152 റണ്‍സിന് ഓള്‍ ഒൗട്ട് ആവുകയും ചെയ്തു.
താന്‍ ഈ വിഷയം ഉന്നയിച്ച് ബി.സി.സി.ഐ പ്രസിഡന്‍റ് ശ്രീനിവാസന് കത്തയച്ചെന്നും വര്‍ഷങ്ങളായിട്ടും നടപടിയുണ്ടായില്ളെന്നും സുനില്‍ പറയുന്നുണ്ട്. ക്രിക്കറ്റിനുണ്ടാകുന്ന ഹാനി മാനിച്ചാണ് ഇത്രയും കാലം സംഭവം പുറത്തറിയിക്കാതിരുന്നതെന്നാണ് സുനിലിന്‍െറ ന്യായം.
‘ഈ സത്യം തുറന്നുപറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കില്ല’ -സുനില്‍ ദൃശ്യത്തില്‍ പറയുന്നു. ദേവിനോട് സംസാരിക്കവെ അദ്ദേഹത്തിന്‍െറ അനുവാദമില്ലാതെ റെക്കോഡുചെയ്ത സംഭാഷണം എന്നപേരില്‍ ഡല്‍ഹി പ്രസ് ക്ളബില്‍ ഞായറാഴ്ച ഒളികാമറ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഒളികാമറ ഓപറേഷന്‍െറ ഭാഗമായാണ് തന്നോട് ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതെങ്കില്‍ പുറത്തറിയുന്ന നിമിഷം താനിത് നിഷേധിക്കുമെന്ന് റിപ്പോര്‍ട്ടറോട് സുനില്‍ പറയുന്ന രസകരമായ ദൃശ്യവും ഇതിലുണ്ട്. ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് അസോസിയേഷനാണ് ബി.സി.സി.ഐ എന്നും താന്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നുമാണ് അതിനുള്ള ന്യായീകരണമായി പറയുന്നത്. എന്നാല്‍, സുനിലിന്‍െറ വാദങ്ങള്‍ ശരിയല്ളെന്ന് ഐ.പി.എല്‍ വാതുവെപ്പിനെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് മുദ്ഗല്‍ പ്രതികരിച്ചു. അതേ പരമ്പരയില്‍ ലോഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 95 റണ്‍സിന് ജയിക്കുകയായിരുന്നുവെന്നും സമാനമായ സാഹചര്യത്തിലാണ് മാഞ്ചസ്റ്ററില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്തതെന്നും വീണ്ടും ബി.സി.സി.ഐക്കു മുന്നില്‍ പരാതി നല്‍കാന്‍ സുനില്‍ തയാറാവുകയാണ് വേണ്ടതെന്നും മുദ്ഗല്‍ പറഞ്ഞു. സുനില്‍ ധോണിയെ കുറ്റപ്പെടുത്തുമ്പോഴും മാഞ്ചസ്റ്റര്‍ ടെസ്റ്റിന്‍െറ ആദ്യ ഇന്നിങ്സില്‍ ഇന്ത്യക്കായി ആകെ നേടിയ അര്‍ധസെഞ്ച്വറി ധോണിയുടേതായിരുന്നു. 71 റണ്‍സ് നേടി ധോണിയാണ് ആ ഇന്നിങ്സില്‍ ടോപ് സ്കോറര്‍ ആയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.