പുണെ: ധവല്‍ കുല്‍കര്‍ണിയുടെ തീപാറുന്ന പന്തുകള്‍ക്കു മുന്നില്‍ വിറച്ച സൗരാഷ്ട്രക്ക് രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈക്കെതിരെ ഒന്നാമിന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ച. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ 84.4 ഓവറില്‍ എട്ടിന് 192 എന്ന നിലയില്‍ ഭേദപ്പെട്ട സ്കോറിനായി പൊരുതുകയാണ് സൗരാഷ്ട്ര. ചേതേശ്വര്‍ പുജാരയുടേത് ഉള്‍പ്പെടെ നാലു വിക്കറ്റുകളുമായി ധവല്‍ കുല്‍കര്‍ണി നടത്തിയ പ്രകടനമാണ് മത്സരത്തില്‍ മുംബൈക്ക് മേല്‍ക്കൈ നല്‍കിയത്. സൗരാഷ്ട്ര നിരയില്‍ അര്‍പിത് വസാവഡക്കും പ്രേരക് മങ്കാദിനും മാത്രമേ പൊരുതാനുള്ള മികവുണ്ടായുള്ളൂ. ഇരുവരും അര്‍ധശതകം നേടി. വസാവഡ 77 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 55 റണ്‍സുമായി മങ്കാദ് കീഴടങ്ങാതെ ക്രീസിലുണ്ട്. ഓപണര്‍ അവി ബാരോട്ടിനെ (14) പുറത്താക്കി സൗരാഷ്ട്രക്ക് ആദ്യ പ്രഹരം നല്‍കിയത് കുല്‍കര്‍ണിയാണ്. രണ്ടാം ഓപണര്‍ സാഗര്‍ ജോഗിയാനിയെ (8) പറഞ്ഞുവിട്ട് ശ്രദുല്‍ താക്കൂര്‍ മികച്ച പിന്തുണ നല്‍കി.
അപകടകാരിയായ പുജാര നാലു റണ്‍സ് മാത്രമെടുത്ത് കുല്‍കര്‍ണിയുടെ പന്തില്‍ സൂര്യകുമാര്‍ യാദവിന്‍െറ കൈയിലൊടുങ്ങി. ഷെല്‍ഡര്‍ ജാക്സണ്‍, ബല്‍വീന്ദര്‍ സന്ധുവിന്‍െറ പന്തില്‍ പൂജ്യനായി വീണു. ക്യാപ്റ്റന്‍ ജയദേവ് ഷാ (13) കുല്‍കര്‍ണിയുടെ പന്തിലും ചിരാഗ് ജാനി (13) താക്കൂറിന്‍െറ പന്തിലും ആദിത്യ താരെ പിടിച്ച് പുറത്തായി. പിന്നാലെ, ദീപക് പുനിയ (6) അഭിഷേക് നായര്‍ക്ക് വിക്കറ്റ് നല്‍കി. 18.4 ഓവറില്‍ 30 റണ്‍സ് വിട്ടുനല്‍കിയാണ് ധവല്‍ കുല്‍കര്‍ണി നാലു വിക്കറ്റ് കൊയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.