രഞ്ജി ട്രോഫി ഫൈനല്‍: മുംബൈക്ക് ഒന്നാം ഇന്നിങ്സ് ലീഡ്

പുണെ: രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രക്കെതിരെ മുംബൈക്ക് ഒന്നാം ഇന്നിങ്സ് ലീഡ്. മൂന്നാമനായിറങ്ങിയ ശ്രേയസ് അയ്യര്‍ നേടിയ സെഞ്ച്വറിയുടെ (117) ബലത്തിലാണ് മുംബൈ പിടിച്ചുനിന്നത്.
രണ്ടാം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ 27 റണ്‍സിന്‍െറ ലീഡ് മുംബൈക്കുണ്ട്. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിങ്സ് 235 റണ്‍സില്‍ അവസാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ, സ്റ്റംപെടുക്കുമ്പോള്‍ 66 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് എടുത്തിട്ടുണ്ട്. എട്ടിന് 192 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച സൗരാഷ്ട്രക്ക് 235 എന്ന സ്കോറില്‍ അര്‍ധശതകം നേടിയ പ്രേരക് മങ്കാദിനെയും (66) ജയദേവ് ഉനദ്കട്ടിനെയും (31) നഷ്ടമാകുകയായിരുന്നു. ധവല്‍ കുല്‍കര്‍ണിയുടെ അഞ്ചാം ഇരയായാണ് മങ്കാദ് മടങ്ങിയത്.
ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കും പക്ഷേ തുടക്കം മോശമായി. ജയദേവ് ഉനദ്കട് ആഞ്ഞടിച്ചതോടെ രണ്ടിന് 23 എന്ന നിലയിലായി വീഴ്ച.
എന്നാല്‍, ശ്രേയസ് അയ്യര്‍-സൂര്യകുമാര്‍ യാദവ് സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുമായി ടീമിന് താങ്ങായി. 152 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്തത്. 142 പന്തില്‍ 15 ഫോറും രണ്ട് സിക്സും പറത്തി 117 റണ്‍സെടുത്ത ശ്രേയസ് ആദ്യം വീണു.
ശ്രേയസിന്‍െറ വിക്കറ്റെടുത്ത ചിരാഗ് ജാനി അധികം വൈകാതെ മുംബൈ ക്യാപ്റ്റന്‍ ആദിത്യ താരെയെയും (19) വീഴ്ത്തി.
48 റണ്‍സുമായി സൂര്യകുമാറും 19 റണ്‍സുമായി അഭിഷേക് നായരും പിന്നാലെ വീണു. ലീഡ് നേടാനായെങ്കിലും ധവല്‍ (1), ശ്രദുല്‍ താക്കൂര്‍ (പൂജ്യം) എന്നിവരും അഭിഷേകിനെപ്പോലെ ഹാര്‍ദിക് റാത്തോഡിന്‍െറ മുന്നില്‍ വീണതോടെ മുംബൈ വീണ്ടും പ്രതിസന്ധിയിലായി. കളി നിര്‍ത്തുമ്പോള്‍ സിദ്ദേശ് ലാഡും (22) ഇഖ്ബാല്‍ അബ്ദുല്ലയും (9) ആണ് ക്രീസില്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.