പുണെ: രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം രഞ്ജി ട്രോഫിയില്‍ വീണ്ടും മുംബൈ മുത്തം. പുണെയിലെ എം.സി.എ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സൗരാഷ്ട്രയെ മൂന്നുദിവസത്തിനുള്ളില്‍ മുട്ടുകുത്തിച്ച് മുംബൈ 41ാം രഞ്ജി കിരീടം സ്വന്തമാക്കി. ഇന്നിങ്സിനും 21 റണ്‍സിനുമാണ് ആദിത്യ താരെ നയിച്ച മുംബൈ വിജയികളായത്. ശ്രദുല്‍ താക്കൂറിന്‍െറ അഞ്ച് വിക്കറ്റ് പ്രകടനം സൗരാഷ്ട്രയുടെ രണ്ടാം ഇന്നിങ്സിനെ തകര്‍ത്തെറിഞ്ഞു. 115 റണ്‍സാണ് സൗരാഷ്ട്രക്ക് രണ്ടാം ഇന്നിങ്സില്‍ നേടാനായത്. അവരുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 235ന് മറുപടിയായി മുംബൈ 371 റണ്‍സ് നേടിയിരുന്നു. 136 റണ്‍സിന്‍െറ ലീഡിനെ മറികടക്കാനിറങ്ങിയ സൗരാഷ്ട്രക്ക് പക്ഷേ, ഒരുഘട്ടത്തിലും പോരാടാനായില്ല. അഞ്ചുപേരാണ് രണ്ടക്കം കടന്നതുതന്നെ.
ധവല്‍ കുല്‍ക്കര്‍ണിയും ബല്‍വീന്ദര്‍ സന്ധുവും തുടങ്ങിവെച്ച ആക്രമണം ശ്രദുല്‍ താക്കൂര്‍ ഏറ്റെടുക്കുകയായിരുന്നു. സീനിയര്‍ താരം ചേതേശ്വര്‍ പൂജാരയെ (27) വീഴ്ത്തിയായിരുന്നു താക്കൂറിന്‍െറ വേട്ടയുടെ തുടക്കം. അഞ്ചിന് 67 എന്ന നിലയിലായിരുന്നു ആ ഘട്ടത്തില്‍ സൗരാഷ്ട്ര. തുടര്‍ന്ന് ജയദേവ് ഷാ (17), ചിരാഗ് ജാനി (11), ദീപക് പുനിയ (3), ഹാര്‍ദിക് റാത്തോഡ് (2) എന്നിവരും താക്കൂറിന് കീഴടങ്ങിയപ്പോള്‍ മുംബൈ അനായാസം ഇന്നിങ്സ് ജയത്തിലേക്ക് കുതിച്ചു.
മുംബൈക്കായി സിദ്ദേശ് ലാഡ്(88), ബല്‍വീന്ദറും (34*), ഇഖ്ബാല്‍ അബ്ദുല്ലയും (15) റണ്‍സെടുത്തു. സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരാണ് (117) ഫൈനലിലെ താരം. 2013ല്‍ മുംബൈ 40ാം കിരീടം ചൂടിയതും സൗരാഷ്ട്രയെ ഫൈനലില്‍ തോല്‍പിച്ചായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.