ന്യൂഡല്‍ഹി: സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ ഉടച്ചുവാര്‍ക്കേണ്ട സമയം അതിക്രമിച്ചതായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ഉന്നത സ്വാധീനമുള്ളവരെയാണ് ചില അസോസിയേഷനുകള്‍ ടീമില്‍ ഉള്‍പെടുത്തുന്നതെന്നും സെവാഗ് ആരോപിച്ചു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് അടുത്തിടെ സെവാഗ് ഹരിയാന ടീമിലേക്ക് മാറിയിരുന്നു.
ഇത് ഡല്‍ഹി ടീമിന്‍െറമാത്രം പ്രശ്നമല്ല. പല അസോസിയേഷനുകളിലെ ടീം തെരഞ്ഞെടുപ്പുകളിലും ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അണ്ടര്‍-16, 19 ടീമുകളുടെ തെരഞ്ഞെടുപ്പിലും ഈ പ്രശ്നം നിലനില്‍ക്കുന്നു. സ്വാധീനമുള്ളവരാണെങ്കില്‍ ഇവരുടെ പ്രായം പോലും പ്രശ്നമല്ല. രാജ്യത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ ക്രിക്കറ്റ് താരങ്ങളുണ്ടെങ്കിലും അവരെയൊന്നും സെലക്ഷന്‍ കമ്മിറ്റിയിലേക്ക് പരിഗണിക്കുന്നില്ല. ഉന്നതസ്വാധീനമുള്ളവരാണ് സെലക്ടര്‍മാരെ നാമനിര്‍ദേശം ചെയ്യുന്നത്. ഇവര്‍ പറയുന്നത് അനുസരിക്കലാണ് സെലക്ടര്‍മാരുടെ പണി. ഹരിയാനയിലുള്ള സ്വന്തം ക്രിക്കറ്റ് അക്കാദമിയുമായി മുന്നോട്ടുപോകാനാണ് ആഗ്രഹം. ടീം സെലക്ടറാവാന്‍ താല്‍പര്യമില്ല. ഈ ആവശ്യവുമായി ഏതെങ്കിലും അസോസിയേഷനുകള്‍ സമീപിച്ചാല്‍ അപ്പോള്‍ ആലോചിക്കാം. ആഭ്യന്തര ക്രിക്കറ്റുകളുടെ ഘടനയില്‍ മാറ്റമുണ്ടാവണം. നിലവില്‍ വിശ്രമമില്ലാത്ത രീതിയിലാണ് മത്സര ക്രമീകരണം.ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.സി.സി.ഐക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. വിരമിച്ചപ്പോള്‍ ധോണിക്ക് മാത്രം നന്ദി പറഞ്ഞില്ല എന്ന് പറയുന്നത് ശരിയല്ല. ധോണി ഉള്‍പെടെയുള്ള എല്ലാ ടീമംഗങ്ങള്‍ക്കുമാണ് നന്ദി പറഞ്ഞത്. ഭാഗ്യമില്ലായ്മയാണ് തന്‍െറ പുറത്താകലിന് പിന്നിലെന്നും സെവാഗ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.