ജോർജ്ടൗൺ: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ശിവ്നാരായൺ ചന്ദർപോൾ വിരമിച്ചു. ക്രിക്കറ്റിൻെറ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിടപറയാനാണ് അദ്ദേഹത്തിൻെറ തീരുമാനം. W.I.C.B പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 41 കാരനായ ചന്ദർപോൾ 2015 മെയ് മാസത്തിന് ശേഷം വെസ്റ്റ് ഇൻഡീസ് ടിമിൽ ഇടം പിടിച്ചിട്ടില്ല. സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലും അദ്ദേഹത്തെ സെലക്ടർമാർ പരിഗണിച്ചിരുന്നില്ല. മോശം ഫോമാണ് കാരണമായി പറഞ്ഞിരുന്നത്. എന്നാൽ ടീമിലേക്ക് തിരികെ വരാൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു ചന്ദർബോൾ.
മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തിൻെറ തിരിച്ചുവരവ് പ്രതീക്ഷകൾ അവസാനിപ്പിക്കാൻ താരത്തിന് മതിയായ സൂചനകൾ നൽകിയിരുന്നു. ഡിസംബറിൽ W.I.C.B പതിനഞ്ച് കളിക്കാരുമായി വാർഷിക കരാറുകൾ പുതുക്കിയിരുന്നു. ചന്ദർപോളിനെ ഈ ലിസ്റ്റിലും ഉൾപെടുത്തിയിരുന്നില്ല. താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് കഴിഞ്ഞ ജൂണിൽ ചന്ദർപോൾ വ്യക്തമാക്കിയിരുന്നു. വിരമിക്കുന്നതിന് മുമ്പായി ടീമിൽ ഇടം പിടിക്കാൻ അദ്ദേഹം പരിശ്രമം നടത്തുകയും ചെയ്തു. എന്നാൽ ഫലം കാണുകയുണ്ടായില്ല.
22 വർഷം നീണ്ട ക്രിക്കറ്റ് കരിയറിൽ 164 ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം വിൻഡീസിനായി കളത്തിലിറങ്ങി. റൺ വേട്ടയിൽ വിൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറക്ക് തൊട്ടുപിറകിലാണ് ചന്ദർപോൾ. ലാറക്ക് 11,953 റൺസും ചന്ദർപോളിന് 11.867 റൺസുമാണുള്ളത്. ഇരുവരും തമ്മിൽ 86 റൺസിൻെറ വിത്യാസം മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.