മുംബൈ: അനില്‍ കുംബ്ളെയുടെ കറങ്ങിത്തിരിയുന്ന പന്തുകള്‍ സചിനും ഗാംഗുലിയും ലക്ഷ്മണും പലവട്ടം നേരിട്ടിട്ടുണ്ട്. ഇന്ന് പക്ഷേ കളിമാറും. ബൗളിങ് എന്‍ഡില്‍ സചിനും സംഘവും വരും. ബാറ്റ് ചെയ്യാന്‍ കുംബ്ളെയും രവി ശാസ്ത്രിയും വെങ്കിടേഷ് പ്രസാദും. ഇന്ത്യന്‍ ടീം പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ഇന്‍റര്‍വ്യൂ ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ സിറ്റി ഹോട്ടലില്‍ നടക്കുമ്പോള്‍ ഒരുമിച്ച് കളിച്ച സചിന്‍െറയും ഗാംഗുലിയുടെയും ലക്ഷ്മണിന്‍െറയും ചോദ്യശരങ്ങള്‍ അനില്‍ കുംബ്ളെയടക്കമുള്ളവര്‍ എങ്ങനെ നേരിടുമെന്ന് ആകാംക്ഷയോടെ നോക്കുകയാണ് ക്രിക്കറ്റ് ലോകം. വെള്ളിയാഴ്ച ധര്‍മശാലയില്‍ ചേരുന്ന ഉപദേശക സമിതി യോഗത്തിനുശേഷം പുതിയ ഇന്ത്യന്‍ പരിശീലകനെ പ്രഖ്യാപിക്കും. ഉപദേശക സമിതി കൂടുതല്‍ സമയം ആവശ്യപ്പെട്ടാല്‍ പ്രഖ്യാപനം വൈകാനും സാധ്യതയുണ്ട്. ഇന്‍റര്‍വ്യൂ ചൊവ്വാഴ്ച പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ളെങ്കില്‍ ബുധനാഴ്ചയും തുടരും.
പരിശീലകനെ കണ്ടത്തൊന്‍ ആദ്യമായി പരസ്യം ചെയ്തതിനെ തുടര്‍ന്ന് 57 പേരാണ് അപേക്ഷിച്ചത്. ഇതില്‍ 36 പേരെ ഒഴിവാക്കിയശേഷം തെരഞ്ഞെടുക്കപ്പെട്ട 21 പേരെയാണ് കൂടിക്കാഴ്ചക്ക് ക്ഷണിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ സൗരവ് ഗാംഗുലിക്ക് നാട്ടില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാത്തതിനാലാണ് ഇന്‍റര്‍വ്യൂ കൊല്‍ക്കത്തയില്‍ നടത്തുന്നത്. ലണ്ടനിലുള്ള സചിന്‍ ടെണ്ടുല്‍കര്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കും. 6.4 കോടിയാണ് ഇന്ത്യന്‍ പരിശീലകന് ഒരുവര്‍ഷം ലഭിക്കുന്ന പ്രതിഫലം.
മുന്‍ ഇന്ത്യന്‍താരം അനില്‍ കുംബ്ളെക്കാണ് സാധ്യത കൂടുതല്‍ കല്‍പിക്കുന്നത്. എന്നാല്‍, ബി.സി.സി.ഐയുടെ ചില മാനദണ്ഡങ്ങള്‍ കുംബ്ളെക്ക് തിരിച്ചടിയാകുമെന്ന് കരുതുന്നു. പരിശീലകനായുള്ള മുന്‍പരിചയം, ഏതെങ്കിലും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍നിന്നുള്ള കോഴ്സ് പൂര്‍ത്തിയാക്കല്‍ എന്നിവ കുംബ്ളെക്ക് മുന്നില്‍ തടസ്സങ്ങളായി നില്‍ക്കുന്നു. താല്‍ക്കാലിക പരിശീലകനും ടീം ഡയറക്ടറുമായ രവി ശാസ്ത്രി, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍, മുന്‍താരങ്ങളായ വെങ്കിടേഷ് പ്രസാദ്, പ്രവീണ്‍ ആംറെ, വിക്രം റാത്തോഡ്, ബല്‍വീന്ദര്‍ സിങ് സന്ധു എന്നിവരാണ് സാധ്യതാ പട്ടികയിലെ മറ്റു പ്രമുഖര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.