ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്‍റെ വീട് കൊള്ളയടിച്ചു

ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്‍റെ വീട് കൊള്ളയടിച്ചു. ഒക്ടോബർ 17നായിരുന്നു സംഭവം. ബെൻ സ്റ്റോക്സ് തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തിയത്.

ടെസ്റ്റ് പരമ്പരക്കായി പാകിസ്താനിലായിരുന്നു ബെൻ സ്റ്റോക്സ്. വീട്ടിൽ ഭാര്യ ക്ലെയർ, മക്കളായ ലെയ്ട്ടൻ, ലിബ്ബി എന്നിവരാണ് ഉണ്ടായിരുന്നത്. വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ മോഷ്ടാക്കൾ കൊണ്ടുപോയി. ഭാര്യയും മക്കളും ഉപദ്രവിക്കപ്പെട്ടിട്ടില്ല. മോഷ്ടാക്കളെ കണ്ടെത്താൻ സഹായിക്കണമെന്ന് സ്റ്റോക്സ് സമൂഹമാധ്യമങ്ങളിൽ നടത്തിയ അഭ്യർഥനയിൽ പറഞ്ഞു.


ഇതേസമയം, വീട് കൊള്ളയടിച്ച സംഭവത്തിൽ അന്വേഷണ പുരോഗതി പൊലീസ് പുറത്തുവിട്ടിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.


'ഡർഹാം കൗണ്ടിയിലെ കാസിൽ ഈഡനിലെ എന്‍റെ വീട്ടിൽ ഒക്ടോബർ 17ന് ഒരുകൂട്ടം മുഖംമൂടിധാരികൾ അതിക്രമിച്ച് കയറി. അവർ ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നു. അവയിൽ പലതും എനിക്കും കുടുംബത്തിനും ഏറെ വൈകാരികമായ അടുപ്പമുള്ള വസ്തുക്കളാണ്. അത് പകരംവെക്കാൻ സാധിക്കാത്തവയുമാണ്. ഈ കൃത്യം നടത്തിയവരെ കണ്ടെത്താൻ വേണ്ടിയാണ് അഭ്യർഥിക്കുന്നത്' -ബെൻ സ്റ്റോക്സ് പറഞ്ഞു.


ബ്രിട്ടീഷ് സർക്കാർ ബെൻ സ്റ്റോക്സിന് നൽകിയ ബഹുമതി, ലോകകപ്പ് വിജയത്തിന്‍റെ ബഹുമതി തുടങ്ങിയവ മോഷ്ടാക്കൾ കൊണ്ടുപോയിട്ടുണ്ട്. ഇവയുടെ ചിത്രങ്ങളും സ്റ്റോക്സ് പങ്കുവെച്ചിട്ടുണ്ട്. 

Tags:    
News Summary - Ben Stokes' house burgled by masked robbers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.