അനിൽ കുംബ്ലെ ഇന്ത്യൻ ടീമിൻെറ മുഖ്യപരിശീലകൻ

ധര്‍മശാല: എതിരാളികളുടെ വിക്കറ്റുകള്‍ പിഴുത് ഇന്ത്യന്‍ വിജയത്തിന് നിരവധി തവണ ചുക്കാന്‍ പിടിച്ച തന്ത്രങ്ങള്‍ ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ കരുത്താകും. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ളെയെ ഇന്ത്യന്‍ ടീമിന്‍െറ പ്രധാന പരിശീലകനായി ബി.സി.സി.ഐ തീരുമാനിച്ചു. ഒരു വര്‍ഷത്തേക്കാണ് കുംബ്ളെയുടെ നിയമനം.

സചിന്‍ ടെണ്ടുല്‍കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് കോച്ചിനെ തെരഞ്ഞെടുത്തത്. ഇതാദ്യമായി ബി.സി.സി.ഐ വെബ്സൈറ്റു വഴി കോച്ചിനായി അപേക്ഷ ക്ഷണിച്ചിരുന്നു. 6.4 കോടി രൂപ വാര്‍ഷിക വരുമാനമുള്ള കോച്ചിന്‍െറ പദവിക്കായി വിവിധ രാജ്യങ്ങളില്‍നിന്ന്  57 പേരാണ് അപേക്ഷിച്ചത്. സൂക്ഷ്മ പരിശോധനയില്‍ 36 പേരെ ഒഴിവാക്കി 21 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയിരുന്നു. അനില്‍ കുംബ്ളെക്കു പുറമെ ഇന്ത്യക്കാരായ രവി ശാസ്ത്രി, ലാല്‍ചന്ദ് രജ്പുത്ത്, പ്രവീണ്‍ ആംറെ, ഋഷികേശ് കനിത്കര്‍, വിക്രം റാത്തോഡ്, സന്ദീപ് പാട്ടീല്‍, ബല്‍വീന്ദര്‍ സിങ് സന്ധു, സുരേന്ദ്ര ഭാവെ, ആസ്ട്രേലിയന്‍ താരങ്ങളായ ടോം മൂഡി, സ്റ്റുവര്‍ട്ട് ലോ, സിംബാബ്വെയുടെ ഹീത്ത് സ്ട്രീക്ക്, ന്യൂസിലന്‍ഡിന്‍െറ ഡാനിയല്‍ വെട്ടോറി തുടങ്ങിയവരും അപേക്ഷിച്ചവരില്‍ പെടുന്നു.

ഇവരില്‍നിന്ന് തെരഞ്ഞെടുത്ത 10 പേരുമായി ഉപദേശക സമിതി കൊല്‍ക്കത്തയില്‍ അഭിമുഖം നടത്തിയിരുന്നു. ചിലരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അഭിമുഖം നടത്തിയത്. വ്യാഴാഴ്ച ധര്‍മശാലയില്‍ ചേര്‍ന്ന വര്‍ക്കിങ് കമ്മിറ്റിക്കു ശേഷം ബി.സി.സി.ഐ പ്രസിഡന്‍റ് അനുരാഗ് ഠാകുറാണ് പുതിയ കോച്ചിനെ തെരഞ്ഞെടുത്ത വിവരം അറിയിച്ചത്. ബാറ്റിങ്, ബൗളിങ് കോച്ചുമാരുടെ കാര്യത്തില്‍ പിന്നീട് തീരുമാനിക്കും. ഇന്ത്യക്കാരനോ വിദേശിയോ എന്നതല്ല, ഈ ജോലിക്ക് യോജിച്ചതാരെന്ന് മാത്രമേ പരിഗണിച്ചുള്ളൂവെന്നും ഇന്ത്യന്‍ ടീമിന്‍െറ നന്മക്കായാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അനുരാഗ് ഠാകുര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.