മൊഹാലി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആസ്ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന ട്വൻറി20 ലോകകപ്പോടെ 14 വർഷം നീണ്ട ക്രിക്കറ്റ് കരിയർ വാട്സൺ അവസാനിപ്പിക്കും. കഴിഞ്ഞ വർഷത്തെ ആഷസ് പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വാട്സൺ വിട പറഞ്ഞിരുന്നു. 2015 സെപ്റ്റംബറോടെ ഏകദിന ക്രിക്കറ്റും അദ്ദേഹം അവസാനിപ്പിച്ചിരുന്നു.
2007ന് മുമ്പ് അരങ്ങേറിയ ക്രിക്കറ്റർമാരിൽ മൂന്ന് ഫോർമാറ്റിലും സ്ഥിരമായി ആസ്ട്രേലിയൻ ടീമിലിടം നേടിയ താരമാണ് വാട്സൺ. 2002 മാർച്ച് 24ന് സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് അദ്ദേഹത്തിൻെറ അരങ്ങേറ്റം.
'ധർമശാലയിലെ ഒരു പ്രഭാതത്തിൽ എനിക്ക് ബോധ്യമായി ഇതാണ് ശരിയായ സമയമെന്ന്. ആസ്ട്രേലിയൻ ടീമിലേക്ക് തിരിച്ചുവന്നത് ഞാൻ ഏറെ ആസ്വദിച്ചു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. ഞാൻ ഒന്നിച്ചു കളിച്ചുവളർന്ന താരങ്ങളൊന്നും ഇന്ന് ടീമിലില്ല. ഇത് ശരിയായ തീരുമാനമാണ്' -വാട്സൺ പറഞ്ഞു.
ടെസ്റ്റ് കുപ്പായത്തിൽ സ്ഥിരത കാട്ടിയില്ലെങ്കിലും നിയന്ത്രിത ഓവർ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് വാട്സൺ കാഴ്ചവെച്ചത്. ട്വൻറി20യിൽ ഐ.സി.സി. റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ വാട്സൺ, രണ്ട് വർഷം ട്വൻറി20യിൽ ഒന്നാം നമ്പർ ഓൾറൗണ്ടറായിട്ടുണ്ട്. ഏകദിനത്തിൽ ഓൾറൗണ്ടർമാരിൽ ഒന്നാം റാങ്കും ബാറ്റ്സ്മാൻമാരിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
വിശ്വസിക്കാവുന്ന ഓപണറായിരുന്നു അദ്ദേഹം. ഏകദിനത്തിൽ ആദം ഗിൽക്രിസ്റ്റിനും റിക്കി പോണ്ടിങ്ങിനും ശേഷം ആസ്ട്രേലിയക്കുവേണ്ടി ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ കളിക്കാരനും വാട്സനാണ്. 131 സിക്സറുകളാണ് നേടിയത്. ആദം ഗിൽക്രിസ്റ്റ് 149ഉം റിക്കി പോണ്ടിങ് 162ഉം സിക്സറുകൾ നേടി. നല്ല പേസ്ബൗളറായിരുന്ന വാട്സൺ ആസ്ട്രേലിയയുടെ മികച്ച ബൗളിങ് നിരക്ക് മുതൽക്കൂട്ടായിരുന്നു.
59 ടെസ്റ്റ് മത്സരങ്ങളാണ് വാട്സൺ കളിച്ചത്. 35.19 ശരാശരിയിൽ 3731 റൺസെടുത്തു. 176 ആണ് ഉയർന്ന സ്കോർ. നാല് സെഞ്ച്വറിയും 24 അർധസെഞ്ച്വറിയുമാണ് സമ്പാദ്യം. ടെസ്റ്റ് ബൗളിങ്ങിൽ 59 മത്സരങ്ങളിൽ 75 വിക്കറ്റുകൾ നേടി. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.
190 ഏകദിനത്തിൽ 40.54 ശരാശരിയിൽ 5757 റൺസ് നേടി. 185 ആണ് ടോപ്സ്കോർ. ഒമ്പത് സെഞ്ച്വറിയും 33 അർസെഞ്ച്വറിയും നേടി. ട്വൻറി20 ക്രിക്കറ്റിൽ 56 കളികളിൽ നിന്ന് 28 ശരാശരിയിൽ 1400 റൺസാണ് സമ്പാദ്യം. 124 ആണ് ഉയർന്ന സ്കോർ. 46 വിക്കറ്റും നേടി.
മൂന്ന് ഫോർമാറ്റും ചേർത്ത് 10000 റൺസും 250 വിക്കറ്റുകളും നേടിയ ഏഴാമത്തെ കളിക്കാരനാണ് വാട്സൺ. സ്റ്റീവ് വോ, കാൾ ഹൂപ്പർ, സനത് ജയസൂര്യ, ജാക് കാലിസ്, ഷാഹിദ് അഫ്രീദി, ക്രിസ് ഗെയിൽ എന്നിവരാണ് മറ്റു കളിക്കാർ. മൂന്ന് ഫോർമാറ്റുകളിലും ആസ്ട്രേലിയയുടെ ക്യാപ്റ്റനായിട്ടുമുണ്ട് അദ്ദേഹം. മൂന്ന് ലോകകപ്പിൽ കളിച്ച് ആസ്ട്രേലിയയുടെ രണ്ട് കിരീട നേട്ടത്തിൽ വാട്സൺ പങ്കാളിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.