ബംഗളൂരു: സംഗതി ടീമിലെ സീനിയര്‍ താരവും പുതുമുഖക്കാരുടെ ഉപദേശിയുമൊക്കെയാണെങ്കിലും പല കാര്യത്തിലും ആശിഷ് നെഹ്റ ശിശുവാണ്. ന്യൂജന്‍ കുട്ടികളുടെ കൈയിലിരിപ്പൊന്നും അറിയാത്ത പാവം കുടുംബകാരണവന്‍. 17 വര്‍ഷം മുമ്പ് ഇന്ത്യന്‍ കുപ്പായമണിഞ്ഞതാണെങ്കിലും വാര്‍ത്താസമ്മേളനങ്ങളിലോ ടെലിവിഷന്‍ ചര്‍ച്ചകളിലോ ഒന്നും നെഹ്റയെ കാണാറില്ല. ട്വിറ്ററും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്സ്ആപ്പും ഇല്ലാതെ ജീവിക്കാന്‍ സാധിക്കാത്ത പുതിയ തലമുറയുടെ ലോകത്തെക്കുറിച്ച് ഒന്നുമറിയാത്തയാള്‍. എന്തിനേറെ, ഇപ്പോഴും ഉപയോഗിക്കുന്നത് ‘നോക്കിയ’ പഴയ മോഡല്‍ ഫോണാണെന്ന് നെഹ്റ തന്നെ വെളിപ്പെടുത്തി.
അപൂര്‍വ സംഭവമായി നെഹ്റ വാര്‍ത്താസമ്മേളനത്തിനത്തെിയപ്പോഴായിരുന്നു ഈ വെളിപ്പെടുത്തല്‍. ട്വന്‍റി20 ലോകകപ്പില്‍ ബംഗ്ളാദേശിനെതിരായ മത്സരത്തലേന്ന് മാധ്യമങ്ങള്‍ക്കുമുമ്പാകെ നെഹ്റയത്തെിയപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ഇന്ത്യ-ബംഗ്ളാദേശ് ആരാധകപോരിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് നെഹ്റ സത്യം പറഞ്ഞത്. ‘നിങ്ങള്‍ക്ക് ഈ ചോദ്യം ചോദിക്കേണ്ട ആളെ തെറ്റി. ഞാന്‍ ഇപ്പോഴും പഴയ നോക്കിയ ഫോണാണ് ഉപയോഗിക്കുന്നത്. ഫേസ്ബുക്കിലോ ട്വിറ്ററിലോ ഇന്‍സ്റ്റഗ്രാമിലോ അക്കൗണ്ടില്ല. എന്തിനേറെ പത്രംപോലും ഞാന്‍ വായിക്കാറില്ല’ -നെഹ്റയുടെ നിഷ്കളങ്കമായ ബൗണ്‍സറില്‍ അന്തംവിട്ടത് ചോദ്യമെറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍.
നെഹ്റയുടെ ഉത്തരം പക്ഷേ, സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ട്രോളര്‍മാരാണ് ആഘോഷമാക്കിയത്. ബി.സി.സി.ഐയും മോശമാക്കിയില്ല. നെഹ്റയെ സോഷ്യല്‍ മീഡിയയില്‍ എത്തിക്കാമോയെന്ന് വീരേന്ദര്‍ സെവാഗിന് ചോദ്യമെറിഞ്ഞുകൊണ്ടാണ് ബി.സി.സി.ഐ ട്വീറ്റ് ചെയ്തത്. ഉടന്‍ ഉത്തരവാദിത്തം ഏറ്റെടുത്തതായി അറിയിച്ച് സെവാഗിന്‍െറ മറുപടിയുമത്തെി. ടീമിലെ സഹതാരങ്ങളും നെഹ്റയില്ലാത്ത ട്വിറ്റര്‍ ലോകത്ത് തമാശപങ്കിടാന്‍ തുടങ്ങി. രോഹിത് ശര്‍മ, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരുടെ ട്വീറ്റുകളായിരുന്നു ചൊവ്വാഴ്ച ഹിറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.