കല്ല്യാണ്‍ (പ. ബംഗാള്‍): രഞ്ജി ക്രിക്കറ്റ് പുതു സീസണിലെ ആദ്യ മത്സരത്തില്‍ ജമ്മു-കശ്മീരിനെതിരെ കേരളത്തിന് സമനില. രണ്ടാം ദിനം പെയ്ത മഴ കേരളത്തിന്‍െറ ഉറച്ചവിജയം തട്ടിയെടുത്തെങ്കിലും ഒന്നാം ഇന്നിങ്സിലെ ലീഡുമായി മൂന്ന് പോയന്‍റ് സ്വന്തമാക്കി. സഞ്ജു സാംസണിന്‍െറ സെഞ്ച്വറി മികവില്‍ 306 റണ്‍സ് അടിച്ചെടുത്ത കേരളത്തിനെതിരെ ജമ്മു ഒന്നാം ഇന്നിങ്സില്‍ 121 റണ്‍സിന് പുറത്തായി ഫോളോ ഓണ്‍ വഴങ്ങി. രണ്ടാം ഇന്നിങ്സില്‍ കൂട്ട ആത്മഹത്യക്ക് നില്‍ക്കാതെ പിടിച്ചുനിന്ന ജമ്മു സമനില പിടിച്ചു. കളി അവസാനിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെന്ന നിലയിലായിരുന്നു.
സഞ്ജുവിന്‍െറയും ജലജ് സക്സേനയുടെയും ബാറ്റിങ്ങിനു പിന്നാലെ, ബൗളിങ്ങില്‍ കെ. മോനിഷും (നാല് വിക്കറ്റ്), ഇഖ്ബാല്‍ അബ്ദുല്ലയും (മൂന്ന് വിക്കറ്റ്) തിളങ്ങി. അഞ്ചിന് 106 എന്ന നിലയില്‍ കളി പുനരാരംഭിച്ച ജമ്മു ഞായറാഴ്ച 15 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഓള്‍ഒൗട്ടായി. ആദില്‍ റഷിയാണ് (40) ടോപ് സ്കോറര്‍. 185 റണ്‍സ് ലീഡ് വഴങ്ങിയ ജമ്മു ഫോളോ ഓണ്‍ ചെയ്തപ്പോള്‍ എളുപ്പം കളി അവസാനിപ്പിക്കാനായിരുന്നു കേരളത്തിന്‍െറ നീക്കം. രണ്ടാം ഓവറില്‍ ആദില്‍ റഷിയെ (0) പുറത്താക്കി പ്രതീക്ഷ നല്‍കുകയും ചെയ്തു.
എന്നാല്‍, രണ്ടാം വിക്കറ്റില ശുഭം ഖജുരിയ (39 നോട്ടൗട്ട്), പ്രണവ് ഗുപ്ത (23) എന്നിവര്‍ ക്രീസില്‍ നിലയുറപ്പിച്ചത് കേരളത്തിന്‍െറ വിജയ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. 16ാം ഓവറിലാണ് കൂട്ടുകെട്ട് വഴിപിരിഞ്ഞത്. അടുത്ത 15 ഓവറില്‍ രണ്ട് വിക്കറ്റ് കൂടിയേ നഷ്ടമായുള്ളൂ. സഞ്ജുവാണ് കളിയിലെ കേമന്‍.
മറ്റുമത്സര ഫലങ്ങള്‍ ഝാര്‍ഖണ്ഡ് മഹാരാഷ്ട്രയെ ആറ് വിക്കറ്റിന് തോല്‍പിച്ചു. രഞ്ജിയിലെ അരങ്ങേറ്റത്തില്‍ ഛത്തിസ്ഗഢിന് ഒമ്പത് വിക്കറ്റ് ജയം. ചാമ്പ്യന്മാരായ മുംബൈ തമിഴ്നാടിനെ രണ്ട് വിക്കറ്റിന് തോല്‍പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.