ദുബൈ: ആദ്യം പന്തുകൊണ്ട് രവീന്ദ്ര ജദേജയുടെ ആക്രമണം. തൊട്ടുപിന്നാലെ ബാറ്റുമായി കൂറ്റൻ ഹിറ്റുകളുതിർത്ത് രോഹിത് ശർമയുടെ (104 പന്തിൽ 83 റൺസ്) താണ്ഡവം. ബംഗ്ലാദേശ് തവിടുപൊടി. ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഏഴു വിക്കറ്റിെൻറ ഉജ്ജ്വല ജയം. വ്യാഴാഴ്ച അഫ്ഗാനിസ്താനു മുന്നിൽ അടിതെറ്റിയ ബംഗ്ലാദേശ് ഇന്ത്യയോടേറ്റ തോൽവിയോടെ നിലംപരിശായി.
ടോസ് നേടിയ രോഹിത് ശർമ അയൽക്കാരെ ബാറ്റിങ്ങിനയച്ചപ്പോൾ ആരാധകർ ഞെട്ടിയിരുന്നു. എന്നാൽ, പന്തെടുത്തതോടെ അതുമാറി. ഭുവനേശ്വർകുമാറും ജസ്പ്രീത് ബുംറയും നൽകിയ തുടക്കം, രവീന്ദ്ര ജദേജ ഏറ്റെടുത്തതോടെ ബംഗ്ലാ കടുവകൾ 49.1 ഒാവറിൽ 173 റൺസിന് പുറത്തായി. ഒരു വർഷത്തിലേറെ നീണ്ട ഇടവേളക്കുേശഷം ഏകദിന ടീമിൽ തിരിച്ചെത്തിയ രവീന്ദ്ര ജദേജ നാലു വിക്കറ്റ് പ്രകടനവുമായി ഇന്ത്യൻ ആക്രമണത്തെ മുന്നിൽനിന്ന് നയിച്ചു.
ബംഗ്ലാ ഒാപണർമാരായ ലിറ്റൺ ദാസിനെയും (7) നസ്മുൽ ഹുസൈനെയും (7) ആദ്യ സ്പെല്ലിൽ തന്നെ മടക്കി ഭുവനേശ്വറും ബുംറയും നൽകിയ തുടക്കം പിന്നീട് ജദേജ ഏറ്റെടുക്കുകയായിരുന്നു. ഷാകിബ് (17), മുഷ്ഫിഖുർ (21), മുഹമ്മദ് മിഥുൻ (9), മുസദ്ദിക് ഹുസൈൻ (12) എന്നിവരെ ഹാർദികിന് പകരമെത്തിയ ജദേജ പുറത്താക്കി. ഏഴിന് 101 എന്നനിലയിൽ വൻ പ്രതിസന്ധിയിലായ ബംഗ്ലാദേശിനെ എട്ടാം വിക്കറ്റിൽ പൊരുതിയ മെഹ്ദി ഹസനും (42) ക്യാപ്റ്റൻ മുർതസയുമാണ് (26) പിടിച്ചുനിർത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിതും ശിഖർ ധവാനും (40) ചേർന്ന് മിന്നുന്ന തുടക്കംതന്നെ സമ്മാനിച്ചു. പാതിവഴിയിൽ ധവാനും പിന്നാലെ അമ്പാട്ടി റായുഡുവും (13) മടങ്ങിയെങ്കിലും മൂന്നാം വിക്കറ്റിലെത്തിയ എം.എസ്. ധോണി (33) രോഹിതിനൊപ്പം വിജയത്തിലേക്ക് നയിച്ചു. ബൗണ്ടറിയിലൂടെ വിജയ റൺ സമ്മാനിക്കാനുള്ള ധോണിയുടെ ശ്രമം വിക്കറ്റായി അവസാനിച്ചു. പിന്നെ ക്രീസിലെത്തിയ ദിനേശ് കാർത്തികിനായിരുന്നു (1) വിന്നിങ് റണ്ണിനുള്ള നിയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.