അഡെലയ്ഡ്: ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലും പാകിസ്താന് ഇന്നിങ്സ് തോൽവി. അഡെലയ്ഡിൽ നടന്ന രാപ്പകൽ ടെസ്റ്റിൽ ഇന്നിങ്സിനും 48 റൺസിനും ജയിച്ച് ഓസീസ് പരമ്പരയിൽ 2-0ന് മുന്നിലെത്തി. സ്പിന്നർ നതാൻ ലിയോണിെൻറ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്നിങ്സ് വിജയത്തിന് സഹായിച്ചത്.
ഡേവിഡ് വാർണർ പുറത്താകാതെ നേടിയ 335 റൺസിെൻറ സഹായത്താൽ ഓസീസ് മൂന്ന് വിക്കറ്റിന് 589 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. സ്പിന്നർ യാസിർ ഷായുടെ സെഞ്ച്വറിയുടെയും ബാബർ അഅ്സത്തിെൻറ 97 റൺസിെൻറയും മികവിൽ ആദ്യ ഇന്നിങ്സിൽ 302 റൺസെടുത്ത പാകിസ്താന് രണ്ടാം ഇന്നിങ്സിൽ 239 റൺസെടുക്കാനേ സാധിച്ചുള്ളൂ. ആസ്ട്രേലിയ തുടർച്ചയായ ആറാം രാപ്പകൽ ടെസ്റ്റാണ് വിജയിച്ചത്. ഇതിൽ നാലും അഡെലയ്ഡിൽ ആണ്.
ഇന്നിങ്സ് തോൽവി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിങ്കളാഴ്ച ആസാദ് ഷഫീഖും ഷാൻ മസൂദും ബാറ്റിങ് തുടങ്ങിയത്. മൂന്നിന് 20 റൺസെന്ന നിലയിൽ ഒത്തുചേർന്ന ഇരുവരും നാലാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടുയർത്തി പ്രതീക്ഷയുയർത്തിയെങ്കിലും 68 റൺസെടുത്ത ഷാൻ മസൂദിനെ മിച്ചൽ സ്റ്റാർക്കിെൻറ കൈയിലെത്തിച്ച് ലിയോൺ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു.
ആസാദ് ഷഫീഖും (57) ലിയോണിന് മുന്നിൽ വീണതോടെ പാക് പട ഇന്നിങ്സ് പരാജയം മുന്നിൽ കണ്ടു. ഇഫ്തിഖാർ അഹമ്മദ് (27), മുഹമ്മദ് റിസ്വാൻ (45) എന്നിവർ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ജോഷ് ഹേസൽവുഡും ലിയോണും ചേർന്ന് നാലാം ദിവസം തന്നെ കളി അവസാനിപ്പിക്കുകയായിരുന്നു. ലിയോൺ 69 റൺസിന് അഞ്ചും ഹേസൽവുഡ് 63 റൺസിന് മൂന്നും വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.