തോല്‍വി സമ്മതിച്ച് പാകിസ്താന്‍; പരമ്പര ഓസീസ് തൂത്തുവാരി 

സിഡ്നി: ഒടുവില്‍ അവസാന ടെസ്റ്റിലും മുഖം രക്ഷിക്കാന്‍ പാകിസ്താനായില്ല. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ പാകിസ്താനെ 220 റണ്‍സിന് തോല്‍പിച്ച് പരമ്പര 3-0ത്തിന് ഓസീസ് തൂത്തുവാരി. 465 എന്ന റണ്‍മല ലക്ഷ്യംവെച്ച് അവസാന ഇന്നിങ്സിനിറങ്ങിയ പാകിസ്താന്‍െറ മുഴുവന്‍ വിക്കറ്റുകളും 244ന് വീണുടയുകയായിരുന്നു. മൂന്നു വിക്കറ്റ് വീതം നേടി ജോഷ് ഹാസല്‍വുഡും സ്പിന്നര്‍ സ്റ്റീവ് ഒകീഫും സന്ദര്‍ശകരുടെ അവസാന പ്രതീക്ഷകളും തകര്‍ത്തെറിഞ്ഞു. ആസ്ട്രേലിയന്‍ ഓപണര്‍ ഡേവിഡ് വാര്‍ണര്‍ മാന്‍ ഓഫ് ദ മാച്ച് ആയപ്പോള്‍ ടീമിന്‍െറ നായകന്‍ സ്റ്റീവ് സ്മിത്ത് പ്ളയര്‍ ഓഫ് ദ സീരീസായി.

വിജയം അപ്രാഭ്യമാണെന്ന് മനസ്സിലാക്കി അവസാനദിനം കളത്തിലിറങ്ങിയ പാകിസ്താന്‍ സമനിലമാത്രം മുന്നില്‍കണ്ട് ബാറ്റ് വീശിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുടഞ്ഞതോടെ പോരാട്ടം അവസാനിക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹ്മദിന്‍െറ പുറത്താകാതെയുള്ള 72 റണ്‍സാണ് അവസാനദിനം പാക് നിരയിലെ മികച്ച ഇന്നിങ്സ്. സര്‍ജീല്‍ ഖാനും (40) വിരമിക്കാനൊരുങ്ങുന്ന വെറ്ററന്‍ താരം മിസ്ബാഹുല്‍ ഹഖും (38) ആസാദ് ഷഫീഖും (30) പൊരുതിയെങ്കിലും രക്ഷയുണ്ടായിരുന്നില്ല. കഴിഞ്ഞ ഇന്നിങ്സില്‍ സെഞ്ച്വറിയുമായി തിളങ്ങിയിരുന്ന യൂനുസ് ഖാനും (13) ഇക്കുറി പിടിച്ചുനിന്നില്ല. മൂന്നു ടെസ്റ്റിലും സ്ഥിരതയാര്‍ന്ന പ്രകടനം കഴ്ചവെച്ച ഓപണര്‍ അസ്ഹര്‍ അലി ആസ്ട്രേലിയയിലെ ഒരു സീരീസില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന പാക് താരമായി (406). 

Tags:    
News Summary - australia pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.