മുംബൈ: നായകൻ വിരാട് കോഹ്ലിയുടെ സെഞ്ച്വറിക്കും ഇന്ത്യയെ രക്ഷിക്കാനായില്ല. ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിെൻറ ആധികാരിക ജയവുമായി ന്യൂസിലൻഡ് ഏകദിന പരമ്പരയിൽ മുന്നിലെത്തി. ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ കോഹ്ലിയുടെ (121) കരുത്തിൽ 50 ഒാവറിൽ എട്ട് വിക്കറ്റിന് 280 റൺസെടുത്തപ്പോൾ കിവീസ് ആറ് പന്ത് ബാക്കിയിരിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു.
സെഞ്ച്വറി നേടിയ ടോം ലതാമും (103 നോട്ടൗട്ട്) അഞ്ച് റൺസകലെ ശതകം നഷ്ടമായ റോസ് ടെയ്ലറും (95) ആണ് ന്യൂസിലൻഡിനെ ജയത്തിലേക്ക് നയിച്ചത്. മൂന്നിന് 80 എന്ന സ്കോറിൽ ഒത്തുചേർന്ന ഇരുവരും മൂന്നാം വിക്കറ്റിന് 200 റൺസിെൻറ കൂട്ടുകെട്ടുയർത്തിയാണ് ടീമിെൻറ രക്ഷകരായത്. മധ്യനിരക്ക് ശക്തിപകരാൻ ഒാപണർ സ്ഥാനത്തുനിന്ന് അഞ്ചാം നമ്പറിലേക്ക് ഇറങ്ങിയ ആദ്യ കളിയിൽത്തന്നെ തകർപ്പൻ പ്രകടനവുമായി 102 പന്തിൽനിന്ന് രണ്ട് സിക്സും എട്ട് ഫോറുമടക്കമാണ് ലതാം കരിയറിലെ നാലാം സെഞ്ച്വറി കുറിച്ചത്. ഇന്ത്യയുടെ റിസ്റ്റ് സ്പിന്നർമാരെ സ്വീപ് ഷോട്ടുകളുമായി എതിരിട്ടാണ് ലതാമും ടെയ്ലറും ആധിപത്യം സ്വന്തമാക്കിയത്. ടെയ്ലർ 100 പന്തിൽ എട്ട് ബൗണ്ടറിയടക്കമാണ് 95 റൺസെടുത്തത്. മാർട്ടിൻ ഗപ്റ്റിൽ (32), കോളിൻ മൺറോ (28), ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (ആറ്) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാർ.
നേരത്തേ കോഹ്ലിയുടെ മികച്ച ഇന്നിങ്സാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. 125 പന്തിൽ രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം തെൻറ 200 മത്സരത്തിൽ 31ാം ശതകം കുറിച്ച കോഹ്ലിക്ക് ആരിൽനിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. ദിനേശ് കാർത്തിക് (37), എം.എസ്. ധോണി (26), ഭുവനേശ്വർ കുമാർ (25), രോഹിത് ശർമ (20) എന്നിവരാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. കിവീസ് നിരയിൽ ട്രെൻറ് ബോൾട്ട് 35 റൺസിന് നാലു വിക്കറ്റ് വീഴ്ത്തി. രണ്ടാം മത്സരം ബുധനാഴ്ച പുണെയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.