കാർഡിഫ്: ചാമ്പ്യൻസ് ട്രോഫിയിൽ ഇനി തൊട്ടാൽ പൊള്ളുന്ന േപാരാട്ടം. ഗ്രൂപ്പും പോയൻറും സമനിലയും മഴയുമെല്ലാം മറക്കാം. ഇനിയുള്ള കണക്കുകളിൽ ജയവും തോൽവിയും മാത്രം. ജയിച്ചാൽ ഫൈനൽ, തോറ്റാൽ പുറത്ത്. എട്ടു പേരിൽ തുടങ്ങിയ പോരിടത്തിൽ അവശേഷിക്കുന്നത് നാല് ടീം. ആദ്യ ഫൈനലിസ്റ്റിനെ തേടി കാർഡിഫിലെ സോഫിയ ഗാർഡനിൽ ബുധനാഴ്ച പാകിസ്താനും ഇംഗ്ലണ്ടും ഏറ്റുമുട്ടും. ഉച്ചക്കുശേഷം മൂന്നിനാണ് മത്സരം. രണ്ടാം സെമിയിൽ ഇന്ത്യക്ക് ബംഗ്ലാദേശാണ് എതിരാളി. പതിവുപോലെ, ഉരുണ്ടുകൂടിയ കാർമേഘങ്ങൾക്കു താഴെയാണ് ഇരുടീമുകളും ടോസിനിറങ്ങുന്നത്.
ഒരുപടി മുന്നിൽ ഇംഗ്ലണ്ട്
കണക്കിലെ കളിയിൽ തുല്യശക്തികളാണ് പാകിസ്താനും ഇംഗ്ലണ്ടും. പേക്ഷ, നിലവിലെ ഫോം കണക്കാക്കിയാൽ പച്ചപ്പടയേക്കാൾ ഒരുപടി മുന്നിലാണ് ഇംഗ്ലണ്ട്. ടൂർണമെൻറിലെ മൂന്ന് കളിയും ജയിച്ച് ആറ് പോയൻറുമായാണ് ആതിഥേയർ സെമിയിലെത്തിയത്. ടൂർണമെൻറിൽ തോൽവിയറിയാത്ത ഒരേയൊരു ടീം. ആസ്ട്രേലിയയും ന്യൂസിലൻഡും ബംഗ്ലാദേശും ഇംഗ്ലീഷ് ബാറ്റിെൻറ ചൂടറിഞ്ഞവരാണ്. ഇൗ നിരയിലേക്കാണ് പാകിസ്താെൻറ വരവ്. ക്രിക്കറ്റിെൻറ കാരണവന്മാരായിട്ടും െഎ.സി.സി ട്രോഫികളൊന്നും കിട്ടിയില്ലെന്ന സങ്കടവുംപേറിയാണ് ഇംഗ്ലീഷ് പട സ്വന്തം നാട്ടുകാരുടെ മുന്നിൽ കളിക്കാനിറങ്ങിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങുന്ന ബെൻ സ്റ്റോക്സാണ് ഇയാൻ മോർഗെൻറ കൈയിലെ വജ്രായുധം. ഒരു സെഞ്ച്വറി ഉൾപ്പെടെ മൂന്നു മത്സരങ്ങളിൽനിന്ന് 212 റൺസെടുത്ത ജോ റൂട്ടും നായകൻ ഇയാൻ മോർഗനുമാണ് ഇംഗ്ലീഷ് ബാറ്റിങ്ങിെൻറ നെടുന്തൂൺ. മോശം ഫോമിൽ തുടരുന്ന ഒാപണർ ജേസൺ റോയ് തലവേദനയാകുന്നുണ്ട്. റോയിക്കു പകരം ജോണി ബെയർസ്റ്റോയെ പരീക്ഷിക്കാൻ സാധ്യതയുണ്ട്. അലക്സ് ഹെയ്ൽസും ബെൻ സ്റ്റോക്സും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു. ബൗളിങ്ങിൽ പേസ് ബൗളർ ലിയാൻ പ്ലങ്കറ്റും സ്പിന്നർ ആദിൽ റഷീദും മികച്ച ഫോമിലാണ്.
അവസാന നാലിൽ ഇടംപിടിച്ചെങ്കിലും പാകിസ്താെൻറ നില അത്ര മെച്ചമല്ല. പ്രത്യേകിച്ച് ബാറ്റിങ്. ടൂർണമെൻറിലെ ബാറ്റ്സ്മാന്മാരുടെ പട്ടികയെടുത്തുനോക്കിയാൽ ഇക്കാര്യം വ്യക്തമാകും. പട്ടികയിലെ ആദ്യ 20 പേരിൽ ഒരു പാക്താരത്തിനുപോലും ഇടംപിടിക്കാനായിട്ടില്ല. മൂന്നു കളിയിൽനിന്നായി മൂന്നക്കം തികക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നതും അവരുടെ ബാറ്റിങ്ങിലെ പൊള്ളത്തരം വ്യക്തമാക്കുന്നു. മൂന്ന് കളിയിൽനിന്ന് 93 റൺസ് നേടിയ അസ്ഹർ അലി പട്ടികയിൽ 21ാം സ്ഥാനത്താണ്. 81 റൺസെടുത്ത ഫക്ഹർ സമാൻ 29ാം സ്ഥാനത്തും നായകൻ സർഫ്രാസ് 76 റൺസുമായി 32ാം സ്ഥാനത്തുമാണ്. നിർണായക ഘട്ടത്തിൽ ഇെട്ടറിഞ്ഞുപോകുന്ന മുഹമ്മദ് ഹഫീസും ശുെഎബ് മാലികുമാണ് മധ്യനിരയുടെ തകർച്ചക്ക് പ്രധാന ഉത്തരവാദികൾ. ഏക പ്രതീക്ഷ ബൗളിങ്ങിലാണ്. പേസ് ബൗളർമാരായ ഹസൻ അലിയും മുഹമ്മദ് ആമിറും ജുനൈദ് ഖാനും മോശമല്ലാതെ എറിയുന്നുണ്ട്. സ്പിന്നർ ഇമാദ് വസീം വൻ പരാജയമാണ്. എതിരാളികളെ വിറപ്പിക്കുന്നുണ്ടെങ്കിലും ആമിറിന് ഇതുവരെ നേടാനായത് രണ്ട് വിക്കറ്റ് മാത്രമാണ്. എങ്കിലും, തങ്ങളുടേതായ ദിവസം ആരെയും തോൽപിക്കാൻ കഴിവുള്ള ടീമാണ് പാകിസ്താനെന്ന് ഇംഗ്ലണ്ട് പലതവണ അനുഭവിച്ചറിഞ്ഞതാണ്.
രണ്ടിലൊന്നറിയാൻ ഇന്ത്യ
വ്യാഴാഴ്ചയാണ് ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം സെമി. ന്യൂസിലൻഡും ആസ്ട്രേലിയയുമുള്ള ഗ്രൂപ്പിൽനിന്ന് അവരെ മറികടന്നെത്തിയ ബംഗ്ലാദേശിനെ നിസ്സാരരായി കാണില്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, എല്ലാവരും ആഗ്രഹിക്കുന്നത് ഇന്ത്യ-ഇംഗ്ലണ്ട് ഫൈനൽ കാണാനാണെന്ന് നായകൻ പറയുന്നു. പാകിസ്താനും ബംഗ്ലാദേശും പുറത്താകുമെന്ന പരോക്ഷ സൂചനയാണ് കോഹ്ലി ഇതുവഴി നൽകിയത്. ആദ്യമായി സെമിഫൈനലിനെത്തുന്ന ബംഗ്ലാദേശും കിരീടം നിലനിർത്താനെത്തുന്ന ഇന്ത്യയും എഡ്ജ്ബാസ്റ്റണിലാണ് ഏറ്റുമുട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.