ലണ്ടൻ: മഴമേഘങ്ങൾക്കുകീഴെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നു. ഗ്രൂപ് ബി പോരാട്ടത്തിൽ അയൽക്കാരായ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ കളിയിൽ പാകിസ്താനെ 124 റൺസിന് തകർത്തതിെൻറ ആത്മവിശ്വാസത്തിലാണ് വിരാട് കോഹ്ലിയും സംഘവും ഇറങ്ങുന്നതെങ്കിൽ ദക്ഷിണാഫ്രിക്കയോട് 96 റൺസിെൻറ കനത്ത തോൽവിക്കുശേഷമാണ് ലങ്കയുടെ വരവ്. ഇരുടീമുകളും തമ്മിൽ പ്രതിഭയിലും ഫോമിലും അജഗജാന്തരമുള്ളതിനാൽ പോരാട്ടം അനായാസമാവുമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. ലങ്കയാവെട്ട ഏവരും എഴുതിത്തള്ളിയിരിക്കുന്ന അവസ്ഥയിൽനിന്ന് വിജയത്തോടെ ഉയിർത്തെഴുന്നേൽക്കാനാവുമെന്ന പ്രതീക്ഷയിലും.
ഇൗ ചാമ്പ്യൻസ് ട്രോഫിയിലെ പ്രധാന ‘കളിക്കാരനായ’ മഴയുടെ ഭീഷണിയിൽനിന്ന് ഒാവലിലെ മൈതാനവും മുക്തമല്ല എന്നതാവും ഇന്നും ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാക്കുന്നത്. കനത്തമഴക്ക് 40 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ എല്ലാ വിഭാഗത്തിലും മികവുമായാണ് ടൂർണമെൻറിനെത്തിയത്. ആദ്യ കളിയിലെ പിഴവുകളില്ലാത്ത പ്രകടനത്തിലൂടെ എതിരാളികൾക്കെല്ലാം ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തു. പാകിസ്താനെതിരെ ആദ്യ നാലു ബാറ്റ്സ്മാന്മാരും അർധശതകം കണ്ടെത്തിയതോടെ ബാറ്റിങ് ട്രാക്കിലായി എന്ന ആശ്വാസത്തിലാണ് ക്യാപ്റ്റൻ. പരിക്കുമാറി തിരിച്ചെത്തിയ രോഹിത് ശർമയും യുവരാജ് സിങ്ങും ഫോം കണ്ടെത്തിയതാണ് നിർണായകം. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫി മുതൽ രൂപപ്പെട്ട രോഹിത്-ശിഖർ ധവാൻ ഒാപണിങ് സഖ്യത്തിെൻറ ഫോമിലേക്കുള്ള തിരിച്ചുവരവാണ് ടീമിന് ഏറെ ആത്മവിശ്വാസം പകരുന്നത്. പനി മൂലം രണ്ടു പരിശീലനമത്സരങ്ങളും നഷ്ടമായ യുവരാജ് അതിെൻറ യാതൊരു കുറവും കാണിക്കാത്ത ബാറ്റിങ്ങായിരുന്നു പുറത്തെടുത്തത്.
ബൗളിങ് ഡിപ്പാർട്മെൻറാവെട്ട സമീപകാലത്തെ ഏറ്റവുംമികച്ച അവസ്ഥയിലാണ്. ടീമിെൻറ പ്രധാന ബൗളർമാരായ രവിചന്ദ്ര അശ്വിനും മുഹമ്മദ് ഷമിക്കും പ്ലേയിങ് ഇലവനിൽ അവസരമില്ലെന്നതിൽ കൂടുതൽ എന്തു തെളിവുവേണം ബൗളിങ് കരുത്ത് അളക്കാൻ. പേസർമാരായ ഭുവനേശ്വർ കുമാറും ഉമേഷ് യാദവും ജസ്പ്രീത് ബുംറയും സ്പിന്നർ രവീന്ദ്ര ജദേജയുമെല്ലാം മികച്ച രീതിയിലാണ് പന്തെറിയുന്നത്. സീമിങ് ഒാൾറൗണ്ടറായ ഹാർദിക് പാണ്ഡ്യയാണ് മറ്റൊരു മുതൽകൂട്ട്. വിക്കറ്റെടുക്കാനും വമ്പനടികൾ ഉതിർക്കാനും ഹാർദിക്കിനുള്ള കഴിവ് പാകിസ്താനെതിരെ കണ്ടതാണ്. അഞ്ചും ആറും നമ്പറിൽ ഇറങ്ങുന്ന എം.എസ്. ധോണിക്കും േകദാർ ജാദവിനും നോക്കൗട്ട് മത്സരങ്ങൾക്കുമുമ്പ് മതിയായ ബാറ്റിങ് അവസരം കിട്ടുമോ എന്നതുമാത്രമാണ് ഇന്ത്യയെ അലട്ടുന്ന ഏകപ്രശ്നം.
മറുഭാഗത്ത് പ്രതിഭാരാഹിത്യത്തിെൻറയും മോശം ഫോമിെൻറയും പടുകുഴിയിലാണ് മരതകദ്വീപുകാർ. പരിക്ക് ഭേദമായിട്ടില്ലാത്ത നായകൻ എയ്ഞ്ചലോ മാത്യൂസ് വ്യാഴാഴ്ചയും ഇറങ്ങുമോ എന്നുറപ്പില്ല. കൂനിന്മേൽ കുരുവായി സ്റ്റാൻഡിങ് ക്യാപ്റ്റൻ ഉപുൽ തരംഗക്ക് കുറഞ്ഞ ഒാവർ നിരക്കിെൻറ പേരിൽ ലഭിച്ച രണ്ടു മത്സരങ്ങളിലെ വിലക്കും. ബാറ്റ്സ്മാൻ മാത്രമായി മാത്യൂസ് കളത്തിലെത്തുമെന്നാണ് സൂചന.
യുവതാരങ്ങളായ കുശാൽ മെൻഡിസ്, നിരോഷൻ ഡിക്കിവെല്ല, പരിചയസമ്പന്നരായ ദിനേശ് ചണ്ഡിമൽ, ചാമര കപുഗദേര എന്നിവർ അവസരത്തിനൊത്തുയർന്നാൽ ലങ്കൻ ബാറ്റിങ് ക്ലിക്കാവും. ബൗളിങ്ങിൽ ലസിത് മലിംഗ, നുവാൻ കുലശേഖര തുങ്ങിയവരുടെ അനുഭവപരിചയം ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് ടീം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.