കാർഡിഫ്: പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ. ഗ്രൂപ് ബിയിലെ രണ്ടാം ‘ക്വാർട്ടർ ഫൈനലി’ൽ ശ്രീലങ്കയെ മൂന്നു വിക്കറ്റിന് തോൽപിച്ചാണ് പാകിസ്താൻ അവസാന നാലിലെത്തിയത്. ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ഇംഗ്ലണ്ട് പാകിസ്താനെയും വ്യാഴാഴ്ച രണ്ടാം സെമിയിൽ ഇന്ത്യ ബംഗ്ലാദേശിനെയും നേരിടും.
ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയെ 49.2 ഒാവറിൽ 236 റൺസിലൊതുക്കിയ പാകിസ്താൻ 31 പന്ത് ബാക്കിയിരിക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. ഒരു ഘട്ടത്തിൽ ഏഴിന് 162 എന്ന നിലയിൽ പരാജയം തുറിച്ചുനോക്കിയ പാകിസ്താനെ അപരാജിത അർധ ശതകവുമായി നായകൻ സർഫറാസ് അഹ്മദാണ് (61) വിജയതീരത്തെത്തിച്ചത്. മുഹമ്മദ് ആമിറും (28 നാട്ടൗട്ട്) പിന്തുണ നൽകി.
നേരത്തേ, പാക് പേസർമാരുടെ മികച്ച പ്രകടനമാണ് ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ നടുവൊടിച്ചത്. മൂന്നു വിക്കറ്റ് വീതം പിഴുത ജുനൈദ് ഖാനും ഹസൻ അലിക്കും രണ്ടു വിക്കറ്റ് വീതമെടുത്ത ആമിറും അരങ്ങേറ്റക്കാരൻ ഫാഹിം അഷ്റഫും പിന്തുണയേകി. ലങ്കൻനിരയിൽ അർധസെഞ്ച്വറി നേടിയ ഒാപണർ നിരോഷൻ ഡിക്ക്വെല്ല (73) മാത്രമാണ് തിളങ്ങിയത്. ക്യാപ്റ്റൻ എയ്ഞ്ചലോ മാത്യൂസ് (39), കുശാൽ മെൻഡിസ് (27), അസേല ഗുണരത്നെ (27), സുരംഗ ലക്മൽ (26) എന്നിവരുടെ ചെറുത്തുനിൽപാണ് സ്കോർ 236ലെത്തിച്ചത്.
സ്കോർ 26ലെത്തിയപ്പോൾ ധനുഷ്ക ഗുണതിലകയെ (13) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ മെൻഡിസിനെ കൂട്ടുപിടിച്ച് ഡിക്ക്വെല്ല 56 റൺസ് കൂട്ടുകെട്ടുണ്ടാക്കിയതോടെ ലങ്ക ട്രാക്കിലായെന്ന് തോന്നിച്ചതാണ്. എന്നാൽ, 82ൽ മെൻഡിസും ഒരു റൺ കൂടി ചേർക്കുേമ്പാഴേക്കും ദിനേശ് ചാണ്ഡിമലും മടങ്ങിയതോടെ ബാക്ഫൂട്ടിലായി. ഇൗ ഘട്ടത്തിൽ ക്രീസിൽ ഒരുമിച്ച ഡിക്ക്വെല്ലയും മാത്യൂസും 16.1 ഒാവറിൽ 78 റൺസ് ചേർത്ത് ടീമിനെ മുന്നോട്ടുനയിച്ചെങ്കിലും തുടരെ നാലു വിക്കറ്റുകൾ നഷ്ടമായി ഏഴിന് 167 എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീടായിരുന്നു ഗുണരത്നെയുടെയും ലക്മലിെൻറയും രക്ഷാപ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.