മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൻെറ ടീമിൻറെ സ്പോൺസർമാരായി തുടരാൻ സ്റ്റാർ ഇന്ത്യക്ക് താൽപര്യമില്ലെന്ന് റിപ്പോർട്ടുകൾ. മത്സരങ്ങളുടെ ഭാവിയെകുറിച്ചുള്ള അവ്യക്തത കാരണമാണ് തീരുമാനം. ടീം ഇന്ത്യ ജേഴ്സിയുടെ സ്പോൺസർമാരാകുന്നതിനുള്ള രണ്ടാംഘട്ട ലേലത്തിൽ കമ്പനി പങ്കെടുക്കില്ല. 'ഞങ്ങളുടെ പേര് ടീം ഇന്ത്യ ജേഴ്സിയിൽ കാണുന്നത് വളരെ അഭിമാനമായിരുന്നു. എന്നാലിപ്പോൾ ഒരു അസ്ഥിരത നിലനിൽക്കുന്നു. ലേലത്തിൽ പങ്കെടുക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്'-സ്റ്റാർ ഇന്ത്യ സി.ഇ.ഒ ഉദയ് ശങ്കർ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.
സ്റ്റാർ ഇന്ത്യയുടെ തീരുമാനത്തിന് പിന്നിൽ എന്താണെന്ന് വ്യക്തമല്ല. ഐ.സി.സി- ബി.സി.സി.ഐ നിലപാടുകളുടെ വൈരുദ്ധ്യവും, കളിയുടെ വളർച്ചക്ക് തടസ്സമുണ്ടാക്കുന്ന തീരുമാനങ്ങളെടുക്കുന്നതുമാണ് തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു. ബി.സി.സി.ഐ സമീപകാലത്ത് സൃഷ്ടിച്ച നിയമപോരാട്ടങ്ങളും കാരണമായിട്ടുണ്ട്. നിലവിൽ ക്രിക്കറ്റ് ബോർഡ് ഭരിക്കുന്നത് സുപ്രിംകോടതി നിയോഗിച്ച വിനോദ് റായ് യുടെ നേതൃത്വത്തിലുള്ള സമിതിയാണ്.
സ്റ്റാർ ഇന്ത്യയും ബി.സി.സി.ഐയും തമ്മിലുള്ള കരാർ ഇപ്പോൾ നടക്കുന്ന ഇന്ത്യ-ഓസീസ് പര്യടനത്തോടെ അവസാനിക്കും. പുതിയ സ്പോൺസർമാരായി മൊബൈൽ ഡിജിറ്റൽ രംഗത്തെ അതികായരെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ പേയ്മെന്റ് പോർട്ടലുകളിൽ ഒന്നായ പേടീഎം സ്പോൺസർ സ്ഥാനത്തേക്ക് വരുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ബി.സി.സി.ഐ മത്സരങ്ങളുടെ സ്പോൺസർമാരാണ് പേടീഎം. രാജ്യത്താകമാനം ഇന്‍റർനെറ്റ് സൗജന്യമായി കൊടുത്ത് വിപ്ലവം സൃഷ്ടിച്ച റിലയൻസ് ജിയോയാണ് സാധ്യത ലിസ്റ്റിലുള്ള മറ്റൊരു കമ്പനി. ജൂൺ ഒന്നിന് ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ പുതിയ സ്പോൺസർമാരെ കാണാം.
സീനിയർ, ജൂനിയർ, വനിതാ ടീമുകളുടെ ജേഴ്സിയിലാണ് സ്പോൺസർഷിപ്പ്. 2013 ഡിസംബറിലാണ് സഹാറയിൽ നിന്ന് സ്റ്റാർ ഇന്ത്യ സ്പോൺസർഷിപ്പ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.