‘കശ്​മീരിനെ വി​ട്ടേക്കൂ, പരാജയപ്പെട്ട നിങ്ങളുടെ രാജ്യത്തിനുവേണ്ടി വല്ലതും ചെയ്യൂ’ -അഫ്രീദിയോട്​ റെയ്​ന 

ന്യൂഡൽഹി: ഇന്ത്യക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ മുൻ പാകിസ്​താൻ ക്രിക്കറ്റ്​ താരം ശാഹിദ്​ അഫ്രീദിക്കെതിരെ കൂടുതൽ ഇന്ത്യൻ താരങ്ങൾ രംഗത്തെത്തി. പാക്​ അധീന കശ്​മീർ സന്ദർശിച്ച വേളയിൽ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ വിദ്വേഷം കലർന്ന പ്രസ്​താവന നടത്തിയ അഫ്രീദിയുടെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സമൂഹത്തിൽ പ്രസക്​തനായി നിലനിൽക്കാൻ അഫ്രീദി നടത്തുന്ന ഇത്തരം പരാമർശങ്ങളെ ട്വിറ്ററിലൂടെ വെറ്ററൻ ബാറ്റ്​സ്​മാൻ സുരേഷ്​ റെയ്​ന രൂക്ഷമായി വിമർശിച്ചു. 

‘പ്രസ്​ക്തനായി നിലനിൽക്കാൻ ഒരാൾ എന്തൊക്കെ ചെയ്യണം. പ്രത്യേകിച്ച്​ ദാനം സ്വീകരിച്ച്​ ജീവിക്കുന്ന ഒരു രാജ്യത്താകു​േമ്പാൾ​. അതുകൊണ്ട്​ പരാജയപ്പെട്ട താങ്കളുടെ രാജ്യത്തിനുവേണ്ടി വല്ലതും ചെയ്യുക. കശ്​മീരിനെ വെറുതെവിടുക. ഞാനൊരു അഭിമാനിയായ കശ്​മീരിയാണ്​. അന്യാധീനപ്പെടുത്താന്‍ സാധ്യമല്ലാത്ത ഇന്ത്യയുടെ ഭാഗമായി കശ്​മീർ എന്നും നിലനിൽക്കും. ജയ്​ ഹിന്ദ്​’- റെയ്​ന ട്വിറ്ററിൽ കുറിച്ചു. 

‘ഞാന്‍ നിങ്ങളുടെ മനോഹര ഗ്രാമത്തിലാണ് എത്തിയിരിക്കുന്നത്. ഏറെ നാളായി ഇവിടെ സന്ദര്‍ശിക്കണമെന്നത് ആഗ്രഹിച്ചിരുന്നു. ലോകം വലിയൊരു രോഗത്തിൻെറ പിടിയിലാണ്. എന്നാല്‍, അതിനേക്കാള്‍ മോശം രോഗമാണ് നരേന്ദ്ര മോദിയുടെ മനസിൽ. പാകിസ്​താൻെറ മൊത്തം സൈനിക ബലമായ ഏഴുലക്ഷം സൈനികരെയാണ് മോദി കശ്മീരിൽ വിന്യസിച്ചിരിക്കുന്നത്’ -പാക്​ അധീന കശ്​മീർ സന്ദർശന വേളയിൽ ചുറ്റും നിന്നവരോടായി അഫ്രീദി പറഞ്ഞു. 

വൈറലായ വിഡിയോയിൽ കശ്മീരില്‍ നിന്നുള്ള ടീം പാകിസ്​താൻ സൂപ്പര്‍ ലീഗിൻെറ അടുത്ത സീസണിൽ കളിക്കുമെന്നതാണ്​ തൻെറ പ്രതീക്ഷയെന്നും ആ ടീമിൽ ചേരാൻ ആഗ്രഹമുണ്ടെന്നും അഫ്രീദി പറയുന്നുണ്ട്​.

ഇതിനെതിരെ ലോക്​സഭാംഗവും മുൻ ഇന്ത്യൻ താരവുമായ ഗൗതം ഗംഭീറാണ്​ ആദ്യം രംഗത്തെത്തിയത്​. ശേഷം മുൻ ഓൾറൗണ്ടർ യുവരാജ്​ സിങ്​, ഓഫ്​ സ്​പിന്നർ ഹർഭജൻ സിങ്​, ഓപണർ ശിഖർ ധവാൻ എന്നിവരും പ്രതികരിച്ചു.  

‘20 കോടി ജനങ്ങളുടെ പിന്തുണയുള്ള ഏഴുലക്ഷം സൈനികരുണ്ടെന്നാണ് പതിനാറുകാരനായ അഫ്രീദി പറയുന്നത്​. എന്നിട്ടും 70 വര്‍ഷമായി കാശ്മീരിന് വേണ്ടി യാചിച്ചുകൊണ്ടിരിക്കുന്നു. അഫ്രീദി, ഇമ്രാന്‍, ബജ്‌വ എന്നിവര്‍ ഇന്ത്യക്കും നരേന്ദ്ര മോദിക്കും എതിരെ വിഷം തുപ്പി പാകിസ്താനികളെ വിഡ്ഡികളാക്കുകയാണ്. വിധിദിനം വരെ കശ്മീര്‍ കിട്ടുമെന്ന് കൊതിക്കേണ്ട. ബംഗ്ലാദേശ് ഓര്‍മയുണ്ടല്ലോ’ -ഗംഭീർ ട്വിറ്ററിലൂടെ അഫ്രീദിക്ക്​ ചുട്ടമറുപടി പറഞ്ഞു.

 

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഫ്രീദി നടത്തിക്കൊണ്ടുപോകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്​ സഹായം ചെയ്​ത്​ പുലിവാല്​ പിടിച്ച യുവരാജും ഹർഭജനും  അഫ്രീദിയുമായുള്ള സൗഹൃദം വരെ ഉപേക്ഷിക്കുകയാണെന്ന്​ പ്രഖ്യാപിച്ചു. 

ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കുമെതിരായ വാക്കുകൾ നിരാശാജനകവും ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതുമാണ്​. നിങ്ങളുടെ അഭ്യർഥന പ്രകാരം അന്ന്  സഹായിക്കാൻ ആഹ്വാനം ചെയ്തത് മനുഷ്യത്വത്തിൻെറ പേരിലാണ്. പക്ഷേ ഇനിയൊരിക്കലും അതുണ്ടാകില്ല- യുവരാജ്​ ട്വീറ്റ്​ ചെയ്​തു. 
മനുഷ്യത്വത്തിൻെറ പേരിലാണ്​ അഫ്രീദിയുടെ ജീവകാരുണ്യപ്രവർത്തനങ്ങളോട്​ സഹകരിച്ചതെന്നും അദ്ദേഹവുമായുള്ള സൗഹൃദം ഒരു അടഞ്ഞ അധ്യായമാണെന്നും ഹർഭജനും വ്യക്​തമാക്കി. 

 

ലോകം മുഴുവൻ കൊറോണ വൈറസിനെ തുരത്താൻ ശ്രമിക്കുമ്പോൾ അഫ്രീദിയുടെ വേദന കശ്മീരിനെ ഓർത്താണ്. കശ്മീർ അന്നും ഇന്നും എന്നും ഞങ്ങളുടേതാണ്. നിങ്ങൾക്ക് 22 കോടി പേരുണ്ടെങ്കിലും ഞങ്ങളുടെ ഒരാൾ നിങ്ങളുടെ 15 ലക്ഷം പേർക്ക് തുല്യമാണ്. ബാക്കി സ്വന്തം ഇരുന്ന് കണക്കുകൂട്ടിക്കോ’  ധവാൻ അഭിപ്രായപ്പെട്ടു.

 

Tags:    
News Summary - 'Do something for your failed nation': Suresh Raina hits back at Shahid Afridi over his Kashmir remarks- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.