കൊൽക്കത്ത: ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രത്യാക്രമണ ബാറ്റിങ്ങും ഭുവനേശ്വർ കുമാറിെൻറ തകർപ്പൻ ബൗളിങ്ങും അകമ്പടിയേകിയ അഞ്ചാം ദിനം നാടകീയ നിമിഷങ്ങൾക്കൊടുവിൽ ഇന്ത്യക്ക് അവിസ്മരണീയ ജയം തലനാരിഴക്ക് വഴിമാറി. മത്സരത്തിലുടനീളം വില്ലൻവേഷം കെട്ടിയ വെളിച്ചക്കുറവ് വീണ്ടും വിരുന്നെത്തിയപ്പോൾ 20 ഒാവർ ശേഷിക്കെ ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ് സമനിലയിലായി.
കോഹ്ലിയുടെ 18ാമത് ടെസ്റ്റ് സെഞ്ച്വറിയുടെയും 50ാമത് അന്താരാഷ്ട്ര സെഞ്ച്വറിയുടെയും കരുത്തിൽ രണ്ടാം ഇന്നിങ്സിൽ എട്ടു വിക്കറ്റിന് 352 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്ത് ഇന്ത്യ വെച്ചുനീട്ടിയ 231 വിജയലക്ഷ്യത്തിനു മുന്നിൽ ഏഴിന് 75 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ലങ്ക ഭാഗ്യത്തിെൻറ കടാക്ഷത്തിൽ സമനിലയുമായി തടിതപ്പുകയായിരുന്നു. 11 ഒാവറിൽ എട്ടു റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ഭുവനേശ്വർ കുമാറിനു മുന്നിലാണ് സന്ദർശകർ തകർന്നത്. രണ്ടു വിക്കറ്റുമായി മുഹമ്മദ് ഷമിയും ഒരു വിക്കറ്റെടുത്ത ഉമേഷ് യാദവും മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ വിജയത്തിനരികെയെത്തുകയായിരുന്നു. മത്സരത്തിൽ വീണ 17 ശ്രീലങ്കൻ വിക്കറ്റുകളും സ്വന്തമാക്കിയത് പേസ് ബൗളർമാരാണെന്ന അപൂർവതയുമുണ്ടായി. ആദ്യ മത്സരത്തിലെ പത്തും രണ്ടാം വട്ടത്തിലെ ഏഴും വിക്കറ്റുകൾ ഭുവനേശ്വർ (എട്ട്), ഷമി (ആറ്), ഉമേഷ് (മൂന്ന്) എന്നിവർ പങ്കുവെക്കുകയായിരുന്നു.
സുധീര വിക്രമസിംഗെ (0), ദിമുത് കരുണരത്നെ (1), ലാഹിരു തിരിമന്നെ (7), എയ്ഞ്ചലോ മാത്യൂസ് (12), ദിനേശ് ചണ്ഡിമൽ (20), നിരോഷൻ ഡിക്വെല്ല (27), ദാസുക ശാനക (6), ദിൽരുവാൻ പെരേര (0) എന്നിങ്ങനെയാണ് ലങ്കൻ ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ. നേരത്തേ ഒന്നിന് 171 എന്നനിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ലോകേഷ് രാഹുൽ (79), ചേതേശ്വർ പുജാര (22), അജിൻക്യ രഹാനെ (0) എന്നിവരെ പെെട്ടന്ന് നഷ്ടമായതോടെ പരുങ്ങലിലായ ഇന്ത്യയെ നായകൻ ഒറ്റക്ക് ചുമലിലേറ്റുകയായിരുന്നു. ലഞ്ചിനു മുമ്പ് സൂക്ഷ്മതയോടെ ബാറ്റേന്തിയ കോഹ്ലി രണ്ടാം സെഷനിൽ പ്രത്യാക്രമണ ബാറ്റിങ് പുറത്തെടുത്തതോടെ ഇന്ത്യ മികച്ച ലീഡിലേക്ക് മുന്നേറി. മറുവശത്ത് രവീന്ദ്ര ജദേജ (9), രവിചന്ദ്ര അശ്വിൻ (7), വൃദ്ധിമാൻ സാഹ (5), ഭുവനേശ്വർ (8) എന്നിവരൊന്നും കാര്യമായ പിന്തുണ നൽകിയില്ലെങ്കിലും കോഹ്ലി കത്തിക്കയറി. 119 പന്തിൽ രണ്ടു സിക്സും 12 ഫോറുമടക്കം കോഹ്ലി മൂന്നക്കം കടന്നത് സിക്സർ പറത്തിയാണ്. ഇതിനു പിന്നാലെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയും ചെയ്തു. മൂന്നു ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച നാഗ്പുരിൽ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.