തിരുവനന്തപുരം: അനന്തപുരിയുടെ കളിമുറ്റത്ത് കുട്ടിക്രിക്കറ്റിെൻറ പെരുങ്കളിയാട്ടം. ഇടിമിന്നലിനൊപ്പമെത്തിയ തുലാമഴ തിമിർത്തുപെയ്യുേമ്പാഴും തണുക്കാത്ത ക്രിക്കറ്റ് ആവേശത്തിനിടെ ഇന്ത്യയും ന്യൂസിലൻഡും ട്വൻറി20 പരമ്പരയിലെ ‘ഫൈനൽ’ പോരാട്ടത്തിന് പാഡണിയുന്നു. കഴിഞ്ഞ മൂന്നുദിവസവും മഴയായിരുന്നെങ്കിലും കാത്തിരുന്നെത്തിയ മത്സരത്തിന് ഒന്നും തടസ്സമാവില്ലെന്ന ആത്മവിശ്വാസത്തിലാണ് താരങ്ങളും സംഘാടകരും. മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം നേരത്തേ വിറ്റുതീർന്നു. ഇതര ജില്ലകളിൽനിന്നുള്ള ആരാധകപ്പടയും തലസ്ഥാന നഗരിയിലേക്ക് ഒഴുകിത്തുടങ്ങി. വൈകുന്നേരം ഏഴു മുതൽ കാര്യവട്ടം സ്പോർട്സ് ഹബിലാണ് മത്സരം.
ജയിച്ചാൽ പരമ്പര ന്യൂസിലൻഡിനെതിരെ ആദ്യ ട്വൻറി20 ആധികാരികമായി ജയിച്ച ആവേശത്തിൽ പരമ്പര സ്വപ്നവുമായാണ് വിരാട് കോഹ്ലിയും സംഘവും കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലിറങ്ങുന്നത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഒാരോ മത്സരം ജയിച്ചതോടെ 1-1 എന്നനിലയിലാണ് കാര്യവട്ടത്തെ പച്ചപ്പുൽ മൈതാനത്ത് മൂന്നാം പോരാട്ടമെത്തുന്നത്. ബാറ്റിലും ബൗളിലും ഇരുടീമുകളും ഒപ്പത്തിനൊപ്പമെന്ന് വ്യക്തമാക്കിയതോടെ പ്രവചനാതീതമാണ് സാധ്യതകൾ. ന്യൂഡൽഹിയിലെ ഫിറോസ്ഷാ കോട്ലയിൽ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യ 53 റൺസിന് ജയിച്ചപ്പോൾ, രാജ്കോട്ടിൽ ഒാൾറൗണ്ട് േഫാമിൽ തിരിച്ചെത്തിയ ന്യൂസിലൻഡ് 40 റൺസ് ജയവുമായി പരമ്പരയിൽ ഒപ്പമെത്തി. ഇനി കാര്യവട്ടത്തെ കളിയിൽ ആര് ജയിക്കുമെന്ന് കാണാം. ചാമ്പ്യൻഷിപ് ആരുയർത്തിയാലും തിരുവനന്തപുരത്തിനും കേരള ക്രിക്കറ്റിനും അതൊരു ചരിത്രമാവും.
മഴയിൽ മടിപിടിച്ച് താരങ്ങൾ പരിശീലനം ഉപേക്ഷിച്ച് അവധി മൂഡിലായിരുന്നു ഇരു ടീമുകളും. ഞായറാഴ്ച അർധരാത്രി വൈകിയും വിമാനത്താവളത്തിൽ കാത്തിരുന്ന് വരവേറ്റ ആരാധകരുടെ ആവേശമൊന്നും കളിക്കാർക്കില്ലായിരുന്നു. പരിശീലനവും ഗ്രൗണ്ട് സന്ദർശനവും ഒഴിവാക്കി ഇരു ടീമുകളും താമസ സ്ഥലമായ കോവളത്തെ ലീല ഹോട്ടലിൽതന്നെ മത്സരത്തലേന്ന് കഴിച്ചുകൂട്ടി. വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ താരങ്ങളിൽ ചിലർ ഉച്ചകഴിഞ്ഞ് കേരള പൊലീസിെൻറ ലഹരിവിരുദ്ധ ചടങ്ങിൽ പെങ്കടുത്തപ്പോൾ ന്യൂസിലൻഡ് താരങ്ങൾ ക്യാപ്റ്റൻ കെയ്ൻ വില്യംസിെൻറ നേതൃത്വത്തിൽ വൈകീട്ട് കോവളത്തെ കടൽതീരത്ത് ഉല്ലാസത്തിന് സമയം കണ്ടെത്തി. ആരാധകരെയും മാധ്യമങ്ങളെയും ഒഴിവാക്കി കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഇത്. മത്സര ദിനത്തിൽ വാംഅപ്പിനായി ഇറങ്ങാനാണ് ടീമുകളുടെ പദ്ധതി. എന്നാൽ, മഴ തുടരുകയാണെങ്കിൽ ഇതും മുടങ്ങും.
ഒാൾറൗണ്ട് പ്രതീക്ഷയിൽ ഇന്ത്യ ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തരാണ് ന്യൂസിലൻഡ്. എതിരാളിയുടെ മികവറിഞ്ഞ് മറുതന്ത്രം മെനയുകയാവും നിർണായക മത്സരത്തിൽ കോഹ്ലിയുടെ വെല്ലുവിളി. അഞ്ച് സ്പെഷലിസ്റ്റ് ബൗളർമാരും ആറാമനായി ഒാൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുമായിരുന്നു കഴിഞ്ഞ രണ്ട് കളിയിലും ഇന്ത്യൻ നിരയിൽ പന്തെടുത്തത്. രാജ്കോട്ടിൽ അരങ്ങേറ്റം കുറിച്ച മുഹമ്മദ് സിറാജിെൻറ കാര്യത്തിൽ മാത്രമേ സംശയമുണ്ടാവൂ. സിറാജിന് ഒരിക്കൽ കൂടി അവസരം നൽകുമോ അതോ, ഒരു ബാറ്റ്സ്മാന് അവസരം നൽകുമോയെന്നാണ് പ്രധാന ചോദ്യം. പക്ഷേ, വാർത്തസമ്മേളനത്തിനെത്തിയ ഭുവനേശ്വർ കുമാർ ഇക്കാര്യത്തിൽ മനസ്സുതുറന്നില്ല. സിറാജിനെ പുറത്തിരുത്താനാണ് പദ്ധതിയെങ്കിൽ അവസരം കാത്ത് മനീഷ് പാണ്ഡെയും ദിനേഷ് കാർത്തികും പുറത്തുണ്ട്.
ബാറ്റിങ്ങിൽ രോഹിത് ശർമ-ശിഖർ ധവാൻ ഒാപണിങ് കൂട്ടുകെട്ട് ഫോമിലായാൽ ഇന്ത്യക്ക് സ്കോറിങ് എളുപ്പമാവും. ഇവരുടെ തുടക്കം ഏറ്റുപിടിക്കേണ്ട ജോലിയേ പിന്നാലെ വരുന്ന വിരാട് കോഹ്ലി, എം.എസ്. ധോണി സംഘത്തിനുണ്ടാവൂ. അതേസമയം, കഴിഞ്ഞ രണ്ടു കളികളിലും പരാജയമായ ഹാർദിക് പാണ്ഡ്യ ഫോമിലേക്ക് തിരിച്ചെത്തൽ അനിവാര്യവുമാണ്.
മാറ്റമില്ലാതെ കിവികൾ ഡൽഹിയിലും രാജ്കോട്ടിലും കളിച്ച ടീമിൽ ഒരുമാറ്റവുമില്ലാതെയാവും ന്യൂസിലൻഡ് തിരുവനന്തപുരത്തും ഇറങ്ങുക. പഴുതുകളടച്ച് ബാറ്റിങ്ങിലും ബൗളിങ്ങിലും കളംവാണാൽ വിജയം ഉറപ്പിക്കാമെന്ന് രാജ്കോട്ടിൽ തെളിയിച്ചവർ അതേ തന്ത്രം തന്നെ ഇന്നും കളത്തിൽ പയറ്റുമെന്നതിൽ സംശയമില്ല. മിച്ചൽ സാൻറ്നർ, ഇഷ് സോധി സ്പിൻ ഡിപാർട്മെൻറും ട്രെൻറ് ബോൾട്ട്, ആഡം മിൽനെ പേസ് ബൗളിങ്ങും ഇന്ത്യൻ ബാറ്റിങ്ങിൽ ആശങ്കപടർത്താൻ ശേഷിയുള്ളതാണ്. ഡൽഹിയിലെ തോൽവിയുടെ കാരണം ഫീൽഡിങ്ങിലെ ചോരുന്ന കൈകളായിരുന്നെങ്കിൽ രാജ്കോട്ടിൽ അതും പരിഹരിച്ചായിരുന്നു തകർപ്പൻ ജയത്തോടെ കിവികൾ ഒപ്പമെത്തിയത്. ഒാപണിങ് ബാറ്റിങ്ങിൽ മാർട്ടിൻ ഗുപ്റ്റിലും ട്വൻറി20 സ്പെഷലിസ്റ്റായി പേരെടുത്ത സെഞ്ച്വറി വീരൻ കോളിൻ മൺറോയും തിളങ്ങിയാൽ ഇന്ത്യക്ക് കാര്യങ്ങൾ ഏറെ ദുരിതമാവും. മധ്യനിരയിൽ കെയ്ൻ വില്യംസൺ, ടോം ബ്രൂസ്, ഗ്ലെൻ ഫിലിപ് എന്നിവരും ഡെത്ത് ഒാവറുകളിലെ കൂറ്റനടിക്കാർതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.