മലയാളികളുടെ വരവേൽപ്പിൽ കണ്ണുംതള്ളി ന്യൂസിലൻഡ്, തണുപ്പൻ പ്രതികരണവുമായി ടീം ഇന്ത്യ

തിരുവനന്തപുരം: അനന്തപുരിയുടെ ഊഷ്മള വരവേൽപ്പിൽ രോമാഞ്ചമണിഞ്ഞ് ടീമുകൾ. ഹൃദയത്തിൽ താലോലിക്കുന്ന താരങ്ങളെ ഒരുനോക്ക് കാണാൻ ഞായറാഴ്ച രാത്രി കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കം നൂറുകണക്കിന് ആരാധകരാണ് ശംഖുംമുഖത്തെ ആഭ്യന്തര വിമാനത്താവളത്തിൽ എത്തിയത്. ഇന്ത്യൻ നായകൻ വിരാട് കോഹ്​ലിക്കും ‘ക്യാപ്റ്റൻ കൂൾ’ ധോണിക്കും കളിയിൽനിന്ന് വിരമിച്ച സചിൻ ടെണ്ടുൽകറിനും വരെ ദേശീയ പതാക ചുഴറ്റി ആരാധകർ ജയ് വിളിച്ചപ്പോൾ താരങ്ങൾക്ക് സുരക്ഷയൊരുക്കാനെത്തിയ പൊലീസ് നന്നേ വിയർത്തു. ഒരു ഘട്ടത്തിൽ ആവേശം ആരാധകരെ നിയന്ത്രിക്കാൻ പൊലീസിന് വിമാനത്താവളത്തിലെ ട്രോളികൾവരെ ബാരിക്കേഡായി ഉപയോഗിക്കേണ്ടിവന്നു. 

മണിക്കൂറുകളുടെ കാത്തിരിപ്പിനുശേഷം ആവേശം ഉച്ചസ്ഥായിലാക്കി പുലർച്ചെ 12.20നാണ് ടീമുകൾ എയർപോർട്ടിന് പുറത്തിറങ്ങിയത്. ഇന്ത്യയുടെ ‘ഭാവി കപിൽദേവ്’ വിശേഷിപ്പിക്കപ്പെടുന്ന ഹർദിക് പാണ്ഡ്യയാണ് ആദ്യം ആരാധകർക്ക് മുന്നിലെത്തിയത്. എന്നാൽ, ഒന്ന് കൈവീശിപ്പോലും കാണിക്കാതെ ഹർദിക് നേരെ ബസിലേക്ക്. തൊട്ട് പുറകെ എത്തിയത് കോച്ച് രവിശാസ്ത്രിയും ബൗളർ ഭുവനേശ്വർ കുമാറുമായിരുന്നു. കാണികളുടെ ആവേശം അണപ്പൊട്ടിച്ച് നായകൻ കോഹ്​ലിയായിരുന്നു നാലാമനായി എത്തിയത്. മൊബൈൽ ഫോണിൽ ഹെഡ്സെറ്റ് ഉപയോഗിച്ച് സംസാരിച്ചുവന്ന കോഹ്​ലി മലയാളികളുടെ ആർപ്പുവിളികളിൽ ആദ്യം ഒന്ന് നടുങ്ങി. പിന്നെ ചെറു പുഞ്ചിരിയോടെ ബസിലേക്ക്. ബസി​െൻറ മുൻവശത്ത് രവിശാസ്ത്രിക്കൊപ്പം വലതുഭാഗത്ത് ഇരിപ്പിടം കണ്ടെത്തിയ കോഹ്​ലി പിന്നേട് ഫോൺ സംസാരം നിർത്തി ഗ്ലാസിലേക്ക് വലിച്ചിട്ടിരുന്ന ബസി​െൻറ കർട്ടൻ മാറ്റിയതും കാതടപ്പിക്കുമാറ് കരഘോഷമായിരുന്നു. 


ധോണിക്കായിരുന്നു കനത്ത സുരക്ഷ. ധോണിയെ കമാൻഡോകൾ സുരക്ഷവലയം തീർത്താണ് ബസിലേക്ക് കയറ്റിയത്. താരങ്ങളും ഒഫീഷ്യലുകളും എത്തിയതോടെ ആരാധകരെ നിരാശയിലാക്കി ആതിഥേയരുടെ ബസിലെ ലൈറ്റുമണഞ്ഞു. എന്നാൽ, വെളുപ്പിന് തങ്ങളെ സ്വീകരിക്കാനെത്തിയവരുടെ എണ്ണം കണ്ട് കണ്ണുതള്ളിയത് ന്യൂസിലൻഡിനായിരുന്നു. ആദ്യമിറങ്ങിയ റോസ് ടെയിലർ തിങ്ങിക്കൂടിയ ആരാധകരെ കണ്ട് ആവേശത്തിലായി. ടീം ബസിലേക്ക് ഓടിക്കയറിയ അദ്ദേഹം ഗ്ലാസ് കർട്ടൻ മാറ്റി മൊബൈൽ ഫോണിൽ ആരാധകർക്കിടയിലൂടെയുള്ള മറ്റ് താരങ്ങളുടെ വരവ് പകർത്തിക്കൊണ്ടിരുന്നു. വഴിയിൽനിന്ന് ആരാധകരുടെ ആവേശം പകർത്തിക്കൊണ്ടിരുന്ന ലേതാമിനെയും ട്രെൻഡ് ബോൾട്ടിനെയും പൊലീസ് ഒരു വിധത്തിലാണ് ബസിൽ ക‍യറ്റിയത്.
 


തുടർന്നെത്തിയവരെല്ലാം ആരാധകർക്കുനേരെ കൈവീശിയും ‘ഫ്ലൈയിങ് കിസുകൾ’ നൽകിയും സംരക്ഷണം നൽകിയ പൊലീസുകാർക്ക് കൈകൊടുത്തുമാണ് ബസിലേക്ക് കയറിയത്. ഇന്ത്യൻ താരങ്ങളായ രോഹിത് ശർമയും ശിഖർ ധവാനും അനന്തപുരിയുടെ ആവേശം ട്വിറ്ററിലൂടെ പങ്കുവെച്ചപ്പോൾ ബസിലിരുന്ന് മലയാളികളുടെ ഫോട്ടോയും വീഡിയോയും പകർത്തുന്ന തിരിക്കിലായിരുന്നു ന്യൂസിലൻഡ് താരങ്ങൾ. ഒപ്പം ആരാധകരുടെ ആവശ്യപ്രകാരം ബസിലിരുന്ന് ഫോട്ടോക്ക് പോസ് ചെയ്യാനും താരങ്ങൾ മടികാണിച്ചില്ല. 
   


 

Tags:    
News Summary - greenfield t20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.