ബിർമിങ്ഹാം: രോഹിത് വാണ ക്രീസിൽ മിന്നുംജയവുമായി ഇന്ത്യ ലോകകപ്പ് സെമിയിൽ. 315 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിനെ 28 റൺസിന് മറികടന്നാണ് കോഹ്ലിപ്പട ആസ്ട്രേലിയക്കുശേഷം നോക്കൗട്ടിലെത്തുന്ന രണ്ടാം ടീമായി മാറിയത്.
പേരുകേട്ട ടീമും ലോകോത്തര ബൗളിങ്നിരയും എതിരെ അണിനിരന്നിട്ടും തെല്ലും കൂസാതെയായിരുന്നു ബംഗ്ലാദേശ് ചേസിങ്. അതിവേഗവും കൃത്യതയുമായി പന്തെറിഞ്ഞ ജസ്പ്രീത് ബുംറയെയും ഭുവനേശ്വർ കുമാറിനെയും ക്ഷമയോടെ നേരിട്ട തമീം-സൗമ്യ സർക്കാർ ഒാപണിങ് കൂട്ടുകെട്ട് 10ാം ഒാവറിൽ മുഹമ്മദ് ഷമി പൊളിക്കുന്നതോടെയാണ് ഇന്ത്യക്ക് ശ്വാസം നേരെ വീണത്. പിറകെ എത്തിയ ഒാൾറൗണ്ടർ ശാകിബുൽ ഹസൻ അതിവേഗം സ്കോർ ഉയർത്തിയെങ്കിലും കൂട്ടുനൽകാൻ അധികമാരുമുണ്ടായില്ല. മുഷ്ഫിഖുർ റഹീമും ലിട്ടൺ ദാസും വാലറ്റത്ത് ശബീർ റഹ്മാൻ, സെയ്ഫുദ്ദീൻ എന്നിവരും മോശമല്ലാതെ ബാറ്റേന്തിയെങ്കിലും വലിയ ടോട്ടൽ മറികടക്കാൻ മതിയാകുമായിരുന്നില്ല. മറുവശത്ത്, ഇടവേളകളിൽ ക്യാപ്റ്റെൻറ വിളികേെട്ടത്തിയ ബുംറ നിർണായകമായ നാലു വിക്കറ്റുകൾ പിഴുത് കളി ജയിക്കുന്നതിൽ നിർണായകമായി.
നേരേത്ത, അത്ഭുതങ്ങളൊളിപ്പിച്ച ബൗളർമാർ പന്തെറിയാനില്ലാതിരുന്നിട്ടും ആദ്യം ബാറ്റുചെയ്ത ഇന്ത്യയെ കത്രികപ്പൂട്ടിടുന്നതിൽ ബംഗ്ലാദേശ് വിജയിച്ചു. നാലാംവട്ടവും സെഞ്ച്വറി കുറിച്ച് രോഹിത് ശർമ മുന്നിൽനിന്നു നയിച്ച ഇന്നിങ്സിൽ ഇന്ത്യ അടിച്ചെടുത്തത് 314 റൺസ്. പരിക്കുമായി ആദ്യം ശിഖർ ധവാനും പിന്നീട് വിജയ് ശങ്കറും മടങ്ങിയ ഇന്ത്യൻ ക്യാമ്പിെൻറ ശക്തിയെക്കാൾ ദൗർബല്യങ്ങൾ പ്രകടമാക്കിയ ഇന്നിങ്സായിരുന്നു ഇന്നലെത്തേത്. ഒമ്പതു റൺസ് ചേർക്കുന്നതിനിടെ ഡീപ് സ്ക്വയർ ലെഗിൽ രോഹിത് നൽകിയ അനായാസ ക്യാച്ച് കൈവിട്ട തമീം ഇഖ്ബാലിനോട് ടീം ഇന്ത്യ നന്ദി പറയണം. വീണുകിട്ടിയ ആയുസ്സുമായി ഉറച്ചുനിന്ന് പൊരുതിയ രോഹിത് കുറിച്ച ഇൗ ലോകകപ്പിലെ നാലാം സെഞ്ച്വറിയാണ് ഇന്ത്യൻ ഇന്നിങ്സ് 300 കടത്തിയത്.
ടോസ് തുണച്ച പിച്ചിെൻറ ആനുകൂല്യം മുതലെടുത്ത് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത കോഹ്ലിയെ ശരിവെക്കുംവിധമായിരുന്നു തുടക്കത്തിൽ റൺനിരക്കുയർന്നത്. ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 29.2 ഒാവറിൽ 180 റൺസ് ചേർത്തതോടെ സ്കോർ ആദ്യമായി 400 കടക്കുമെന്നുവരെ പ്രവചനങ്ങൾ പറന്നു. 42 പന്തിൽ അർധസെഞ്ച്വറി കുറിച്ച രോഹിത് മീഡിയം പേസർ മഷ്റെഫ മുർതസയെ തിരഞ്ഞുപിടിച്ച് പ്രഹരിച്ചു. അപൂർവമായി മുസ്തഫിസുർ റഹ്മാൻ, ശാകിബുൽ ഹസൻ എന്നിവരെയും ബൗണ്ടറി കടത്തി.
ഒടുവിൽ ശാകിബിെൻറ പന്തിൽ സിംഗിളിന് ഒാടി സെഞ്ച്വറി തികച്ച രാഹുൽ കൂറ്റനടിക്ക് മുതിർന്നാണ് പുറത്തായത്. മറുവശത്ത്, 92 പന്തിൽ 77 തികച്ച ലോകേഷ് രാഹുൽ നങ്കൂരമിട്ടുനിന്നതിനൊപ്പം സ്ട്രൈക് രോഹിതിന് കൈമാറിയും ദുർബലമായ പന്തുകളെ പരമാവധി ശിക്ഷിച്ചും ക്യാപ്റ്റെൻറ പ്രതീക്ഷകൾ കാത്തു. ആദ്യം രോഹിതും മൂന്ന് ഒാവറുകൾക്കുശേഷം രാഹുലും മടങ്ങിയതോടെ സ്കോറിങ്ങും വേഗം കൈവിട്ടു. അവസാന 124 പന്തുകളിൽ 134 റൺസ് കൂട്ടിേച്ചർക്കാനേ ടീമിനായുള്ളൂ.
ഇടവേളയിൽ ഋഷഭ് പന്തും ക്യാപ്റ്റൻ വിരാട് കോഹ്ലിയും ചേർന്ന് അതിവേഗം സ്കോറിങ് ഉയർത്താൻ ശ്രമിച്ചത് ആരാധകരിൽ ആവേശമുണർത്തിയെങ്കിലും 26 റൺസ് എടുത്ത് കോഹ്ലിയും അർധ സെഞ്ച്വറിക്കരികെ പന്തും മടങ്ങിയതോടെ സ്കോറിങ് ഒച്ചിഴയും വേഗത്തിലായി. തൊട്ടുപിറകെയെത്തിയ ഹാർദിക് പാണ്ഡ്യ രണ്ടു പന്തു മാത്രം നേരിട്ട് പൂജ്യനായി മടങ്ങി. വാലറ്റത്ത് ടീമിെൻറ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത മുൻ നായകൻ ധോണി പതിയെ കളിച്ച് കൂട്ടമരണം ഒഴിവാക്കി. 33 പന്തിൽ 35 റൺസെടുത്താണ് ധോണി മടങ്ങിയത്. മറുവശത്ത്, 10 ഒാവറിൽ 59 റൺസ് വിട്ടുനൽകി അഞ്ചു വിക്കറ്റ് പിഴുത മുസ്തഫിസുർ റഹ്മാൻ ബംഗ്ല ബൗളിങ്ങിെൻറ കുന്തമുനയായി. ഒാൾറൗണ്ടർ ശാകിബ്, റൂബൽ ഹുസൈൻ, സൗമ്യ സർക്കാർ എന്നിവർ ഒാരോ വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.