രാജ്കോട്ട്: ഇന്ത്യൻ ക്രിക്കറ്റിലെ രാജാവ് വിരാട് കോഹ്ലി 24ാം ശതകവും രാജ്കോട്ടിലെ രാജകുമാരൻ രവീന്ദ്ര ജദേജ കന്നി സെഞ്ച്വറിയും കുറിച്ചതോടെ വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ. 139 റൺസടിച്ച കോഹ്ലിക്കും 100 റൺസുമായി പുറത്താവാതെ നിന്ന ജദേജക്കുമൊപ്പം 92 റൺസോടെ ഋഷഭ് പന്തും തകർത്തടിച്ചപ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 649 റൺസുമായി ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. റൺമലക്ക് മുന്നിൽ പകച്ചുപോയ വിൻഡീസിനെ പേസും സ്പിന്നും സമന്വയിപ്പിച്ചുള്ള ആക്രമണത്തിലൂടെ ഇന്ത്യൻ ബൗളർമാർ പിടിച്ചുകെട്ടിയപ്പോൾ രണ്ടാംദിനം 94 റൺസെടുക്കുന്നതിനിടെ സന്ദർശകർക്ക് ആറ് മുൻനിര വിക്കറ്റുകൾ നഷ്ടമായി. നാല് വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്ത്യൻ സ്കോറിനൊപ്പമെത്താൻ വിൻഡീസിന് ഇനിയും 555 റൺസുകൂടി വേണം.
വിൻഡീസ് പരേഡ്
ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്വെയ്റ്റ് (2), കീറൺ പൊവൽ (1), ഷായ് ഹോപ് (10), ഷിർമോൺ ഹെറ്റ്മെയർ (10), സുനിൽ ആംബ്രിസ് (12), ഷെയ്ൻ ഡോവ്റിച് (10) എന്നിവരാണ് ഒന്നിനുപിറകെ ഒന്നായി പവലിയനിലേക്ക് മടങ്ങിയത്. റോസ്റ്റൺ ചേസും (27) കീമോ പോളും (13) പുറത്താവാരെ നിൽക്കുന്നു. തെൻറ രണ്ടും മൂന്നും ഒാവറുകളിൽ ഒാപണർമാരെ മടക്കിയ ഷമിയാണ് വിൻഡീസ് തകർച്ചക്ക് തുടക്കമിട്ടത്. ബ്രാത്വെയ്റ്റിെൻറ കുറ്റി പിഴുത ഷമി പൊവലിനെ വിക്കറ്റിന് മുന്നിൽ കുടുക്കി. ഹോപിെൻറ പ്രതിരോധം അശ്വിൻ തകർത്തപ്പോൾ ഹെറ്റ്മെയർ ജദേജയുടെ ത്രോയിൽ റണ്ണൗട്ടായി. ആംബ്രിസിനെ ജദജേ സ്ലിപ്പിൽ രഹാനെയുടെ കൈയിലെത്തിച്ചശേഷം കുൽദീപ് ഡോവ്റിചിനെ ബൗൾഡാക്കി.
രണ്ടു സെഞ്ച്വറി; ഒരു സെഞ്ച്വറി നഷ്ടം
ആദ്യദിനം 18കാരൻ പൃഥ്വി ഷായുടേതായിരുന്നുവെങ്കിൽ രണ്ടാം ദിനത്തിന് ഇന്ത്യൻ നിരയിൽ അവകാശികളേറെയായിരുന്നു. ആദ്യം ക്യാപ്റ്റെൻറ കളി, പിന്നീട് സെഞ്ച്വറിക്കരികെ വരെ പന്തടിച്ചുകയറ്റം, അവസാനം ജദ്ദുവിെൻറ വാൾ വീശൽ. അരങ്ങേറി ആറുവർഷത്തിനുശേഷം 38ാം ടെസ്റ്റിലാണ് ജദേജ ആദ്യമായി മൂന്നക്കം കടക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ 86 റൺസടിച്ചിരുന്ന ജദേജ അതിെൻറ തുടർച്ചയെന്ന പോലെയാണ് തെൻറ ഹോം ഗ്രൗണ്ടായ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ബാറ്റ് വീശിയത്. 132 പന്തിൽ അഞ്ചുവീതും സിക്സും ഫോറുമടക്കം ജദേജ 100 തികച്ചയുടൻ കോഹ്ലി ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
123ാം ഇന്നിങ്സിൽ 24ാം സെഞ്ച്വറി തികച്ച കോഹ്ലി കുറഞ്ഞ ഇന്നിങ്സിൽ ഇൗ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമായി. 66 ഇന്നിങ്സിൽ 24 സെഞ്ച്വറി നേടിയ ഡോണൾഡ് ബ്രാഡ്മാൻ മാത്രമാണ് മുന്നിൽ. താരതമ്യേന സാവധാനം ബാറ്റ് ചെയ്ത കോഹ്ലി ബഹളങ്ങളില്ലാതെയാണ് ശതകം കുറിച്ചത്. 230 പന്ത് നേരിട്ട കോഹ്ലി 10 തവണ മാത്രമാണ് പന്ത് ബൗണ്ടറി കടത്തിയത്. മറുവശത്ത് അതിവേഗം സ്കോർ ചെയ്ത ഋഷഭ് 84 പന്തിൽ നാല് സിക്സും എട്ട് ഫോറുമായി 92ൽ നിൽക്കെ മറ്റൊരു സിക്സറിനുള്ള ശ്രമത്തിൽ പുറത്തായതോടെ രണ്ടാം സെഞ്ച്വറി അകന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.