നോട്ടിങ്ഹാം: ഇന്ത്യക്ക് ജയം വിളിപ്പാടകലെയാണ്. വിരാട് കോഹ്ലിയും കൂട്ടരും ഒരുക്കിയ കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നിൽ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിലും മുട്ടുവിറക്കുന്നു. നാലാം ദിനം 100 ഒാവർ പിന്നിട്ടപ്പോൾ ഒമ്പതിന് 306 റൺസ് എന്ന നിലയിലാണ് ആതിഥേയർ. വാലറ്റക്കാരായ ആദിൽ റാഷിദും(22) ജെയിംസ് ആൻഡേഴ്സ(6)നുമാണ് ഇപ്പോൾ ക്രീസിൽ. നേരത്തെ ഒരു ഘട്ടത്തിൽ 62 റൺസിന് നാല് വിക്കറ്റ് എന്നനിലയിൽ തകർന്ന ഇംഗ്ലണ്ടിനെ കരകയറ്റിയത് സെഞ്ച്വറി നേടിയ ജോസ് ബട്ലറിെൻറയും(106) 62 റൺസെടുത്ത ബെൻ സ്റ്റോക്സിെൻറയും ഇന്നിങ്സുകളാണ്. സ്കോർ ഇന്ത്യ: 329/10, 353/7 ഡിക്ല. , ഇംഗ്ലണ്ട് 161/10, 306/9(100 ഒാവർ വരെ)
വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ച്വറിയും(103) ചേതേശ്വർ പുജാരയുടെയും(72) ഹാർദിക് പാണ്ഡ്യയുടെയും (52) അർധ സഞ്ച്വറിയുടെയും കരുത്തിൽ 520 റൺസിെൻറ കൂറ്റൻ ലീഡ് രണ്ടാം ഇന്നിങ്സിൽ പടുത്തുയർത്തിയപ്പോൾ തന്നെ കളിയിൽ ഇന്ത്യ ഡ്രൈവിങ് സീറ്റിൽ ഇരുന്നിരുന്നു. പിന്നീട് ബൗളർമാർ കാര്യങ്ങൾ എളുപ്പമാക്കി. വിക്കറ്റ് നഷ്ടപ്പെടാതെ 23 റൺസുമായി നാലാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിെൻറ ഒാപണിങ് കൂട്ടുകെട്ട് പൊളിച്ച് ഇശാന്ത് ശർമയാണ് തകർച്ചക്ക് തുടക്കമിട്ടത്.
പ്രതിരോധിക്കാൻ ഉറപ്പിച്ചിറങ്ങിയ കീറ്റൻ ജെന്നിങ്സിനെ (13) പുതിയ ദിനം ഒരു റൺസ് പോലും നേടാനാവാതെയാണ് ഇശാന്ത് പുറത്താക്കുന്നത്. അതിവേഗത്തിൽ വന്ന പന്ത് ബാറ്റിൽ ചുംബിച്ച് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിെൻറ ഗ്ലൗവിൽ ഒതുങ്ങുകയായിരുന്നു. പിന്നാലെ, സീനിയർ താരം അലസ്റ്റർ കുക്കും ഇശാന്ത് ശർമയുടെ മുന്നിൽ (17) കുടുങ്ങി. സ്ലിപ്പിൽ ലോകേഷ് രാഹുലിന് പന്ത് നൽകിയാണ് കുക്ക് മടങ്ങുന്നത്. എന്നാൽ, ക്രീസിലെത്തിയ ക്യാപ്റ്റൻ ജോ റൂട്ടും ഒലീ പോപ്പും പ്രതിരോധിച്ചുനിന്നു. പേസർമാരെ കരുത്തിക്കളിച്ച ഇരുവരും നന്നായി പ്രതിരോധിച്ചു. ഒടുവിൽ 24ാം ഒാവറിൽ റൂട്ടിനും പിഴച്ചു. ബുംറയുടെ കുത്തിപ്പൊന്തിയ പന്തിന് ബാറ്റ്വെച്ചതാണ് വിനയായത്. സ്ലിപ്പിൽ ചോരാത്ത കൈകളുമായി നിലയുറപ്പിച്ച ലോകേഷ് രാഹുൽ പന്ത് കൈപ്പിടിയിലൊതുക്കി. 13 റൺസുമായി ക്യാപ്റ്റന് പവലിയനിലേക്ക് മടക്കം. പോപ്പിനും സ്ലിപ്പ് തന്നെയാണ് വിനയായത്. മുഹമ്മദ് െഷമിയുടെ പന്തിലാണ് പോപ് കുടുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.