തിരുവനന്തപുരം: തിങ്കളാഴ്ച ടീമുകൾക്കെതിരെ മഴ കളിച്ചതോടെ കോവളത്തെ ഹോട്ടൽ റാവിസ് ലീലയിൽ പാട്ട് കേട്ടും ടെന്നിസ് കളിച്ചും കടലിൽ കുളിച്ചുമാണ് താരങ്ങൾ സമയം തള്ളിനീക്കിയത്. തിങ്കളാഴ്ച പുലർച്ച 12.20ന് തിരുവനന്തപുരത്ത് വിമാനമിറങ്ങി ഇരുസംഘത്തിനും മികച്ച വിരുന്നാണ് ഹോട്ടലുകാർ നൽകിയത്. എന്നാൽ, വന്നപാടെ ഇന്ത്യൻ ടീം അംഗങ്ങൾ മുറിക്കുള്ളിൽ ഒതുങ്ങിയപ്പോൾ പുലർച്ച മൂന്നിനും ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ നീന്തിത്തുടിക്കുകയായിരുന്നു ന്യൂസിലൻഡുകാർ.
രാജപ്രതാപകാലത്തെ അമൂല്യ നിധിസമ്പത്ത് കാത്തുസൂക്ഷിക്കുന്ന ശ്രീപത്മനാഭ സ്വാമിക്ഷേത്രം കാണാനായിരുന്നു തിങ്കളാഴ്ച രാവിലെ ഇന്ത്യൻ കോച്ച് രവിശാസ്ത്രിക്കും നായകൻ വിരാട് കോഹ് ലിക്കുമുണ്ടായ താൽപര്യം. തുടർന്ന് പത്മനാഭ സ്വാമിക്ഷേത്രത്തിൽ എത്തിയ ഇരുവരും പൂജയും വഴിപാടും നടത്തിയാണ് മടങ്ങിയത്. തിരുവല്ലം പരശുരാമ ക്ഷേത്രത്തിലും രവിശാസ്ത്രി ദർശനം നടത്തി. വൈകീേട്ടാടെ ശിഖർ ധവാനും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെത്തി. കുടുംബത്തിനായി പ്രത്യേക വഴിപാടുകളും കഴിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്. ഉച്ചക്ക് മൂന്നിന് ലഹരിക്കെതിരെ കേരള പൊലീസ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘യെസ് ടു ക്രിക്കറ്റ്, നോ ടു ഡ്രഗ്സ്’ പരിപാടിയിൽ കോഹ്ലി, കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവർ പങ്കെടുത്തു. ബാക്കിയുള്ള ഇന്ത്യൻ താരങ്ങളൊക്കെ മറ്റു പരിപാടികൾ ഉപേക്ഷിച്ച് ഹോട്ടലിലെ സ്വിമ്മിങ് പൂളിലും ജിംനേഷ്യത്തിലുമായി ഒതുങ്ങിക്കൂടുകയായിരുന്നു.
രാവിലെ സീ സർഫിങ്ങിനായി വർക്കലയിലേക്ക് പോയ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസണും ഫാസ്റ്റ് ബൗളർ ട്രെൻറ് ബോൾട്ടും ദൗത്യം പൂർത്തിയാക്കാതെ പാതിവഴിയിൽ മടങ്ങി. ആറ്റിങ്ങലിൽ െവച്ച് വൻ ഗതാഗതക്കുരുക്കിൽപെട്ടതോടെ മനസ്സ് മടുത്ത താരങ്ങൾ തിരികെ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു. അതേസമയം, ചെറിയ മഴക്കിടയിലും ന്യൂസിലൻഡ് താരങ്ങൾ കടൽക്കുളിക്ക് ഇറങ്ങി. കനത്ത സുരക്ഷയും താരങ്ങൾക്കായി ബീച്ചിൽ ഒരുക്കിയിരുന്നു. കളിക്കാർക്കും ടീം മാനേജ്മെൻറിനുമായി 60 മുറികളാണ് രണ്ടു ബ്ലോക്കുകളിലായി മാറ്റിെവച്ചിട്ടുള്ളത്. ഐ.സി.സിയുടെ സുരക്ഷ നിർദേശമനുസരിച്ച് ഇരുടീമുകളും ഹോട്ടലിൽ െവച്ച് പരസ്പരം കാണില്ല. അതുകൊണ്ട് പ്രത്യേക ജിംനേഷ്യം, റസ്റ്റാറൻറ്, സ്വിമ്മിങ് പൂൾ, റിസപ്ഷൻ എന്നിങ്ങനെയാണ് ഹോട്ടലിൽ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.