ന്യൂഡൽഹി: കൊണ്ടും കൊടുത്തും പോരാടിയ ഏകദിന പരമ്പരക്കു പിന്നാലെ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ട്വൻറി20 പരമ്പരക്ക് ഇന്ന് തുടക്കം. തുടർച്ചയായി ഏഴാം ഏകദിന പരമ്പര സ്വന്തമാക്കിയതിെൻറ ആവേശത്തിൽ ഇറങ്ങുന്ന ആതിഥേയർക്കെതിരെ കുട്ടിക്രിക്കറ്റിൽ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസത്തിലണ് സന്ദർശകർ പാഡുെകട്ടിയിറങ്ങുന്നത്.
ഇതുവരെ ന്യൂസിലൻഡിനെതിരെ കളിച്ച അഞ്ച് ട്വൻറി20 മത്സരങ്ങളിലും ഇന്ത്യക്ക് തോൽവിയായിരുന്നു ഫലം. കഴിഞ്ഞവർഷത്തെ ലോകകപ്പിലായിരുന്നു അവസാന പരാജയം. ഇതിനെല്ലാം കണക്കുതീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട് കോഹ്ലിയും കൂട്ടരും ഫിറോസ്ഷാ കോട്ല മൈതാനത്ത് ഇന്നിറങ്ങുക. കിവീസിനെതിരായ ഏകദിന പരമ്പര വിജയത്തിന് മുമ്പുനടന്ന കളികളിൽ ഇൗ വർഷം ആസ്ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകളെയും കീഴടക്കിയ ഇന്ത്യ മികച്ച ഫോമിലാണ്.
കരുത്തുറ്റ ബാറ്റിങ് നിര തന്നെയാണ് ഇന്ത്യയുടെ ശക്തി. രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി എന്നിവരുടെ ഫോം തന്നെയാവും ബാറ്റിങ്ങിെൻറ ഗതി നിർണയിക്കുക. മഹേന്ദ്രസിങ് ധോണി, കേദാർ ജാദവ്, ദിനേശ് കാർത്തിക് എന്നിവർക്കൊപ്പം ഹാർദിക് പാണ്ഡ്യയുടെ കൂറ്റനടികൾകൂടി ചേരുേമ്പാൾ കരുത്ത് ഇരട്ടിയാവും. അജിൻക്യ രഹാനെക്ക് പകരം ടീമിലിടം പിടിച്ച ശ്രേയസ് അയ്യർക്ക് ആദ്യ ഇലവനിൽ ഇടംലഭിക്കാൻ സാധ്യതയില്ല. ലോകേഷ് രാഹുലും മനീഷ് പാണ്ഡെയും പുറത്തുതന്നെയാവും.
ബൗളിങ്ങിൽ വിടവാങ്ങൽ മത്സരത്തിനിറങ്ങുന്ന ആശിഷ് നെഹ്റക്കൊപ്പം ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവരിലൊരാൾ ന്യൂബാൾ പങ്കുവെക്കും. യുസ്വേന്ദ്ര ചഹലിനൊപ്പം അക്സർ പേട്ടൽ, കുൽദീപ് യാദവ് എന്നിവരിലൊരാളും കളിക്കും. മൂന്നു പേസർമാരെയും ഒരു സ്പിന്നറെയും അണിനിരത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പുതുമുഖ പേസർ മുഹമ്മദ് സിറാജിന് അവസരം ലഭിക്കാനിടയില്ല.
മികച്ച ഫോമിലുള്ള ടോം ലതാമിനും റോസ് ടെയ്ലർക്കും ഹെൻറി നിക്കോൾസിനുമൊപ്പം ഒാപണർ കോളിൻ മൺറോയും ക്യാപ്റ്റൻ കെയ്ൻ വില്യംസണും ഫോമിലെത്തിയത് കിവീസിന് മുതൽക്കൂട്ടാവും. മിച്ചൽ സാൻറ്നർക്കൊപ്പം സ്പിൻ ഡിപ്പാർട്മെൻറിൽ ഇഷ് സോധിയെ കൂടി ഇറക്കാൻ ന്യൂസിലൻഡ് ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ പേസർ ആഡം മിൽനെ പുറത്തിരിക്കേണ്ടിവരും.
മിൽനെക്ക് പകരം പേസർ തന്നെയായ മാറ്റ് ഹെൻറിയെ കളിപ്പിക്കാനും സാധ്യതയുണ്ട്. പേസർമാരായ ട്രെൻറ് ബോൾട്ടും ടിം സൗത്തിയും ഇന്ത്യൻ ബാറ്റ്സ്മാന്മാരെ എത്രമാത്രം നിയന്ത്രിക്കുന്നു എന്നതിെൻറ അടിസ്ഥാനത്തിലാവും ന്യൂസിലൻഡിെൻറ വിജയ സാധ്യത. ശനിയാഴ്ച രാജ്കോട്ടിലും ചൊവ്വാഴ്ച തിരുവനന്തപുരത്തുമാണ് പരമ്പരയിലെ മറ്റു രണ്ടു മത്സരങ്ങൾ.
സാധ്യത ടീം
ഇന്ത്യ: രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി, ദിനേശ് കാർത്തിക്, മഹേന്ദ്രസിങ് ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ആശിഷ് നെഹ്റ.
ന്യൂസിലൻഡ്: കോളിൻ മൺറോ, മാർട്ടിൻ ഗുപ്റ്റിൽ, കെയ്ൻ വില്യംസൺ, റോസ് ടെയ്ലർ, ടോം ലതാം, ഹെൻറി നിക്കോൾസ്, കോളിൻ ഡി ഗ്രാൻഡ്ഹോം, മിച്ചൽ സാൻറ്നർ, ഇഷ് സോധി, ട്രെൻറ് ബോൾട്ട്, ടിം സൗത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.