ന്യൂഡൽഹി: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ശനിയാഴ്ച ഡൽഹി ഫിറോസ്ഷാ കോട്ലയിൽ തുടക്കം. ജയത്തോടെ പരമ്പര സ്വന്തമാക്കാനാണ് വിരാട് കോഹ്ലിയുടെയും സംഘത്തിെൻറയും പടപ്പുറപ്പാടെങ്കിൽ സമനില പിടിക്കാൻ അനിവാര്യമായ ജയത്തിനാണ് ലങ്കയുടെ ശ്രമം. ഇന്ത്യൻ മണ്ണിൽ ഇതുവരെ ടെസ്റ്റ് വിജയം നേടിയിട്ടില്ലെന്നതും സന്ദർശകരെ മോഹിപ്പിക്കുന്ന ഘടകമാണ്. എന്നാൽ, ആ ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കിൽ പ്രകടന നിലവാരം ഏറെ ഉയർത്തേണ്ടിവരും ദിനേശ് ചണ്ഡിമലിനും കൂട്ടർക്കും.
കൊൽക്കത്തയിലെ ആദ്യ ടെസ്റ്റിൽ മികച്ച തുടക്കത്തിനുശേഷം സമനില വഴങ്ങേണ്ടിവന്ന ലങ്ക നാഗ്പുരിലെ രണ്ടാം അങ്കത്തിൽ ഏറ്റുവാങ്ങിയ കനത്ത തോൽവി മറക്കാനാണ് ലക്ഷ്യമിടുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലുമെല്ലാം ഇന്ത്യക്ക് ബഹുദൂരം പിന്നിലായാണ് നാഗ്പുരിൽ ലങ്ക കളിയവസാനിപ്പിച്ചത്. ഒാപണർ ദിമുത് കരുണരത്നെ, ക്യാപ്റ്റൻ ചണ്ഡിമൽ, പരിചയസമ്പന്നനായ എയ്ഞ്ചലോ മാത്യൂസ് എന്നിവരുടെ ബാറ്റിങ് ഫോമാവും ലങ്കക്ക് നിർണായകം. സുധീര സമരവിക്രമ, ലാഹിരു തിരിമന്നെ, ദാസുൻ ശാനക, നിരോഷൻ ഡിക്വെല്ല എന്നിവരും മികവ് പുറത്തെടുക്കേണ്ടിവരും. ബൗളിങ്ങിൽ പരിചയസമ്പന്നനായ ഇടൈങ്കയൻ സ്പിന്നർ രംഗണ ഹെറാത്തിെൻറ അഭാവം ടീമിന് കനത്ത തിരിച്ചടിയാവും. ലക്ഷൻ സൻഡകനാവും ദിൽരുവാൻ പെരേരക്കൊപ്പം സ്പിൻ ബൗളിങ്ങിന് ചുക്കാൻപിടിക്കുക. സുരംഗ ലക്മലും ലാഹിരു ഗമാഗെയും തന്നെ പേസ് ബൗളിങ്ങിന് നേതൃത്വം നൽകും.
ബാറ്റിങ്, ബൗളിങ് നിരകൾ ഒരുപോലെ മികച്ച ഫോം പ്രകടിപ്പിക്കുന്നതിെൻറ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഇരട്ട സെഞ്ച്വറി വീരനായി മാറിക്കൊണ്ടിരിക്കുന്ന കോഹ്ലിയുടെ നേതൃത്വത്തിലുള്ള ബാറ്റിങ് നിരയിൽ ചേതേശ്വർ പുജാരയും മുരളി വിജയ്യും രോഹിത് ശർമയും കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടിയിരുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുമ്പുള്ള അവസാന ടെസ്റ്റായതിനാൽ അജിൻക്യ രഹാനെ കൂടി േഫാമിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. രണ്ടാം ടെസ്റ്റിനില്ലാതിരുന്ന ശിഖർ ധവാൻ തിരിച്ചെത്തുന്നതോടെ വിജയ്, ലോകേഷ് രാഹുൽ എന്നിവരിൽ ആരെ മാറ്റിനിർത്തും എന്നതാണ് ടീം മാനേജ്മെൻറിനെ ‘അലട്ടുന്ന’ പ്രശ്നം.
വിവാഹ അവധിയിലായ ഭുവനേശ്വർ കുമാറിന് പകരം ടീമിലെത്തിയ ഇശാന്ത് ശർമയുടെ ഫോം ബൗളിങ്ങിന് മുതൽക്കൂട്ടാവും. മുഹമ്മദ് ഷമിയുടെ അഭാവത്തിൽ ഇശാന്ത്-ഉമേഷ് യാദവ് ജോടിക്കാവും പേസ് ആക്രമണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.