ദുബൈ: ഏഷ്യ കപ്പിൽ ഒടുവിൽ ഇന്ത്യയുടെ മുത്തം. ജയപരാജയ സാധ്യതകൾ മാറിമറിച്ച ആവേശ ഫൈനലിൽ മൂന്ന് വിക്കറ്റിന് ബംഗ്ലാദേശിനെ മുട്ടുകുത്തിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ഏഷ്യ കപ്പ് ഏകദിനത്തിൽ ഇന്ത്യയുടെ ആറാം കിരീടമാണിത്. രോഹിത് ശർമയുടെ(48) മികച്ച തുടക്കവും മധ്യനിരയിൽ ദിനേശ് കാർത്തിക്(37), എം.എസ് ധോണി(36) രവീന്ദ്ര ജഡേജ(23) എന്നിവരുടെ പ്രകടനവും ഇന്ത്യക്ക് തുണയായി. അവസാന ഒാവറിൽ ആറുപന്തിൽ ആറു റൺസ് വേണ്ടിയിരുന്നപ്പോൾ, കേദാർ യാദവും(23) കുൽദീപ് യാദവും(അഞ്ച്)പുറത്താകാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സ്കോർ: ബംഗ്ലദേശ്- 222/10(48.3), ഇന്ത്യ-223/7(50)
ലിറ്റൺ ദാസിെൻറ (121) കന്നിസെഞ്ച്വറിയിലാണ് ബംഗ്ലാദേശ് 222 റൺസിലെത്തിയത്. ടൂർണമെൻറിലുടനീളം പിന്തുടർന്ന് ജയിച്ചതിെൻറ ആത്മവിശ്വാസത്തിൽ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മറ്റൊന്നും നോക്കാതെ ബൗളിങ് തിരഞ്ഞെടുത്തു. കൂറ്റൻ സ്കോറിലേക്കെന്ന് ഉറപ്പിച്ച് കളി പുരോഗമിക്കവെ, ബംഗ്ലാദേശ് ഇന്ത്യയെ പോലും അതിശയിപ്പിച്ച് മൂക്കുകുത്തിവീഴുകയും ചെയ്തു. ഇന്ത്യൻ ബൗളർമാരെ പൊതിരെ തല്ലിയായിരുന്നു ബംഗ്ലാദേശിെൻറ തുടക്കം. ആദ്യ 20 ഒാവറുകളിൽ ലിറ്റൺ ദാസും മെഹ്ദി ഹസനും നിറഞ്ഞുകളിച്ചു. ഒന്നാം വിക്കറ്റിൽ 120 റൺസിെൻറ പാർട്ണർഷിപ്പാണ് ഇരുവരും പടുത്തുയർത്തിയത്. മെഹ്ദി സൂക്ഷിച്ച് കളിച്ചപ്പോൾ, ലിറ്റൺ ദാസിെൻറ ബാറ്റിനായിരുന്നു മൂർച്ചയേറെ. ബുംറയുടെയും ഭുവനേശ്വറിെൻറയും ഒാവറുകളിൽ റൺസ് അതിവേഗം നീങ്ങിയപ്പോൾ, ആദ്യ അഞ്ച് ഒാവർ പൂർത്തിയായപ്പോഴേക്കും ചഹലിനെ വിളിച്ചു. പക്ഷേ, കാര്യമുണ്ടായിരുന്നില്ല.
ഒടുവിൽ കേദാർ ജാദവാണ് സെഞ്ച്വറി കടന്ന ഇൗ കൂട്ടുകെട്ടിനെ പിളർത്തിയത്. മെഹ്ദി ഹസനെ (32) അമ്പാട്ടി റായുഡുവിെൻറ കൈകളിലെത്തിച്ച് പറഞ്ഞയച്ചു. ആദ്യ വിക്കറ്റ് വീണതോടെ ബംഗ്ലാദേശിെൻറ പതനവും തുടങ്ങി. ഇംറുൽ ഖൈസ് (2), മുഷ്ഫിഖുർ റഹീം (5), മുഹമ്മദ് മിഥുൻ(റണ്ണൗട്ട്- 2) എന്നിവരാണ് വന്നപോലെ മടങ്ങിയത്. ജദേജയുടെ മാസ്മരിക ഫീൽഡിങ്ങിലാണ് മിഥുൻ പുറത്താവുന്നത്. എങ്കിലും, ക്രീസിലെത്തിയ മഹ്മൂദുല്ലയെ കൂട്ടുപിടിച്ച് 29ാം ഒാവറിൽ ലിറ്റൺ കന്നിസെഞ്ച്വറി കുറിച്ചു. 87 പന്തിലാണ് ദാസ് വെടിക്കെട്ട് സെഞ്ച്വറി നേടിയത്.
മഹ്മൂദുല്ലക്കും (4) കൂടുതൽ ആയുസ്സില്ലായിരുന്നു. ധോണിയുടെ സ്റ്റംപിങ് ചൂടറിഞ്ഞാണ് ലിറ്റൺ ദാസ് (121) പുറത്താവുന്നത്. കുൽദീപ് യാദവിെൻറ വെട്ടിത്തിരിഞ്ഞ പന്ത് പിടിച്ചെടുത്ത് അതിവേഗമായിരുന്നു ധോണിയുടെ സ്റ്റംപിങ്. പിന്നീടെല്ലാം ചടങ്ങുമാത്രം. സൗമ്യ സർക്കാർ (33) രണ്ടക്കം കണ്ടതൊഴിച്ചാൽ ബാക്കിയെല്ലാവരും പരാജയമായി. ഒടുവിൽ മലപോലെ വന്ന ബംഗ്ലാദേശ് 48.3 ഒാവറിൽ 222ന് പുറത്തായി. ഇന്ത്യൻ നിരയിൽ കുൽദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.