ന്യൂഡൽഹി: പൂര വെടിക്കെട്ട് കഴിഞ്ഞ പറമ്പുപോലെയാണിപ്പോൾ ഡൽഹി മഹാനഗരം. മൂടൽമഞ്ഞും പൊടിപടലങ്ങളും നിറഞ്ഞുനിൽക്കുന്ന നഗരത്തിലൂടെ ജോലിക്ക് പോകാൻ വരെ ജനങ്ങൾ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് ഞായറാഴ്ച ഫിറോസ് ഷാ കോട്ലയിൽ ഇന്ത്യ- ബംഗ്ലാദേശ് ട്വൻറി20 മത്സരം നടക്കാൻ പോകുന്നത്. വ്യാഴാഴ്ച തലസ്ഥാന നഗരിയിൽ മലിനീകരണ തോത് അതി ഗുരുതരാവസ്ഥയിലെത്തിയതിനെത്തുടർന്ന് ഡൽഹിയിലെ സ്കൂളുകൾ നവംബർ അഞ്ചു വരെ അടച്ചിടാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാർ ഉത്തരവിട്ടിരുന്നു.
കേന്ദ്ര പരിസ്ഥിതി നിയന്ത്രണ അതോറിറ്റി സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുമുണ്ട്. തൽസ്ഥിതി നാലു ദിവസത്തേക്ക് തുടരുമെന്നും റിപ്പോർട്ടിനിടെയാണ് മത്സരം. ഡൽഹിയിലെത്തി ബംഗ്ലാ ടീമിൽ അൽ അമീൻ, അബു ഹൈദർ റോണി, സ്പിൻ കൺസൾട്ടൻറ് ഡാനിയൽ വെേട്ടാറി എന്നിവർ മുഖംമൂടി ധരിച്ചാണ് വെള്ളിയാഴ്ച കോട്ലയിൽ പരിശീലനത്തിനിറങ്ങിയത്.
2017 ഡിസംബറിൽ ഡൽഹിയിൽ ഇന്ത്യക്കെതിരെ ടെസ്റ്റ് മത്സരത്തിൽ കളിക്കാനിറങ്ങിയ ലങ്കൻ താരങ്ങളായ ലഹിരു ഗാമേജും സുരംഗ ലക്മലും ശ്വസന സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടതായി പരാതിപ്പെട്ടിരുന്നു. രണ്ടു വർഷങ്ങൾക്കിപ്പുറം ദീപാവലി ആഘോഷത്തിന് ശേഷം നഗരത്തിൽ മലിനീകരണ തോത് ഇത്രകണ്ട് ഉയർന്നിട്ടും ബി.സി.സി.ഐയും ഡൽഹി ക്രിക്കറ്റ് അസോസിയേഷനും പരിഹാരം കണ്ടെത്താൻ ശ്രമിച്ചിട്ടില്ല.
പരിസ്ഥിതിവാദി പ്രവർത്തകർ, മുൻ ഇന്ത്യൻ താരവും ഡൽഹിയിൽനിന്നുള്ള ലോക്സഭാംഗവുമായ ഗൗതം ഗംഭീർ, മുൻ താരം ബിഷൻ സിങ് ബേദി എന്നിവരും ഡൽഹിയിൽ മത്സരം നടത്തുന്നതിനെതിരെ രംഗത്തു വന്നിരുന്നു. എന്നിരുന്നാലും മത്സരം മാറ്റിവെക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയ ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി മത്സരം മുൻനിശ്ചയപ്രകാരം ഡൽഹിയിൽ വെച്ചുതന്നെ നടക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.