വിശാഖപട്ടണം: അവസാന ദിനം കൂറ്റൻ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തലയും വാലും രവീന്ദ്ര ജദേജയും മധ്യനിരയെ മുഹമ്മദ് ഷമിയും എറിഞ്ഞിട്ടേതാടെ ഫ്രീഡം പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 203 റൺസിെൻറ ഉജ്ജ്വല വിജയം. ഷമി അഞ്ചും ജദേജ നാലും വിക്കറ്റ് പിഴുതപ്പോൾ 395 റൺസ് ലക്ഷ്യവുമായിറങ്ങിയ സന്ദർശകർ 191ന് പുറത്തായി. എട്ടിന് 70 എന്നനിലയിൽ തകർന്ന ദക്ഷിണാഫ്രിക്ക ഡെയ്ൻ പീറ്റിെൻറയും (56) സെനുറാൻ മുത്തുസാമിയുടെയും (49 നോട്ടൗട്ട് ) മികവിൽ വാലിൽ കുത്തി എഴുന്നേൽക്കാൻ ശ്രമം നടത്തിയെങ്കിലും വിലപ്പോയില്ല. ഇതോെട മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. വിജയത്തോടെ മൂന്നിൽ മൂന്നു മത്സരവും ജയിച്ച ഇന്ത്യ160 പോയൻറുമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിെൻറ പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. സ്കോർ: ഇന്ത്യ 502/7 ഡിക്ല & 323/4 ഡിക്ല, ദക്ഷിണാഫ്രിക്ക 431 & 191
ബൗൾഡാക്കി ഷമി എൽ.ബിയിൽ കുരുക്കി ജദേജ
രണ്ടാം ഇന്നിങ്സ് സ്കോർ 19ൽ എത്തിനിൽക്കേ ത്യൂനിസ് ഡിബ്രൂയിെൻറ (10) കുറ്റിതെറുപ്പിച്ച് അശ്വിൻ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. ഇതോടെ 66ാം മത്സരത്തിൽ 350 വിക്കറ്റ് സ്വന്തമാക്കിയ അശ്വിൻ വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിട്ട ഇതിഹാസതാരം മുത്തയ്യ മുരളീധരെൻറ റെക്കോഡിനൊപ്പമെത്തി. ആദ്യ ഇന്നിങ്സിൽ സ്പിന്നർമാരുടെ നിഴലിൽ ഒതുങ്ങിപ്പോയ ഷമി ഹീറോയാകുന്ന കാഴ്ചയായിരുന്നു പിന്നീട്. തെംബ ബവുമ (0), നായകൻ ഫാഫ് ഡുപ്ലെസിസ് (13), ക്വിൻറൺ ഡിേകാക്ക് (0) എന്നിവരെ ബൗൾഡാക്കി ഷമി ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ചു. ശേഷം ജദേജയുടെ ഊഴമായിരുന്നു. ഓപണർ എയ്ഡൻ മർക്രം (39), വെർനോൻ ഫിലാൻഡർ (0), കേശവ് മഹാരാജ് (0) എന്നിവരെ ഒരേ ഓവറിൽ മടക്കി ജദേജ സന്ദർശകരെ എട്ടിന് 70 എന്നനിലയിലേക്ക് തള്ളിവിട്ടു. മർക്രമിനെ സ്വന്തം പന്തിൽ കൈപ്പിടിയിലൊതുക്കിയ ജദേജ മറ്റുരണ്ടുപേരെയും വിക്കറ്റിനുമുന്നിൽ കുടുക്കുകയായിരുന്നു.
വാലിൽ കുത്തി ദക്ഷിണാഫ്രിക്ക
ടീമിെൻറ തകർച്ചക്കിടയിൽ ഒരുമിച്ച് ആദ്യ അർധശതകം നേടിയ പീറ്റും അരങ്ങേറ്റക്കാരൻ മുത്തുസാമിയും ചേർന്ന് ഇന്ത്യൻ സ്പിന്നർമാർക്കെതിരെ ഒഴുക്കോെട ബാറ്റേന്തി. ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 91 റൺസാണ് പ്രോട്ടിയേസിനെ വൻനാണക്കേടിൽനിന്ന് രക്ഷിച്ചത്. ഒമ്പത് ഫോറും ഒരുസിക്സും സഹിതം 56 റൺസെടുത്ത പീറ്റിനെ ബൗൾഡാക്കി ഷമി കൂട്ടുകെട്ട് പൊളിച്ചു. മത്സരത്തില്‍ നാലുപേരെ ബൗള്‍ഡാക്കിയ ഷമി ജസ്പ്രീത് ബുംറയ്ക്കു ശേഷം ഒരു ടെസ്റ്റ് ഇന്നിങ്സില്‍ നാലു പേരെ ബൗള്‍ഡാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരെമന്ന നേട്ടം സ്വന്തമാക്കി.
അവസാന ബാറ്റ്സ്മാനായെത്തിയ കാഗിസോ റബാദ മൂന്ന് ബൗണ്ടറിയും ഒരു സിക്സുമടിച്ച് സ്കോർ 200 കടത്തുമെന്ന തോന്നലുളവാക്കിയെങ്കിലും താരത്തെ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെ കൈയിലെത്തിച്ച് ഷമി അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.
10.5 ഓവറിൽ 35 റൺസ് വഴങ്ങിയാണ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. സന്ദർശക നിരയിൽ ആറ് ബാറ്റ്സ്മാൻമാർ രണ്ടക്കം കാണാതെ മടങ്ങി. രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വറിയടിച്ച് ഓപണിങ് അരങ്ങേറ്റം അവിസ്മരണീയമാക്കിയ രോഹിത് ശർമയാണ് കളിയിലെ താരം. രണ്ടാം ടെസ്റ്റ് ഒക്ടോബർ 10ന് പുണെയിൽ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.