ന്യൂഡൽഹി: ശ്രീലങ്കക്കെതിരായ അവസാന ടെസ്റ്റിൽ ഇന്ത്യ വിജയപ്രതീക്ഷയിൽ. പുകമഞ്ഞിന് പുറമെ ആഞ്ഞടിച്ച ഇന്ത്യൻ ബാറ്റ്സ്മാന്മാരും എറിഞ്ഞുടച്ച ബൗളർമാരും ശ്രീലങ്കയുടെ മേൽ സർവാധിപത്യം പുലർത്തിയപ്പോൾ സമനിലക്കു വേണ്ടിയുള്ള പെടാപ്പാടിലാണ് ലങ്കൻ ബാറ്റ്സ്മാന്മാർ. 410 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുന്ന ലങ്ക നാലാം ദിനം കളി അവസാനിക്കുേമ്പാൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 31 റൺസെടുത്തിട്ടുണ്ട്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ അഞ്ചിന് 246 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ആദ്യ ഇന്നിങ്സിൽ ഇരട്ട സെഞ്ച്വറി നേടിയ നായകൻ വിരാട് കോഹ്ലിക്കൊപ്പം (50) രോഹിത് ശർമയും (50*) ശിഖർ ധവാനും (67) അർധ സെഞ്ച്വറി നേടി. സ്കോർ: ഇന്ത്യ: 536/7, 246/5. ശ്രീലങ്ക: 373/10, 31/3.
ഒമ്പതിന് 356 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ലങ്കയെ 373ന് പുറത്താക്കിയശേഷമായിരുന്നു ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ അഴിഞ്ഞാട്ടം. ആക്രമിച്ചു കളിക്കാനുള്ള വ്യഗ്രതക്കിടയിൽ മുരളി വിജയ്യാണ് (ഒമ്പത്) ആദ്യം പുറത്തായത്. പൂജാരക്ക് പകരം സ്ഥാനക്കയറ്റം കിട്ടിയെത്തിയ അജിൻക്യ രഹാനെ (പത്ത്) ഒരിക്കൽകൂടി പരാജയപ്പെട്ടു. പെരേരയെ ഉയർത്തിയടിച്ച രഹാനെ സൻഡകെൻറ കൈയിൽ ഒതുങ്ങുകയായിരുന്നു. അവസാന അഞ്ച് ഇന്നിങ്സുകളിലായി 17 റൺസാണ് രഹാനെയുടെ സമ്പാദ്യം. പതിവ് പ്രതിരോധത്തിന് വിപരീതമായി സ്കോർ ഉയർത്താൻ ശ്രമിച്ച ചേതേശ്വർ പൂജാര (49) അർധ സെഞ്ച്വറിക്ക് ഒരു റൺസ് അകലെ വീണു. പിന്നീടൊത്തുേചർന്ന കോഹ്ലി-രോഹിത് സഖ്യം കൂടുതൽ ആക്രമണകാരികളായി. 15 ഒാവർ ബാറ്റ് ചെയ്ത കൂട്ടുകെട്ട് 90 റൺസ് എടുത്തശേഷമാണ് പിരിഞ്ഞത്. രോഹിത് അർധസെഞ്ച്വറി തികച്ചതിന് പിന്നാലെ ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ നായകൻ നിർദേശം നൽകി. രവീന്ദ്ര ജദേജ നാല് റൺസുമായി പുറത്താകാതെ നിന്നു. കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ ചെറുത്തുനിൽക്കാനിറങ്ങിയ ലങ്കക്ക് 14 റൺസെത്തിയപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായി.
മുഹമ്മദ് ഷമിയുടെ പന്തിൽ ബാറ്റ് വെച്ച സമരവിക്രമ (അഞ്ച്) സ്ലിപ്പിൽ രഹാനെയുടെ കൈയിൽ ഭദ്രമായൊതുങ്ങി. കരുണരത്നയെയും (13) നൈറ്റ് വാച്ച്മാനായെത്തിയ ലക്മലിനെയും (പൂജ്യം) പുറത്താക്കി രവീന്ദ്ര ജദേജ ലങ്കയുടെ മേൽ വീണ്ടും പ്രഹരമേൽപിച്ചു. നാലാം ദിവസത്തെ അവസാന ഒാവറിലായിരുന്നു രണ്ട് വിക്കറ്റും വീണത്. ധനഞ്ജയ ഡിസിൽവയും (13) ഏഞ്ചലോ മാത്യൂസുമാണ് (പൂജ്യം) ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.