മുംബൈ: ഇന്ത്യ-വിൻഡീസ് ട്വൻറി20 പരമ്പരയിൽ ബുധനാഴ്ച ഫൈനൽ പോരാട്ടം. ഹൈദരാബാദിലെ ആദ്യ കളി ഇന്ത്യ ജയിക്കുകയും, തിരുവനന്തപുരത്തെ രണ്ടാം അങ്കം വിൻഡീസ് ജയിക്കുകയും ചെയ്തതോടെയാണ് മൂന്നം മത്സരം ഫൈനലായി മാറിയത്. എട്ടു വിക്കറ്റ് ജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്ത വിൻഡീസും, അപ്രതീക്ഷിത ഫീൽഡിങ് പിഴവുകളും ബാറ്റിങ് തിരിച്ചടികളുമായി പ്രതിസന്ധിയിലായ ഇന്ത്യയുമാണ് മുംബൈ വാംഖഡെയിൽ മാറ്റുരക്കുന്നത്.
നിർണായക മത്സരത്തിൽ ബാറ്റിലും ബൗളിലും ഇന്ത്യക്ക് ആശങ്കയില്ല. എന്നാൽ, തിരുവനന്തപുരത്ത് വിട്ടുകളഞ്ഞ ക്യാച്ചിെൻറയും ചോർന്നുപോയ റൺസുകളുടെയും കണക്കാവും കോഹ്ലിയെ ഭയപ്പെടുത്തുന്നത്. ഒപ്പം, വാഷിങ്ടൺ സുന്ദറും ഋഷഭ് പന്തും തന്നെയാണ് കളിക്കുമുമ്പത്തെ ശ്രദ്ധാകേന്ദ്രം.
തുടർച്ചയായി പരാജയപ്പെട്ട പന്ത് കഴിഞ്ഞ കളിയിൽ 33 റൺസെടുത്ത് പുറത്താവാതെ നിന്നത് ക്യാപ്റ്റന് ആശ്വാസമാവും. അതേസമയം, അവസാന അഞ്ച് കളിയിൽ മൂന്ന് വിക്കറ്റ് മാത്രം വീഴ്ത്തിയ വാഷിങ്ടൺ കാര്യമായി തല്ലുകൊള്ളുന്നുമുണ്ട്. കാര്യവട്ടത്ത് സ്ഥാനക്കയറ്റം നേടി ഇറങ്ങിയ ശിവം ദുബെയുടെ ഇന്നിങ്സായിരുന്നു ശ്രദ്ധേയം. ഇന്ത്യയുടെ ചോർന്ന കൈകൾക്കിടയിലൂടെ ജീവൻ വീണ്ടെടുത്താണ് ആന്ദ്രെ റസലും സംഘവുമിറങ്ങുന്നത്. ലെൻഡൽ സിമ്മൺസ്, എവിൻ ലൂയിസ്, നികോളസ് പൂരൻ, ഷിംറോൺ ഹെറ്റ്മയർ എന്നിവർ ബാറ്റിങ് മികവ് വീണ്ടെടുത്തതോടെ വാംഖഡെയിൽ തീപാറുമെന്നുറപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.