കേപ്ടൗൺ: കോഹ്ലിയും കുൽദീപും ചാഹലും കാരണം ശനിദശ മാറാത്ത ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിലും തോറ്റ് തുന്നംപാടി. ചൈനാ മാൻ കുൽദീപും യുസ്വേന്ദ്ര ചാഹലും ആതിഥേയരുടെ എട്ടുപേരെ നിരനിരയായി തിരിച്ചയച്ചപ്പോൾ 304 റൺസ് പിന്തുടർന്നവർ 179ൽ അവസാനിക്കുന്ന കാഴ്ച്ചയാണ് കേപ്ടൗണിൽ കണ്ടത്. ഇരുവരും നാല് വീതം വിക്കറ്റുകളെടുത്തു. കഴിഞ്ഞ ഏകദിനത്തിൽ ഇരുവരും ചേർന്ന് എട്ടുപേരെ കൂടാരം കയറ്റിയിരുന്നു. ഇതോടെ ആറ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 3-0 ന് മുന്നിലെത്തി.
ആദ്യ രണ്ട് ഏകദിനങ്ങളിൽ സ്കോർ പിന്തുടർന്ന് ജയിച്ച ഇന്ത്യക്ക് മൂന്നാം ഏകദിനത്തിൽ ടോസ് നഷ്ടമായതും ആദ്യ ബാറ്റിങ്ങിനിറങ്ങേണ്ടി വന്നതുമെല്ലാം നിർഭാഗ്യമാവുമെന്നും വിജയിക്കാമെന്നും തെറ്റിധരിച്ച ദക്ഷിണാഫ്രിക്കൻ ടീം കോഹ്ലിയുടെ ബാറ്റിങ്ങിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ജെ.പി ഡ്യുമിനി 51 റൺസെടുത്തു. നായകൻ െഎഡൻ മാർക്രം (32) ഡേവിഡ് മില്ലർ (25) എന്നിവരും പിടിച്ച് നിന്നത് കൊണ്ടാണ് കുറഞ്ഞ സ്കോറിലൊതുങ്ങാതെ രക്ഷപെട്ടത്. മറ്റാർക്കും ദക്ഷിണാഫ്രിക്കൻ നിരയിൽ തിളങ്ങാനായില്ല. മുൻ നിരതാരങ്ങളായ ഫാഫ് ഡു പ്ലെസിസ്, ഡിവില്ലേഴ്സ്, ഡികോക്ക് എന്നിവരുടെ അഭാവം ടീമിൽ കാര്യമായി നിഴലിച്ചു.
നേരത്തെ നായകൻ വിരാട് കോഹ്ലിയുടെ അപരാജിത സെഞ്ച്വറിയുടെ (160) മികവിലായിരുന്നു ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. റബദെയുടെ പന്തിൽ കോഹ്ലി എൽബിയിൽ കുടുങ്ങിയത് അംപയർ ഒൗട്ട് വിധിച്ചിരുന്നു. റിവ്യൂവിലൂടെ തിരിച്ച് വന്ന കോഹ്ലി പിന്നീട് ദക്ഷിണാഫ്രിക്കയുടെ അന്തകനാകുന്ന കാഴ്ചയാണ് കണ്ടത്. അർധ സെഞ്ച്വറി നേടിയ ശിഖർ ധവാൻ 76 മികച്ച പിന്തുണ നൽകിയിരുന്നു. ടെസ്റ്റ് പരമ്പരയിലേറ്റ പരാജയത്തിന് മധുര പ്രതികാരമായി ഏകദിന പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് റൺസൊന്നുമെടുക്കാതെ രോഹിത് ശർമയെയായിരുന്നു തുടക്കത്തിൽ തന്നെ നഷ്ടമായത്. പേസർ കഗിസൊ റബദെയാണ് ശർമയെ പുറത്താക്കിയത്. തുടർന്ന് ഒത്ത് ചേർന്ന കോഹ്ലി ധവാൻ കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്കോർ പടുത്തുയർത്താൻ സഹായിച്ചു. എന്നാൽ സ്കോർ 140 നിൽകെ ജെ.പി ഡ്യുമിനിയുടെ പന്തിൽ െഎഡൻ മാർക്രമിന് ക്യാച്ച് നൽകി ധവാൻ മടങ്ങിയത് ഇന്ത്യക്ക് ക്ഷിണമായി. തുടർന്ന് വന്ന അജിൻക്യ രഹാനെ (11) ഹർദ്ദിക് പാണ്ഡ്യ(14) എന്നിവരും എളുപ്പം പുറത്തായി. എം.എസ് ധോനിയും കേദർ ജാഥവും പിടിച്ചു നിന്നില്ല. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ജെ.പി ഡ്യുമിനി രണ്ട് വിക്കറ്റുകളെടുത്തു. കഗിസൊ റബദെ, ക്രിസ് മോറിസ്, ഇമ്രാൻ താഹിർ എന്നിവർ ഒാരോ വിക്കറ്റുകളുമെടുത്തു.
ആദ്യ രണ്ട് ഏകദിനങ്ങളിലേറ്റ പരാജയത്തിന് മറുപടി നൽകാൻ കേപ്ടൗണിൽ ഇന്നിറങ്ങിയ ദക്ഷിണാഫ്രിക്ക ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏകദിനത്തിൽ സെഞ്ച്വറി നേടിയ നായകൻ ഡുപ്ലെസിസിെൻറ അഭാവത്തിൽ തന്നെയാണ് ഇന്നും ദക്ഷിണാഫ്രിക്ക ഇറങ്ങിയത്. ക്വിൻറിൻ ഡികോക്കും ഇന്ന് കളിച്ചില്ല. അതേ സമയം ലുങ്കി എംഗിഡി, ഹൈൻറിച്ച് ക്ലാസെൻ എന്നിവരുടെ ആദ്യ ഏകദിന മത്സരമായിരുന്നു ഇന്നത്തെത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.