ഹൈദരാബാദ്: ക്രിക്കറ്റിൽ രണ്ടു കാലിൽ നിൽപുറപ്പിച്ചിട്ടില്ല അഫ്ഗാനിസ്താൻ. എന്നിട്ടും, നാലു കോടി മുടക്കിയാണ് സൺറൈസേഴ്സ് ഹൈദരാബാദ് റാഷിദ് ഖാൻ എന്ന ലെഗ് സ്പിന്നറെ അഫ്ഗാനിസ്താനിൽനിന്ന് ടീമിലെടുത്തത്. എന്തായാലും അത് വെറുതെയായില്ല. ഒമ്പത് വിക്കറ്റിന് ഗുജറാത്ത് ലയൺസിനെ തറപറ്റിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ഖാൻ രണ്ടു മത്സരങ്ങളിൽനിന്ന് വിക്കറ്റ് നേട്ടം അഞ്ചാക്കി. മൂന്ന് വിക്കറ്റ് വീഴ്ത്തി മാൻ ഒാഫ് ദ മാച്ച് പട്ടത്തിനും അർഹനായി.
ഗുജറാത്ത് ഉയർത്തിയ 136 റൺസിെൻറ വിജയലക്ഷ്യം 27 പന്തുകൾ ബാക്കിയിരിക്കെ ഹൈദരാബാദ് മറികടന്നു. ക്യാപ്റ്റൻ ഡേവിഡ് വാർണറും മൊയിസസ് ഹെൻറിക്വസും അർധ സെഞ്ച്വറികളോടെ രണ്ടാം വിക്കറ്റിൽ അടിച്ചുകൂട്ടിയ 108 റൺസിെൻറ തകരാത്ത കൂട്ടുകെട്ടാണ് നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദിെൻറ വിജയം അനായാസമാക്കിയത്. തുടർച്ചയായ രണ്ടാം ജയമാണ് ഹൈദരാബാദിേൻറത്. ഒമ്പത് റൺസെടുത്ത ശിഖർ ധവാെൻറ വിക്കറ്റാണ് നഷ്ടമായത്. നാല് സിക്സും ആറ് ബൗണ്ടറിയുമായാണ് വാർണർ 45 പന്തിൽ 76 റൺസ് അടിച്ചുകൂട്ടിയത്. 39 പന്തിൽ ആറ് ബൗണ്ടറികളോടെയാണ് ഹെൻറിക്വസ് 52 റൺസ് നേടിയത്.
നേരത്തേ, ടോസ് നേടിയ ഹൈദരാബാദ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ കളിയിൽ കൊൽക്കത്തയോട് 10 വിക്കറ്റിന് വമ്പൻ പരാജയം നേരിടേണ്ടിവന്നതിെൻറ ആഘാതത്തിലായിരുന്നു സുരേഷ് റെയ്നയും സംഘവും. കൂറ്റൻ അടിക്കാരായ ബ്രണ്ടൻ മക്കല്ലവും ജാസൺ റോയിയും തുടക്കമിട്ട ഇന്നിങ്സ് 35ൽ എത്തിയപ്പോഴാണ് വാർണർ അഫ്ഗാൻ താരം റാഷിദ് ഖാനെ പന്തേൽപിച്ചത്. അഞ്ചാമത്തെ പന്തിൽ ഖാൻ ക്യാപ്റ്റെൻറ വിശ്വാസം കാത്തു. 10 പന്തിൽ വെറും അഞ്ച് റൺസെടുത്ത അപകടകാരിയായ ബ്രണ്ടൻ മക്കല്ലത്തെ വിക്കറ്റിനു മുന്നിൽ കുടുക്കി. രണ്ട് റൺസ് കൂടി ചേർത്തപ്പോൾ ഭുവനേശ്വർ കുമാറിെൻറ പന്ത് ലെഗ് സൈഡിലേക്ക് തിരിച്ചുവിടാൻ നടത്തിയ ശ്രമം ജാസൺ റോയിക്ക് വിനയായി. നിലംപറ്റെ വന്ന ക്യാച്ച് മനോഹരമായി ശിഖർ ധവാൻ കൈയിൽ ഒതുക്കിയെങ്കിലും നിലത്ത് സ്പർശിച്ചോ എന്ന സംശയം തീർക്കാൻ മൂന്നാം അമ്പയർ തന്നെ വേണ്ടിവന്നു.
വീണ്ടും റാഷിദ് ഖാൻ ആഞ്ഞടിച്ചു. ആരോൺ ഫിഞ്ചിനെയും ക്യാപ്റ്റൻ സുരേഷ് റെയ്നയെയും നിലയുറപ്പിക്കാനനുവദിക്കാതെ വിക്കറ്റിനു മുന്നിൽ കുടുക്കി റാഷിദ് തന്നെ ടീമിലെടുത്തതിനെ ന്യായീകരിച്ചു. നാലോവർ പൂർത്തിയാക്കിയ റാഷിദ് വഴങ്ങിയത് വെറും 19 റൺസ്. 57 റൺസിന് നാലു വിക്കറ്റ് നഷ്ടമായ ഗുജറാത്തിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത് ദിനേശ് കാർത്തിക്കും (32 പന്തിൽ 30 റൺസ്) ഡ്വൈൻ സ്മിത്തും (27 പന്തിൽ 37 റൺസ്) ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ്. 56 റൺസിെൻറ കൂട്ടുകെട്ട് പിരിച്ചത് ഭുവനേശ്വർ കുമാർ. സ്മിത്തിനെ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ ശങ്കറിെൻറ കൈയിലെത്തിച്ചപ്പോൾ ആശിഷ് നെഹ്റ കാർത്തിക്കിനെ വിക്കറ്റ് കീപ്പർ നമാൻ ഒാജയെ ഏൽപിച്ചു. മലയാളിതാരം ബേസിൽ തമ്പി ബെൻ കട്ടിങ്ങിെന സിക്സറിന് പറത്തി എട്ട് പന്തിൽ 13 റൺസുമായി പുറത്താകാതെ നിന്നു. 20 ഒാവറിൽ ഏഴ് വിക്കറ്റിന് 135ൽ ഗുജറാത്തിെൻറ പോരാട്ടം അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.