മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളായ ജവഗൽ ശ്രീനാഥ് ക്രിക്കറ്റിനോട് വിടപറഞ്ഞത് 2003 ലോകകപ്പിന് ശേഷമായിരുന്നു. 33 വയസുണ്ടായിരുന്ന താരം കരിയറിൽ കത്തിനിൽക്കുന്ന സമയത്തായിരുന്നു വിരമിച്ചത്. ലോകകപ്പിൽ ഇന്ത്യൻ ടീമിനെ ഫൈനലിലെത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ശ്രീനാഥ് 11 മത്സരങ്ങളിൽ 16 വിക്കറ്റുകളായിരുന്നു വീഴ്ത്തിയത്. കരിയറിൽ ഇനിയുമേറെ നേടാൻ സമയം ബാക്കിയുണ്ടായിരുന്നിട്ടും ടീം വിട്ടതിെൻറ കാരണം താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
ശാരീരിക ബുദ്ധിമുട്ടുകൾ കാരണമാണ് വിരമിക്കാൻ തീരുമാനിച്ചതെന്ന് ജവഗൽ ശ്രീനാഥ് പറഞ്ഞു. ഒരു വർഷം കൂടി രാജ്യത്തിന് വേണ്ടി കളിക്കാൻ അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും കാൽമുട്ടിൽ അനുഭവപ്പെട്ടുകൊണ്ടിരുന്ന കഠിനമായ വേദന അത് തടസ്സപ്പെടുത്തുകയായിരുന്നു. 'എെൻറ കാൽമുട്ടുകളും കൈകളും അൽപ്പം പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഞാൻ കളിക്കുന്ന സമത്ത് സഹീർ ഖാനും ആശിഷ് നെഹ്റയുമായിരുന്നു പേസർമാരായി ഉണ്ടായിരുന്നത്. ഞാൻ ടീമിൽ ഉണ്ടെങ്കിൽ ഇവരിൽ ഒരാൾക്ക് മാത്രമായിരുന്നു പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചിരുന്നത്.
ചിലപ്പോൾ രണ്ട് ഫാസ്റ്റ് ബൗളർമാർ മാത്രമാണ് ഇന്ത്യൻ സാഹചര്യങ്ങളിൽ കളിക്കുന്നതെങ്കിൽ അത് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കും. അതുകൊണ്ട്, ഇന്ത്യൻ പിച്ചുകളിൽ പന്തെറിയാൻ എനിക്ക് വളരെ ബുദ്ധിമുട്ടായി തുടങ്ങിയിരുന്നു. എെൻറ പ്രായം അന്ന് 33 വയസായിരുന്നു. വേണമെങ്കിൽ ഒരുവർഷം കൂടി ടീമിന് വേണ്ടി കളിക്കാമായിരുന്നു. പക്ഷെ കാൽമുട്ടിലെ വേദന അതിന് അനുവദിച്ചില്ല. -ശ്രീനാഥ് പറഞ്ഞു.
ഇന്ത്യൻ ടീമിൽ പേസ് ബൗളിങ് വിപ്ലവത്തിന് തുടക്കം കുറിച്ച താരമാണ് ജവഗൽ ശ്രീനാഥെന്ന് മുൻ സഹതാരം വി.വി.എസ് ലക്ഷ്മൺ പറഞ്ഞിരുന്നു. 236 ടെസ്റ്റ് വിക്കറ്റുകളും 315 ഏകദിന വിക്കറ്റുകളും അദ്ദേഹത്തിെൻറ പേരിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.