ചെന്നൈ: ഒറ്റ റണ്ണകലെ ലോകേശ് രാഹുലിന് കന്നി ഡബ്ള്‍ സെഞ്ച്വറി നഷ്ടമായ അതേ മൈതാനത്ത് ഇംഗ്ളീഷ് ബൗളിങ്ങിനു മേല്‍ കൊടുങ്കാറ്റ് വിതച്ച് മലയാളി താരം കരുണ്‍ നായര്‍ കുറിച്ചത് ട്രിപ്ള്‍ സെഞ്ച്വറി. അതും തന്‍െറ മൂന്നാം ടെസ്റ്റില്‍. കന്നി സെഞ്ച്വറിക്ക് മുന്നൂറിന്‍െറ പകിട്ടണിയിച്ച കരുണിന്‍െറ കരുത്തന്‍ പ്രകടനത്തില്‍ ഇന്ത്യ കുറിച്ചത് ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന സ്കോര്‍. ഏഴ് വിക്കറ്റിന് 759 റണ്‍സ് ഡിക്ളയേര്‍ഡ്. കരുണ്‍ പുറത്താകാതെ 303. ടെസ്റ്റ് കരിയറിലെ മൂന്നാമത്തെ ഇന്നിങ്സ് കളിക്കാനിറങ്ങുമ്പോള്‍ കരുണിന്‍െറ സമ്പാദ്യം വെറും 17 റണ്‍സ് മാത്രം. 8.5 ശരാശരി. തിങ്കളാഴ്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇന്നിങ്സ് ഡിക്ളയര്‍ ചെയ്യുമ്പോള്‍ റെക്കോഡ് പുസ്തകത്തില്‍ കരുണ്‍ നായരുടെ പേരിനൊപ്പം ഇങ്ങനെ കുറിക്കപ്പെട്ടു. മൂന്ന് മത്സരങ്ങള്‍. മൂന്ന് ഇന്നിങ്സ്. 320 റണ്‍സ്. ഉയര്‍ന്ന സ്കോര്‍ 303. ശരാശരി 160. അതിനിടയില്‍ നടന്നതത്രയും ചരിത്രമായി എഴുതിച്ചേര്‍ത്തു കഴിഞ്ഞു.
തലേന്നത്തെ സ്കോറായ 71മായി മുരളി വിജയിനൊപ്പം ബാറ്റിങ് തുടര്‍ന്ന കരുണ്‍ കന്നി സെഞ്ച്വറി നേടുന്നത് കാണാനാണ് ചെപ്പോക്ക് കാത്തിരുന്നത്. ബെന്‍ സ്റ്റോക് എറിഞ്ഞ 123ാമത്തെ ഓവറിലെ അവസാന പന്ത് ബൗണ്ടറി കടത്തി 185 പന്തില്‍ നിന്ന് 103 റണ്‍സെടുത്ത് സെഞ്ച്വറി കുറിച്ച കരുണ്‍ നിര്‍ത്താന്‍ ഭാവമില്ലായിരുന്നു. അതിനിടയില്‍ 29 റണ്‍സുമായി മുരളി വിജയ് മടങ്ങിയെങ്കിലും അശ്വിനെ കൂട്ടുപിടിച്ച് കരുണ്‍ ഏകദിന ശൈലിയിലേക്ക് ഗിയര്‍ മാറ്റി. അതിനിടയില്‍ സ്കോര്‍ 166ല്‍ എത്തിയപ്പോള്‍ ആദില്‍ റാഷിദിന്‍െറ പന്തില്‍ ശക്തമായ അപ്പീല്‍. അമ്പയര്‍ അനുവദിക്കാതിരുന്നപ്പോള്‍ റിവ്യൂ ആവശ്യപ്പെട്ട ഇംഗ്ളീഷ് താരങ്ങളെ നിരാശപ്പെടുത്തി ബാറ്റില്‍ തട്ടിയതാണെന്ന് സ്ഥിരീകരണം.
ചായക്കു പിരിയുമ്പോള്‍ കരുണിന്‍െറ സ്കോര്‍ ഡബ്ള്‍ സെഞ്ച്വറിയില്‍നിന്ന് വെറും അഞ്ച് റണ്‍സ് അകലെ. മറുവശത്ത് അശ്വിന്‍ അര്‍ധ സെഞ്ച്വറി തികച്ചിരുന്നു. ചായ കഴിഞ്ഞത്തെിയ കരുണ്‍ അധികം താമസമില്ലാതെ കീറ്റണ്‍ ജെന്നിങ്സിനെ ബൗണ്ടറി പറത്തി ഡബ്ള്‍ സെഞ്ച്വറിയും തികച്ചപ്പോള്‍ ഡ്രസിങ് റൂമില്‍ കോഹ്ലിക്കും കുംബ്ളെക്കും ടീമംഗങ്ങള്‍ക്കും പോലും വിശ്വസിക്കാനായില്ല. പക്ഷേ, കരുണ്‍ പിന്‍വാങ്ങാന്‍ ഉദ്ദേശ്യമില്ലായിരുന്നു. 67 റണ്‍സെടുത്ത അശ്വിന്‍ ക്രിസ് ബ്രോഡിന് പിടികൊടുത്ത് മടങ്ങിയെങ്കിലും പകരം വന്ന രവീന്ദ്ര ജദേജ ഉറച്ച കൂട്ടായി. 250 കടന്ന് കരുണ്‍ കുതിച്ചപ്പോള്‍ പിന്നെ ഓരോ നിമിഷവും കരുണിന്‍െറ ട്രിപ്ളിനായുള്ള കാത്തിരിപ്പായി.
സ്കോര്‍ 299ല്‍ എത്തിയപ്പോള്‍ അര്‍ധ സെഞ്ച്വറി നേടിയ ജദേജ അപ്രതീക്ഷിതമായി പുറത്തായത് ഞെട്ടിച്ചു. തലേ ദിവസം ലോകേശ് രാഹുല്‍ ഡബ്ള്‍ സെഞ്ച്വറിക്ക് ഒരു റണ്ണകലെ വീണതിന്‍െറ ഓര്‍മയുള്ളതിനാല്‍ സ്റ്റേഡിയം ശ്വാസമടക്കിപ്പിടിച്ചിരുന്നു. ആദില്‍ റാഷിദിനെ സ്വീപ് ചെയ്യാന്‍ ശ്രമിച്ചത് പാഡില്‍ തട്ടിയത് കനത്ത അപ്പീലിന് കാരണമായപ്പോള്‍ തലേ ദിവസത്തെ ദുരന്തം ആവര്‍ത്തിക്കുന്നുവെന്ന് തോന്നിച്ചതാണ്. പക്ഷേ, അമ്പയറുടെ വിരലുകള്‍ അനങ്ങിയില്ല. അടുത്ത പന്ത്. ഓഫ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്തുയരേണ്ട താമസം കരുണ്‍ സ്ക്വയര്‍ കട്ടിലൂടെ ബൗണ്ടറിയിലേക്ക് പായിക്കുമ്പോള്‍ ഒരു മലയാളിയുടെ ആദ്യ ട്രിപ്ള്‍ സെഞ്ച്വറി ടെസ്റ്റ് ക്രിക്കറ്റിന്‍െറ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തുകയായിരുന്നു. ലോക താരങ്ങളായ സചിനും ദ്രാവിഡിനും ഗവാസ്കര്‍ക്കുമൊക്കെ അപ്രാപ്യമായ മാന്ത്രിക നേട്ടം. വീരേന്ദ്ര സെവാഗ് ദക്ഷിണാഫ്രിക്കക്കെതിരെ ഇതേ മൈതാനത്ത് എട്ടു വര്‍ഷം മുമ്പ് ട്രിപ്ള്‍ സെഞ്ച്വറി കുറിച്ചിരുന്നു.
വീരേന്ദ്ര സെവാഗ് നേടിയ 319 റണ്‍സ് എന്ന ഉയര്‍ന്ന സ്കോര്‍ മറികടക്കാന്‍ കിട്ടിയ സുന്ദരമായ അവസരമായിരുന്നു മുന്നില്‍. പക്ഷേ, ട്രിപ്ള്‍ തികച്ച ഉടന്‍ തന്നെ വിരാട് കോഹ്ലി ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തു. 381 പന്തില്‍ നാല് സിക്സറും 32 ബൗണ്ടറിയുമായാണ് കരുണ്‍ റെക്കോഡ് കുറിച്ചത്.
2009 ഡിസംബറില്‍ ശ്രീലങ്കക്കെതിരെ മുംബൈയില്‍ കുറിച്ച 726 റണ്‍സ് എന്ന ടീം ടോട്ടല്‍ റെക്കോഡും ഈ പ്രകടനത്തിനിടയില്‍ പഴങ്കഥയായി. ഒരു റണ്ണുമായി ഉമേഷ് യാദവ് കരുണിനൊപ്പം പുറത്താകാതെ നിന്നു. ഇന്ത്യക്ക് 282 റണ്‍സിന്‍െറ ഒന്നാം ഇന്നിങ്സ് ലീഡ്. നേരത്തെ ഇംഗ്ളണ്ട് ഒന്നാം ഇന്നിങ്സില്‍ 477 റണ്‍സ് എടുത്തിരുന്നു. തിങ്കളാഴ്ച രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ളണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 12 റണ്‍സെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.