കീഴ്ചേരിമേലിന്‍െറ ഉണ്ണിക്കുട്ടന്‍  

ചെങ്ങന്നൂര്‍: ചെന്നൈയിലെ ചെപ്പോക്കില്‍ ട്രിപ്ള്‍സെഞ്ച്വറി അടിച്ച ആദ്യത്തെ മലയാളിയായി കരുണ്‍ നായര്‍ എന്ന ചെറുപ്പക്കാരന്‍ ബാറ്റുയര്‍ത്തുമ്പോള്‍ കീഴ്ചേരിമേല്‍ എന്ന ഗ്രാമത്തില്‍ ആഹ്ളാദാരവങ്ങള്‍ നിറയുകയാണ്. ആലപ്പുഴ ജില്ലയുടെ തെക്കു കിഴക്കേ അതിര്‍ത്തിയായ ചെങ്ങന്നൂരിലെ ഈ ഗ്രാമത്തില്‍നിന്നാണ് കരുണ്‍ നായര്‍ ലോക ക്രിക്കറ്റിന്‍െറ റെക്കോഡ് പുസ്തകത്തിലേക്ക് നടന്നുകയറിയത്. 

പള്ളിയോടങ്ങളുടെ നാടായ കീഴ്ചേരിമേലിന് കരുണ്‍ സ്വന്തം ഉണ്ണിക്കുട്ടനാണ്. ആറന്മുള വള്ളംകളിയും വള്ളസദ്യയുമെല്ലാം പ്രിയപ്പെട്ട നാട്. കഴിഞ്ഞ ജൂലൈ 17ന് കരുണിന്‍െറ പേരില്‍  ആറന്മുളയില്‍ വള്ളസദ്യ വഴിപാട് നടത്തിയിരുന്നു. കീഴ്ചേരിമേല്‍ പള്ളിയോടത്തിനായിരുന്നു സദ്യ.  ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയശേഷം വള്ളസദ്യ വഴിപാടൊരുക്കാന്‍ ഇവിടെ നേരിട്ടത്തെിയ കരുണ്‍ നായര്‍ കയറിയ പള്ളിയോടം മറിഞ്ഞത് ദു$ഖകരമായ സംഭവമായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചെങ്കിലും വള്ളത്തില്‍ തൂങ്ങിക്കിടന്ന കരുണ്‍ രക്ഷപ്പെട്ടു. ആറന്മുള ക്ഷേത്രക്കടവിന് കുറച്ച് മുമ്പായി തോട്ടപ്പുഴശ്ശേരിക്കരയോട് ചേര്‍ന്ന് പള്ളിയോടം തിരിക്കുന്നതിനിടെ ഒരുവശം ചരിഞ്ഞ് വെള്ളംകയറി മുങ്ങുകയായിരുന്നു. മറിഞ്ഞ പള്ളിയോടത്തില്‍ പിടിച്ചുകിടക്കാന്‍ മറ്റുള്ളവര്‍ നിര്‍ദേശിച്ചതനുസരിച്ച് കരുണ്‍ പിടിച്ചുകിടന്നു. എന്‍ജിന്‍ ഘടിപ്പിച്ച വള്ളവും ഇതുവഴി കടന്നുവന്ന ചിറയിറമ്പ് പള്ളിയോടവും ചേര്‍ന്നാണ് രക്ഷിച്ചത്. അടുത്ത സുഹൃത്തുക്കളായ രാജീവിന്‍െറയും വിശാഖിന്‍െറയും ജീവന്‍ നഷ്ടപ്പെട്ടതിന്‍െറ വേദനയുമായാണ് അന്ന് കരുണ്‍ മടങ്ങിയത്. കീഴ്ചേരിമേല്‍ കിഴക്കേനട കരുണഗിരിയില്‍ കലാധരന്‍നായര്‍-പ്രേമ ദമ്പതികളുടെ മകനാണ് കരുണ്‍. നഗരസഭയില്‍ ആല്‍ത്തറ ജങ്ഷന് സമീപം കീഴ്ചേരിമേല്‍ വാക്കയില്‍ ആണ് അമ്മ പ്രേമയുടെ കുടുംബം. അച്ഛന്‍ കലാധരന്‍ നായര്‍ ആറന്മുള മാലക്കര മാളിയേക്കല്‍ കുടുംബാംഗവും. 
 

ചിദംബരം സ്റ്റേഡിയത്തില്‍ കരുണ്‍ നേടിയ ഓരോ റണ്ണിലും അമ്മൂമ്മ തങ്കമണിയും മാതൃസഹോദരി ലതാരാജീവും കുടുംബവും പ്രാര്‍ഥനയിലായിരുന്നു. അടിച്ചുകൂട്ടിയ ഓറോ റണ്ണിലും ഈ വീട് ആഹ്ളാദത്തിമിര്‍പ്പിലമര്‍ന്നു. കരുണ്‍ ജനിച്ചത് രാജസ്ഥാനിലെ ജോധ്പുരില്‍ ആണ്. കളിച്ചുവളര്‍ന്നത് ഇവിടെയും ബംഗളൂരുവിലുമാണെങ്കിലും മലയാളിത്തവും മലയാള സംസ്കാരവും മറന്നിട്ടില്ല. 

ചെങ്ങന്നൂരില്‍ എത്തുമ്പോള്‍ മഹാദേവക്ഷേത്രത്തിലും കുടുംബക്ഷേത്രമായ ശാസ്താംകുളങ്ങരയിലും തൊഴുതിട്ടേ മടങ്ങൂ. എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും ഇവിടെ മാതൃസഹോദരി ലത വഴിപാട് നേരുക പതിവാണ്.  ചെങ്ങന്നൂരിലെ കുടുംബവീട് വാടകക്ക് കൊടുത്തിരിക്കുന്നതിനാല്‍ നാട്ടിലത്തെുമ്പോള്‍ ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐക്ക് സമീപം മാതൃസഹോദരി ലതയുടെ ‘രാജീവം’ എന്ന വീട്ടിലാണ് കരുണ്‍ താമസിക്കാറ്. ലതയുടെ ഭര്‍ത്താവ്  റിട്ട. പഞ്ചായത്ത് സെക്രട്ടറി ആര്‍. രാജീവ് ചന്ദ്രനാണ് കേരളത്തില്‍ എത്തുമ്പോള്‍ ഉണ്ണിക്കുട്ടന് കൂട്ട്.  ഇപ്പോള്‍ കീഴ്ചേരിമേലുള്ള കരുണഗിരിയില്‍ താമസിക്കുന്നത് അമ്മയുടെ സഹോദരിയാണ്. 
Tags:    
News Summary - karun nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.