അമൃത്സർ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കാട്ടിയതിെൻറ പേരിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം നായിക ഹർമൻപ്രീത് കൗറിനെ പൊലീസ് പദവിയിൽ നിന്നും തരം താഴ്ത്താനൊരുങ്ങി പഞ്ചാബ് സർക്കാർ. അർജുന പുരസ്കാര ജേത്രിയുമായ ഹർമൻപ്രീതിനെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പദവിയിൽ നിന്ന് കോൺസ്റ്റബിൾ തസ്തികയിലേക്കാണ് തരംതാഴ്ത്താനൊരുങ്ങുന്നത്. നാല് മാസത്തോളമായി താരം പൊലീസിൽ സേവനം ചെയ്തു വരികയായിരുന്നു.
അതേസമയം ചൗധരി ചരൺ സിങ് യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച ഡിഗ്രീ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഹർമൻപ്രീത് സർക്കാരിനെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് മുഖ്യമന്ത്രി അമരീന്ദർ സിങ് നടപടിയെടുത്തതെന്നും റിപ്പോർട്ടുകളുണ്ട്.
പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അയവുള്ള യൂണിവേഴ്സിറ്റിയായിരുന്നു ചൗധരി ചരൺ സിങ്. കായിക താരമെന്ന നിലയിൽ അത് ഉപകരിക്കുന്നതിനാൽ കോച്ചായിരുന്നു അവിടെ അപേക്ഷ നൽകാൻ നിർദേശിച്ചത്. എന്നാൽ അവർ നൽകിയ സർട്ടിഫിക്കേറ്റ് വ്യാജമായിരുന്നുവെന്ന കാര്യം ഇപ്പോഴാണ് അറിഞ്ഞതെന്നും ഹർമൻപ്രീത് വ്യക്തമാക്കി.
നിലവിൽ ഹയർ സെക്കൻറഡി യോഗ്യതയുള്ള താരത്തെ കോൺസ്റ്റബിൾ സ്ഥാനത്തേക്ക് തരംതാഴ്ത്തുകയും തുടർന്ന് ഡിഗ്രി യോഗ്യത നേടുകയാണെങ്കിൽ സ്ഥാനം ഉയർത്തുമെന്നും സർക്കാർ അറിയിച്ചു.
മീറത്ത് യൂണിവേഴ്സിറ്റിയിൽ ഹർമൻപ്രീതിെൻറ സർട്ടിഫിക്കറ്റ് പരിശോധനക്കയച്ചതോടെയാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ വർഷം നടന്ന വനിതാ ലോകകപ്പ് ക്രിക്കറ്റിലെ പ്രകടനത്തെ തുടർന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ്ങാണ് താരത്തിന് സർക്കാർ ജോലി വാഗ്ദാനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.