ഗുവാഹതി: വിജയം വിദൂരത്തായ സീസണില്‍ ഏഴാമത്തെ മത്സരവും സമനിലയില്‍ കലാശിച്ചതോടെ രഞ്ജി ട്രോഫിയില്‍ കേരളത്തിന്‍െറ എലൈറ്റ് പ്രവേശന പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു. ആന്ധ്രക്കെതിരായ വിജയം നേടാന്‍ തുനിഞ്ഞിറങ്ങിയ രോഹന്‍ പ്രേമും സംഘവും ലീഡ് വഴങ്ങി നേടിയത് ഒരു പോയന്‍റ് മാത്രം. ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ആന്ധ്ര മൂന്ന് പോയന്‍റ് കരസ്ഥമാക്കി ഗ്രൂപ് സിയിലെ മേധാവിത്വം നിലനിര്‍ത്തി.
സ്കോര്‍: കേരളം 219, ആറിന് 302 ഡിക്ളയേഡ്, ആന്ധ്ര 226, മൂന്നിന് 193. ഈമാസം 29ന് ത്രിപുരക്കെതിരെയാണ് കേരളത്തിന്‍െറ അടുത്ത മത്സരം. ഏഴു കളികളില്‍ ഒരു തോല്‍വിയും ആറു സമനിലകളുമായി 16 പോയന്‍റാണ് കേരളത്തിന്‍െറ സമ്പാദ്യം. തോല്‍വിയറിയാതെ 25 പോയന്‍റുമായി ആന്ധ്രയും ആറു കളികളില്‍ 23 പോയന്‍റുമായി ഹൈദരാബാദും 22 പോയന്‍റ് നേടി ഹരിയാനയുമാണ് ഗ്രൂപ് സിയിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍. ഇതോടെ കേരളത്തിന്‍െറ മുന്നോട്ടുള്ള പ്രയാണം പ്രയാസകരമായേക്കും.
അഞ്ചിന് 229 എന്ന നിലയില്‍ അവസാനദിവസം കളി പുനരാരംഭിച്ച കേരളം സചിന്‍ ബേബിയുടെ (60 നോട്ടൗട്ട്) മികവിലാണ് 302 എന്ന മാന്യമായ ടോട്ടലിലത്തെിയത്. ഏഴാം വിക്കറ്റില്‍ വിനോദ്കുമാറിനെ (19 നോട്ടൗട്ട്) കൂട്ടുപിടിച്ച് 59 റണ്‍സ് നേടിയതിനു പിന്നാലെ കേരളം ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തു.
ആന്ധ്രയെ തുടക്കത്തില്‍ തന്നെ കേരളം പന്തുകൊണ്ടു വിറപ്പിച്ചെങ്കിലും ക്രീസില്‍ പാറപോലെ ഉറച്ചുനിന്ന നായകന്‍ ഹനുമ വിഹാരിയാണ് (53 നോട്ടൗട്ട്) കേരളത്തിന്‍െറ വിജയസ്വപ്നങ്ങള്‍ തകര്‍ത്തു കളഞ്ഞത്. 30 റണ്‍സ് നേടുന്നതിനിടെ രണ്ടു വിക്കറ്റുകള്‍ വീണു തകര്‍ച്ചയിലായ ആന്ധ്രക്ക് ഓപണര്‍ ശ്രികര്‍ ഭരതിന്‍െറ (73) പ്രകടനം തുണയായി.
മൂന്നാം വിക്കറ്റില്‍ ശ്രികറിന്‍െറ നേതൃത്വത്തില്‍ സ്കോറില്‍ കൂട്ടിച്ചേര്‍ത്തത് 108 റണ്‍സ്. അവസാന ദിവസം കേരള ബൗളര്‍മാര്‍ 80 ഓവര്‍ പന്തെറിഞ്ഞിട്ടും ആന്ധ്രയുടെ നാല് വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്താനായത്. നാലാം വിക്കറ്റില്‍ റിക്കി ബുഹിയെ (44) ഒപ്പം നിര്‍ത്തി നായകന്‍ ഹനുമ വിഹാരി കേരളത്തിന്‍െറ വിജയം തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.