രഞ്ജി ട്രോഫി ഫൈനല്‍: മുംബൈക്ക് തിരിച്ചുവരവ്; ആദ്യ ഇന്നിങ്സില്‍ ഗുജറാത്തിന് 100 റണ്‍സിന്‍െറ ലീഡ്

ഇന്ദോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഒന്നാം ഇന്നിങ്സില്‍ ഗുജറാത്തിന് 100 റണ്‍സിന്‍െറ ലീഡ്. 328 റണ്‍സിന് ഗുജറാത്തിനെ പുറത്താക്കി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടര്‍ന്ന മുംബൈ ശക്തമായ നിലയില്‍ തിരിച്ചു വന്നു. മൂന്നാം ദിനം കളിയവസാനിച്ചപ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 208 റണ്‍സെടുത്തു. 108 റണ്‍സിന്‍െറ ലീഡ് രണ്ടാം ഇന്നിങ്സില്‍ പടുത്തുയര്‍ത്തിയ മുംബൈക്കായി സൂര്യകുമാര്‍ യാദവും (45) ക്യാപ്റ്റന്‍ ആദിത്യ താരെയുമാണ്(13) ക്രീസില്‍.

ആറു വിക്കറ്റ് നഷ്ടത്തില്‍ 291 എന്ന നിലയില്‍ മൂന്നാം ദിനം കളിയാരംഭിച്ച ഗുജറാത്തിനെ അധികം പിടിച്ചുനില്‍ക്കാന്‍ മുംബൈ ബൗളര്‍മാര്‍ അനുവദിച്ചില്ല. ചിരാഗ് ഗാന്ധി (17) ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാതെ പെട്ടെന്നു മടങ്ങി. പിന്നീട് റുഷ് കലേരിയയെയും(27) ആര്‍.പി. സിങ്ങിനെയും (8) ഹാര്‍ദിക് പട്ടേലിനെയും പുറത്താക്കാന്‍ (1) മുംബൈ ബൗളര്‍മാര്‍ കൂടുതല്‍ പ്രയാസപ്പെടേണ്ടി വന്നില്ല. ഇതോടെ 328 റണ്‍സിന് ഗുജറാത്ത് പുറത്തായി. ചിന്ദന്‍ ഗാജ 11 റണ്‍സുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ പതുക്കെ പ്രതിരോധിച്ച് കളി വരുതിയിലാക്കുകയായിരുന്നു. അഖില്‍ ഹെര്‍വാഡ്കര്‍ (16) പെട്ടെന്ന് പുറത്തായെങ്കിലും കൗമാരതാരം പൃഥ്വി ഷായും (44) ശ്രേയാസ് അയ്യരും (82) ടീമിനെ കരകയറ്റി. മൂന്നുപേരെയും വലങ്കയ്യന്‍ സ്പിന്‍ ബൗളര്‍ ചിന്ദന്‍ ഗാജ പുറത്താക്കുകയായിരുന്നു. പിന്നീട് സൂര്യകുമാര്‍ യാദവും (45) ക്യാപ്റ്റന്‍ ആദിത്യ താരെയും (13) പുറത്താകാതെ പിടിച്ചുനിന്നു.
 

Tags:    
News Summary - ranji trophy cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.