113 റണ്‍സ് ജയം, കേരളം ആദ്യമായി രഞ്ജി സെമിയില്‍

കൃഷ്ണഗിരി (വയനാട്): പ്രതീക്ഷകളുടെ കുന്നിന്മുകളില്‍ സ്വപ്നവിജയത്തിലേക്ക് കേരളം അതിവേഗത്തില്‍ പന്തെറിഞ്ഞുതി മിര്‍ത്തു. പേസും ബൗണ്‍സും ആയുധമാക്കി കേരളത്തി​​​െൻറ ഫാസ്​റ്റ്​ ബൗളര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍ ഗുജറാത്തിനെതി രെ തകര്‍പ്പന്‍ വിജയവുമായി വയനാടന്‍ മഞ്ഞില്‍ വിരിഞ്ഞത് കേരള ക്രിക്കറ്റി​​​െൻറ പുതുയുഗപ്പിറവി. ചരിത്രത്തിലാദ ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റി​​​െൻറ അവസാന നാലില്‍ ഇടംപിടിച്ച് കരുത്തുകാട്ടിയ കേരളം കലാശപ്പോരിലേക്കുള്ള വഴിയില്‍ വീണ്ടും വയനാടന്‍ മലമുകളില്‍ ക്രീസിലിറങ്ങും. വിദര്‍ഭ-ഉത്തരാഖണ്ഡ് ക്വാര്‍ട്ടര്‍ മത്സരവിജയികളുമായി ഈ മാസം 24 മുതല്‍ കൃഷ്ണഗിരിയിലാണ് കേരളത്തി​​​െൻറ കന്നി സെമിഫൈനല്‍ പോരാട്ടവും. ക്വാര്‍ട്ടറില്‍ ഉത്തരാഖണ്ഡിനെതിര െ കൂറ്റന്‍ ലീഡ് നേടി മത്സരത്തില്‍ പിടിമുറുക്കിയ വിദര്‍ഭ കേരളത്തി​​​െൻറ എതിരാളികളാകാനുള്ള സാധ്യതയാണേറെയും.

മുന്‍ ഇന്ത്യന്‍താരം പാര്‍ഥിവ് പട്ടേലി​​​െൻറ നായകത്വത്തിലിറങ്ങിയ കരുത്തരായ ഗുജറാത്തിനെ രണ്ടര ദിവസം കളി ബാക്കിയിരിക്കെ ക്വാര്‍ട്ടര്‍ ഫൈനലില്‍ 113 റണ്‍സിന് കെട്ടുകെട്ടിച്ചാണ് കേരളം സെമിയില്‍ ഇടംപിടിച്ചത്. 195 റണ്‍സി​​​െൻറ വിജയലക്ഷ്യവുമായി പേസ്ബൗളര്‍മാരുടെ പറുദീസയില്‍ പാഡുകെട്ടിയിറങ്ങിയ ഗുജറാത്ത് കേവലം 81 റണ്‍സിന് ഓള്‍ഒൗട്ടാവുകയായിരുന്നു. അഞ്ചു വിക്കറ്റ്​ വീഴ്ത്തിയ ബേസില്‍ തമ്പിയും നാലു വിക്കറ്റ് പിഴുത സന്ദീപ് വാര്യരും നയിച്ച മുനകൂര്‍ത്ത പേസാക്രമണത്തിനു​ മുന്നില്‍ മുട്ടിടിച്ച ഗുജറാത്ത് മൂന്നാം ദിവസം ആദ്യ സെഷനില്‍തന്നെ തോല്‍വി സമ്മതിച്ചു. തീതുപ്പിയ പന്തുകളെ കൂസാതെ നേരിട്ട് അപരാജിതനായി നിന്ന രാഹുല്‍ ഷായും (33 നോട്ടൗട്ട്) ധ്രുവ് റാവലും (17) മാത്രമാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കണ്ടത്. മത്സരത്തില്‍ മൊത്തം എട്ടു വിക്കറ്റും ഒന്നാമിന്നിങ്സില്‍ 37 റണ്‍സും നേടിയ ബേസിലാണ് കളിയിലെ കേമൻ.


തുടക്കം തകര്‍ത്തു
ചരിത്രവിജയമെന്ന പ്രചോദനത്തില്‍ പ്രതീക്ഷയോടെ എറിഞ്ഞുതുടങ്ങിയ പേസര്‍മാര്‍ പലകുറി അപായഭീതിയുയര്‍ത്തിയെങ്കിലും ആദ്യ അഞ്ചോവര്‍ ശ്രമകരമായി ഗുജറാത്ത് പിടിച്ചുനിന്നു. അക്ഷമരായി കാത്തുനിന്ന കാണികളെ ആവേശത്തിലാഴ്ത്തി ആറാം ഓവറിലെ ആദ്യ പന്ത് കഥന്‍ പട്ടേലി​​​െൻറ (അഞ്ച്) പ്രതിരോധം തകര്‍ത്ത് കുറ്റി പിഴുതെറിഞ്ഞു. ബേസിലിന് ആദ്യ വിക്കറ്റ്. അതേ ഓവറിലെ അവസാന പന്തില്‍ ഗുജറാത്തി​​​െൻറ ബാറ്റിങ് പ്രതീക്ഷയായ പ്രിയങ്ക് പാഞ്ചാലും (മൂന്ന്) ബേസിലിനു മുന്നില്‍ നിലതെറ്റി മടങ്ങി.

ഒരേറില്‍ നടുവൊടിഞ്ഞ് ഗുജറാത്ത്
രണ്ടിന് പത്തെന്ന നിലയില്‍ ഓപണര്‍മാരെ നഷ്​ടമായ ഗുജറാത്തി​​​െൻറ പ്രതീക്ഷ മുഴുവന്‍ ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ പാര്‍ഥിവ് പട്ടേലിലായിരുന്നു. എന്നാൽ, ചുവടുകളില്‍ ഊര്‍ജമാവാഹിച്ച കേരളം, അപകടകാരിയായ എതിര്‍നായകന് അവസരമൊന്നും കൊടുത്തില്ല. ഇല്ലാത്ത റണ്ണിനോടിയ പാര്‍ഥിവിനെ ഷോർട്ട്​ മിഡോണില്‍ ശ്രമകരമായ ആംഗിളില്‍നിന്ന് കൃത്യമായി സ്​റ്റംപ് എറിഞ്ഞിട്ട് കേരള ക്യാപ്റ്റന്‍ സചിന്‍ ബേബിയുടെ ഹീറോയിസം. ഒന്നാമിന്നിങ്സില്‍ ടീമി​​​െൻറ ടോപ് സ്കോററായ പാര്‍ഥിവ് രണ്ടാമൂഴത്തില്‍ പുറത്തായത് പൂജ്യനായി. റുജുല്‍ ഭട്ടിനെയും പൂജ്യത്തിന് പുറത്താക്കിയ കേരളം ഗുജറാത്തിനെ നാലിന് 18 റണ്‍സെന്ന പ്രതിസന്ധിഘട്ടത്തിലേക്ക് തള്ളി. സന്ദീപ് വാര്യരുടെ പന്തില്‍ സ്ക്വയര്‍ലെഗില്‍ വിനൂപ്​ മനോഹരനാണ് ഭട്ടിനെ അനായാസം കൈയിലൊതുക്കിയത്.


പിടിച്ചുനില്‍ക്കാന്‍ വിഫലശ്രമം
രാഹുല്‍ ഷായും ധ്രുവ് റാവലും ഒന്നിച്ച കൂട്ടുകെട്ടായിരുന്നു പിന്നെ. ജാഗ്രതയോടെ ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഇരുവരും പതിയെയെങ്കിലും ഇന്നിങ്സിനെ മുന്നോട്ടുനയിക്കാന്‍ ശ്രമിച്ചു. അഞ്ചാം വിക്കറ്റില്‍ 39 റൺസ്​ ചേര്‍ത്ത ഈ കൂട്ടുകെട്ട് ടീം സ്കോര്‍ 50 കടത്തിയപ്പോള്‍ കേരളത്തിന് നേരിയ നെഞ്ചിടിപ്പുണ്ടായിരുന്നു. എന്നാൽ, സീസണില്‍ മികച്ച ഫോമിലുള്ള റാവൽ ബേസിലി​​​െൻറ പന്തില്‍ വിക്കറ്റിനു പിന്നില്‍ അസ്ഹറുദ്ദീന്‍ പിടിച്ച് പുറത്തായതോടെ കേരളത്തിന് ആശ്വാസമായി. പിന്നീടെല്ലാം കേരളത്തി​​​െൻറ വഴിയെയായിരുന്നു. ഒന്നാമിന്നിങ്സില്‍ മികവുകാട്ടിയ റൂഷ് കലേരിയയെ (രണ്ട്) ബേസില്‍ വിക്കറ്റിനുമുന്നില്‍ കുടുക്കിയപ്പോള്‍ അപകടകാരിയായ അക്​സര്‍ പട്ടേലിനെ (രണ്ട്) സന്ദീപി​​​െൻറ ബൗളിങ്ങില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ അസ്ഹറുദ്ദീന്‍ മടക്കി.

ബൗണ്ടറിയിലൂടെ അക്കൗണ്ട് തുറന്ന പരിചയസമ്പന്നനായ പിയൂഷ് ചൗളയെ (നാല്) കൂടുതല്‍ റണ്‍സ് ചേര്‍ക്കുംമു​േമ്പ സന്ദീപ് വിക്കറ്റിനുമുന്നില്‍ കുടുക്കുകയായിരുന്നു. ചിന്തന്‍ ഗജയെ (ഒന്ന്) ഷോര്‍ട്ട് മിഡോഫില്‍ വിനൂപ് പിടികൂടിയതോടെ ബേസലിന് അഞ്ചു വിക്കറ്റ് നേട്ടമായി. അര്‍സന്‍ നഗ്വാസ്വാല ഒരു തവണ ലോങ്ഓഫില്‍ ബേസിലി​​​െൻറ കൈകളില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും 32ാം ഓവറില്‍ സന്ദീപി​​​െൻറ നാലാം ഇരയായി രാഹുലി​​​െൻറ കൈയിലൊതുങ്ങിയതോടെ കേരള ക്രിക്കറ്റില്‍ ചരിത്രപ്പിറവിയായി. ഉച്ചഭക്ഷണത്തിന് പിരിയാതെ അവസാന വിക്കറ്റിനുള്ള പന്തേറ് തുടര്‍ന്ന കേരളത്തിനും വിജയത്തിന് സാക്ഷികളാകാനെത്തിയ ആയിരത്തിലധികം കാണികള്‍ക്കും ആവേശമായി കൃഷ്ണഗിരിയുടെ പുല്‍ത്തകിടിയില്‍ പിന്നെ കേരളത്തി​​​െൻറ വിജയാഘോഷം.

ചരിത്രനേട്ടത്തിന് മണ്ണൊരുക്കി വയനാട്
കൃഷ്ണഗിരി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രനേട്ടത്തിലേക്ക് കേരളം പന്തെറിഞ്ഞപ്പോൾ തലയുയർത്തി വയനാട്. ചരിത്രത്തിൽ ആദ്യമായി രഞ്ജി സെമി ഫൈനലെന്ന നേട്ടത്തിലേക്ക് കൃഷ്ണഗിരി കേരള ടീമിന് വഴികാട്ടിയപ്പോൾ വയനാടിനും ഈ നേട്ടം അഭിമാനം പകരുകയാണ്. പിന്തുണക്കാൻ ആളുകളെത്താത്ത മറ്റു വേദികളിൽനിന്ന് വിഭിന്നമായി കേരളത്തി​െൻറ ഓരോ നീക്കത്തിനും കൈയടിയുമായി കാണികൾ ഒഴുകിയെത്തിയതും ശ്രദ്ധേയമായി.

മത്സരശേഷം കാതടപ്പിക്കുന്ന കരഘോഷങ്ങളുമായി ടീമിന് വിജയാശംസ നേർന്ന വയനാടൻ കാണികൾ താരങ്ങൾക്കൊപ്പം സെൽഫിയെടുക്കാനും അഭിനന്ദനം ചൊരിയാനും തിരക്കുകൂട്ടുന്ന കാഴ്ച കേരള ക്രിക്കറ്റിന് അത്ര പരിചിതമല്ലാത്തതായിരുന്നു. സ്പിൻ ബൗളിങ്ങിനെ തുണക്കുന്ന പരമ്പരാഗത വിക്കറ്റുകൾക്കു പകരം പേസർമാർക്ക് പിന്തുണ ലഭിക്കുന്ന പിച്ചൊരുക്കിയ കൃഷ്ണഗിരിയിൽ രണ്ടര ദിവസം മുമ്പേ കളി അവസാനിച്ചെങ്കിലും ആവേശക്കാഴ്ചകൾക്ക് ഒട്ടും കുറവില്ലായിരുന്നു. 113 റൺസിന് ഗുജറാത്തിനെ കീഴടക്കി കേരളം വിജയമാഘോഷിക്കുമ്പോൾ മത്സരം സ്തുത്യർഹമായ രീതിയിൽ നടത്തിയ വയനാട് ക്രിക്കറ്റ് അസോസിയേഷനും കേരളത്തി​െൻറ സെമി പ്രവേശം ഏറെ ആഹ്ലാദം പകരുന്നുണ്ട്.

Tags:    
News Summary - Ranji Trophy Kerala enters into semi final -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.