ജയ്പുര്‍: അനിവാര്യ വിജയത്തിനായി കേരളവും ഗ്രൂപ്പിലെ മേധാവിത്വം നിലനിര്‍ത്താന്‍ ഹരിയാനയും കളത്തിലിറങ്ങിയപ്പോള്‍ രഞ്ജി ട്രോഫി സി ഗ്രൂപ്പിലെ അഞ്ചാം റൗണ്ട് മത്സരത്തില്‍ ആദ്യദിനം കണ്ടത് കരുതലോടെയുള്ള കളി. ടോസ് നഷ്ടമായിട്ടും ബാറ്റുചെയ്യാന്‍ അവസരംലഭിച്ച ഹരിയാന ആദ്യ ദിവസം സ്റ്റംപെടുക്കുമ്പോള്‍ നേടിയത് എട്ടിന് 227 റണ്‍സ്.
രോഹിത് പ്രമോദ് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയാണ് (പുറത്താവാതെ 51) ഹരിയാനക്ക് തുണയായത്. കേരളത്തിനുവേണ്ടി മികച്ച ബൗളിങ് കാഴ്ചവെച്ച പേസര്‍മാരായ സന്ദീപ് വാര്യര്‍ നാലും വിനോദ് കുമാര്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സ്പിന്നര്‍ ജലജ് സക്സേനക്ക് ഒരു വിക്കറ്റ് കിട്ടി. തുടക്കം തകര്‍ച്ചയോടെയാണെങ്കിലും കരുതി മുന്നേറിയാണ് മുന്‍ ഇന്ത്യന്‍ താരം മോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഹരിയാന ഭേദപ്പെട്ട സ്കോര്‍ കണ്ടത്തെിയത്. സ്കോര്‍ രണ്ടക്കം കടക്കുംമുമ്പേ ഓപണര്‍ ശുഭം രോഹില്ലയെ (നാല്) നഷ്ടമായതിനു പിറകെ റണ്‍സ് ഇഴഞ്ഞുനീങ്ങുന്നതിനിടെ തുടരെ വിക്കറ്റുകള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു. 53ല്‍ എത്തിനില്‍ക്കെ ചൈതന്യ വിഷ്ണോയിയും (21) പിന്നാലെ നിതിന്‍ സൈനിയും (21) കൂടാരം കയറി. പിന്നീട് രോഹിത് ശര്‍മ, മോഹിത് ഹൂഡക്കും (30) യസുവേന്ദ്ര ചഹലിനും (16) മോഹിത് ശര്‍മക്കും (24) ഒപ്പം നടത്തിയ ചെറിയ രക്ഷാപ്രവര്‍ത്തനങ്ങളാണ് ഹരിയാനക്ക് സ്ഥിരത കൈവരിക്കാന്‍ താങ്ങായത്. കളി നിര്‍ത്തുമ്പോള്‍ സഞ്ജയ് പഹാലാണ് (24) രോഹിത് ശര്‍മക്കൊപ്പം ക്രീസിലുള്ളത്.
അഞ്ചാമത്തെ മത്സരത്തിലെങ്കിലും വിജയം കണികാണാന്‍ ഇറങ്ങിയ കേരളം, ഫീല്‍ഡിങ് തെരഞ്ഞെടുത്തതിനെ ശരിവെക്കുന്ന വിധത്തിലായിരുന്നു കേരള ബൗളര്‍മാരുടെ കരുതലോടെയുള്ള പന്തേറ്. മൂന്നാമത്തെ ഓവറില്‍ തന്നെ വിക്കറ്റ് നേട്ടം കൊയ്ത് സന്ദീപ് വാര്യര്‍, രോഹന്‍ പ്രേമിന്‍െറ തീരുമാനം ശരിവെച്ചപ്പോള്‍ അടുത്തടുത്ത ഓവറുകളില്‍ സ്കോര്‍ബോര്‍ഡിനെ നിശ്ചലമാക്കി രണ്ടു വിക്കറ്റുകള്‍ കൊയ്ത് വിനോദ് കുമാറും മികച്ച രീതിയില്‍ പന്തെറിഞ്ഞു.
ക്രീസില്‍ നിലയുറപ്പിക്കുംമുമ്പ് രോഹില്ലയെ വിക്കറ്റുകള്‍ക്കു മുന്നില്‍ കുരുക്കി മൂന്നാമത്തെ ഓവറില്‍ സന്ദീപ് വാര്യര്‍ ആദ്യവിക്കറ്റ് വീഴ്ത്തിയപ്പോള്‍ 20ാമത്തെ ഓവറില്‍ ചൈതന്യ വിഷ്ണോയിയെയും 22ാം ഓവറില്‍ നിധിന്‍ സൈനിയെയും മടക്കിയയച്ചാണ് വിനോദ് കുമാര്‍ മികവ് കാട്ടിയത്.
നാലു മത്സരങ്ങളില്‍ 15 പോയന്‍റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് ഹരിയാന. പത്ത് ടീമുകളുള്ള ഗ്രൂപ്പില്‍ ഒമ്പതു പോയന്‍റുള്ള കേരളം എട്ടാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.