കല്‍പറ്റ: വയനാടിന്‍െറ പച്ചപ്പില്‍ രഞ്ജി ക്രിക്കറ്റിന്‍െറ പോരാട്ടവേദി ഉണരുന്നു. കൃഷ്ണഗിരി സ്റ്റേഡിയത്തിലെ പുല്‍പ്പരപ്പില്‍ കരുത്തരായ ഝാര്‍ഖണ്ഡും വിദര്‍ഭയും വ്യാഴാഴ്ച കൊമ്പുകോര്‍ക്കാനിറങ്ങുന്നതോടെ സീസണില്‍ വയനാട്ടിലെ ആദ്യ രഞ്ജി മത്സരത്തിന് തുടക്കമാവും. സ്വന്തം ടീമുകള്‍ക്ക് ജയിക്കാന്‍ പിച്ച് നിര്‍മാണത്തില്‍ കുതന്ത്രങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നതടക്കമുള്ള കാരണങ്ങളാല്‍, ഈ സീസണ്‍ മുതല്‍ നിഷ്പക്ഷ വേദികളില്‍ രഞ്ജിക്ക് അരങ്ങൊരുക്കാനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണ് കൃഷ്ണഗിരിയില്‍ ഇതരസംസ്ഥാന ടീമുകള്‍ പാഡുകെട്ടിയിറങ്ങുന്നത്. ഗ്രൂപ് ‘ബി’യില്‍ ആവേശകരമായ മത്സരത്തിനാകും കൃഷ്ണഗിരി സാക്ഷിയാവുക. കടലാസില്‍ ഇരുനിരയും ഒപ്പത്തിനൊപ്പമാണ്. മുന്‍ ഇന്ത്യന്‍ താരം സൗരഭ് തിവാരിയുടെ നായകത്വത്തിലാണ് ഝാര്‍ഖണ്ഡിന്‍െറ പടയൊരുക്കം.
പരിക്കു കാരണം വരുണ്‍ ആരോണ്‍ വിട്ടുനിന്നതോടെയാണ് തിവാരി ടീമിനെ നയിക്കുന്നത്. ഒരു ഏകദിനത്തില്‍ ഇന്ത്യക്കു കളിച്ച ഫൈസ് ഫസലിന്‍െറ ക്യാപ്റ്റന്‍സിയിലാണ് വിദര്‍ഭ കളത്തിലിറങ്ങുന്നത്. മൂന്നു കളിയില്‍ 13 പോയന്‍റുള്ള ഝാര്‍ഖണ്ഡ്, ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തും രണ്ടു കളിയില്‍ ആറു പോയന്‍റുമായി വിദര്‍ഭ ഏഴാം സ്ഥാനത്തുമാണ്. മത്സരത്തിനുവേണ്ടി സ്പോര്‍ട്ടിങ് വിക്കറ്റാണ് ഒരുക്കിയിട്ടുള്ളത്. മഞ്ഞുവീഴ്ചയുള്ളതിനാല്‍ രാവിലത്തെ സെഷനില്‍ പേസ്ബൗളര്‍മാര്‍ക്ക് സഹായംലഭിക്കുന്ന പിച്ചില്‍ പിന്നീട് ബാറ്റിങ് എളുപ്പമാവും. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഇരു ടീമും സ്റ്റേഡിയത്തിലത്തെി പരിശീലനം നടത്തിയിരുന്നു. മുന്‍ ചാമ്പ്യന്മാരായ രാജസ്ഥാനെ 42 റണ്‍സിന് തോല്‍പിച്ച ആവേശവുമായാണ് ഝാര്‍ഖണ്ഡ് കൃഷ്ണഗിരിയിലിറങ്ങുന്നത്. ബറോഡയില്‍ നടന്ന മത്സരത്തിന്‍െറ ഒന്നാം ഇന്നിങ്സില്‍ 207 റണ്‍സിന് പുറത്തായ ഝാര്‍ഖണ്ഡിനുവേണ്ടി രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ ഇശാങ്ക് ജഗ്ഗിയായിരുന്നു വിജയശില്‍പി. അഞ്ചു വിക്കറ്റെടുത്ത് ഷഹബാസ് നദീമും കരുത്തുകാട്ടി.
വിദര്‍ഭക്കെതിരെ ബാറ്റിങ്ങില്‍ കുറേക്കൂടി മെച്ചപ്പെട്ട പ്രകടനമാണ് ഝാര്‍ഖണ്ഡ് ലക്ഷ്യമിടുന്നത്. പരിചയസമ്പന്നരായ ബാറ്റ്സ്്മാന്മാരുടെ മികവില്‍ മികച്ച സ്കോര്‍ പടുത്തുയര്‍ത്താന്‍ കഴിയുന്ന വിദര്‍ഭക്കെതിരെ ബൗളിങ്ങിലും ഝാര്‍ഖണ്ഡ് കൂടുതര്‍ മൂര്‍ച്ച കാട്ടേണ്ടിവരും.
തിരുവനന്തപുരത്തു നടന്ന കഴിഞ്ഞ മത്സരത്തില്‍ അസമിനെതിരെ സമനിലയിലായ മത്സരത്തില്‍ ഒന്നാം ഇന്നിങ്സ് ലീഡിന്‍െറ ബലത്തില്‍ മൂന്നു പോയന്‍റു നേടിയാണ് വിദര്‍ഭ ടീം വയനാട്ടിലത്തെിയത്. തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ ഒന്നാം ഇന്നിങ്സില്‍ 416 റണ്‍സെടുത്ത വിദര്‍ഭക്കുവേണ്ടി ഗണേഷ് സതീഷ് സെഞ്ച്വറിയും സഞ്ജയ് രാമസ്വാമി, രവി ജങ്കിദ്, ആദിത്യ സര്‍വാതെ, ജിതേഷ് ശര്‍മ എന്നിവര്‍ അര്‍ധശതകവും നേടിയിരുന്നു. അഞ്ചു വിക്കറ്റെടുത്ത് സര്‍വാതെ ബൗളിങ്ങിലും കേമനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.